| Thursday, 18th April 2019, 2:11 pm

വാര്‍ത്താസമ്മേളനത്തിനിടെ ബി.ജെ.പി എം.പി നരസിംഹ റാവുവിനെതിരേ ചെരിപ്പേറ്; മോദിസര്‍ക്കാരിലെ അസംതൃപ്തി പ്രകോപനം- വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി എം.പിയും പാര്‍ട്ടി ദേശീയ വക്താവുമായ ജി.വി.എല്‍ നരസിംഹ റാവുവിനെതിരേ വാര്‍ത്താസമ്മേളനത്തിനിടെ ചെരിപ്പേറ്. ദല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്തുനടന്ന വാര്‍ത്താസമ്മേളനത്തിനിടെയാണ് ഒരു ഡോക്ടര്‍ ചെരിപ്പെറിഞ്ഞത്. മോദിസര്‍ക്കാരിലുള്ള അസംതൃപ്തിയാണ് ഇയാളെ ഇതിനു പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ ചോദ്യംചെയ്യലില്‍ വ്യക്തമായത്.

ചെരിപ്പെറിഞ്ഞ ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ സ്വദേശിയായ ഡോ. ശക്തി ഭാര്‍ഗവയെ പാര്‍ട്ടി ആസ്ഥാനത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി പൊലീസിലേല്പിച്ചു.

സംഭവം നടന്ന സമയം ബി.ജെ.പി നേതാക്കളായ ഭൂപേന്ദ്ര യാദവും റാവുവും മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു. സാധ്വി പ്രജ്ഞാ സിങ് താക്കൂറടക്കമുള്ള ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കെതിരേ വ്യാജക്കേസുകള്‍ ആരോപിച്ച് കോണ്‍ഗ്രസ് ഹിന്ദുക്കളെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നുള്ള ആരോപണം അവര്‍ ഉന്നയിക്കുന്നതിനിടെയാണ് റാവുവിനെതിരേ ചെരിപ്പേറുണ്ടായത്.

കോണ്‍ഗ്രസിന്റെ നിര്‍ദേശപ്രകാരമാണ് അയാള്‍ ചെരിപ്പെറിഞ്ഞതെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാല്‍ ബി.ജെ.പി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളുടെ ഇരയായ വ്യക്തിയാണ് ചെരിപ്പെറിഞ്ഞതെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ് റാവു.

We use cookies to give you the best possible experience. Learn more