| Wednesday, 26th June 2019, 11:49 am

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മരിച്ചുകിടക്കുന്ന അച്ഛനും മകളും; കുടിയേറ്റക്കാരുടെ ദുരിതം തുറന്നുകാട്ടുന്ന ഒരു ചിത്രം കൂടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോക മനസാക്ഷിയെ ഞെട്ടിച്ച് അമേരിക്കയിലേക്കുള്ള ജീവന്‍ പണയംവെച്ചുള്ള യാത്രയ്ക്കിടെ പാതിവഴിയില്‍ ജീവന്‍ നഷ്ടപ്പെട്ട അച്ഛന്റെയും മകളുടെ ചിത്രം. മെക്‌സിക്കന്‍ അതിര്‍ത്തുടെ ഭാഗമായ റിയോ ഗ്രാന്റെ നദിക്കരയിലാണ് ഇവരുടെ മൃതദേഹം കണ്ടത്.

2015ല്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായ സിറിയന്‍ ബാലന്‍ ഐലന്‍ കുര്‍ദിയുടേതിനു സമാനമായിരുന്നു ഈ അച്ഛന്റെയും മകളുടെയും ചിത്രം. മുഖം കമഴ്ന്ന് അച്ഛന്റെ വസ്ത്രത്തിനുള്ളില്‍ അദ്ദേഹത്തെ ചേര്‍ത്തുപിടിച്ച് കിടന്ന നിലയിലാണ് കുട്ടി.

സാല്‍വദോറില്‍ നിന്നും യു.എസിലേക്ക് കുടിയേറാന്‍ ശ്രമിച്ചവരാണിവരെന്നാണ് റിപ്പോര്‍ട്ട്. 23 മാസം പ്രായമായ കുട്ടിയുടെ കൈകള്‍ അച്ഛന്റെ കഴുത്തിനെ ചുറ്റിയ നിലയിലായിരുന്നു.

ഐലന്‍ കുര്‍ദിയുടെ ചിത്രത്തോട് താരതമ്യം ചെയ്താണ് മെക്‌സിന്‍ പത്രങ്ങള്‍ ഈ വാര്‍ത്ത നല്‍കിയത്.

ഞായറാഴ്ചയാണ് ഇവര്‍ മെക്‌സിക്കോയിലെ മാടമോറോസിലെത്തിയതെന്നാണ് ലാ ജോര്‍നാഡ പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ജൂലിയ ലെ ഡക് പറയുന്നത്. ആലര്‍ബര്‍ട്ടോ മാര്‍ട്ടിനസ് റാമിറസും മകള്‍ വലേറിയയും ഭാര്യ വനേസ അവലോസുമാണ് യു.എസില്‍ അഭയം തേടാമെന്ന പ്രതീക്ഷയില്‍ യാത്ര തിരിച്ചത്.

അഭയം തേടേണ്ട നടപടി ക്രമങ്ങള്‍ വൈകുമെന്ന് അറിഞ്ഞതോടെ മാര്‍ട്ടിനസ് നീന്താന്‍ തീരുമാനിക്കുകയായിരുന്നെന്ന് അവലോസ് പൊലീസിനോട് പറഞ്ഞതായി ഡെ ലക് പറയുന്നു.

‘ അദ്ദേഹം ചെറിയ കുട്ടിയുമായി നീന്തി അവളെ അമേരിക്കയുടെ ഭാഗത്ത് എത്തിച്ചു. തിരിച്ച് ഭാര്യയെ കൊണ്ടുപോകാനായി എത്തി. എന്നാല്‍ മകളും അദ്ദേഹത്തിന്റെ പിന്നാലെ തിരിച്ചു. മകളെ രക്ഷിക്കാനായി അദ്ദേഹം പോയപ്പോള്‍ ഇരുവര്‍ക്കും ഷോക്കടിച്ചു.’ എന്നാണ് ലെ ഡക് പറഞ്ഞതെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

We use cookies to give you the best possible experience. Learn more