| Wednesday, 28th June 2023, 11:57 am

ഞെട്ടിപ്പിക്കുന്ന സംഭവം; സാധ്യമാകുന്ന എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും; വര്‍ക്കലയില്‍ കൊല്ലപ്പെട്ട രാജുവിന്റെ വീട് സന്ദര്‍ശിച്ച് ശിവന്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വര്‍ക്കല: വര്‍ക്കലയില്‍ മകളുടെ വിവാഹത്തലേന്ന് പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സ്വീകരിക്കാന്‍ പറ്റുന്ന എല്ലാ നിയമനടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് കൊല്ലപ്പെട്ട രാജുവിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് മടങ്ങവേ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘മനുഷ്യനെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള സംഭവ വികാസങ്ങളാണ് വര്‍ക്കലയിലുണ്ടായിരിക്കുന്നത്. ഇന്ന് കല്യാണം നടക്കേണ്ട ദിവസമാണ്. ഇന്നലെ അര്‍ധരാത്രിയോട് കൂടിയാണ് ഒരു കൂട്ടം കാപാലികര്‍ വന്ന് പൈശാചികമായി പെണ്‍കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തുന്നത്. നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

എന്തൊക്കെ നിയമനടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുമോ അതെല്ലാം സര്‍ക്കാര്‍ സ്വീകരിക്കും. മരിച്ച പിതാവിനും അവരുടെ കുടുംബത്തോടൊപ്പവുമാണ് ഈ സര്‍ക്കാര്‍. അവര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്യും,’ അദ്ദേഹം പറഞ്ഞു.

ലഹരി ഉപയോഗവും സോഷ്യല്‍ മീഡിയയിലൂടെ ആളുകളെ വഴിതിരിച്ച് വിടുന്ന പ്രവണതയും സമൂഹത്തില്‍ കൂടി വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും സര്‍ക്കാര്‍ അതിന് തയ്യാറാണെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

‘ലഹരിയുടെ ഉപയോഗവും സമൂഹ്യ മാധ്യമങ്ങളിലൂടെ ആളുകളെ വഴിതിരിച്ച് വിടുന്ന കാര്യങ്ങളും നടക്കുന്നുണ്ട്.

ഉദാഹരണത്തിന് തൊപ്പി എന്ന് പറയുന്ന സാമൂഹ്യ വിരുദ്ധന്‍ സോഷ്യല്‍ മീഡിയ വഴി എല്‍.പി, യു.പി. സുകൂള്‍ കുട്ടികളെയാണ് വഴിതെറ്റിച്ച് വിടുന്നത്. അവരെ ന്യായീകരിക്കാനും സംരക്ഷിക്കാനും സമൂഹത്തില്‍ ഒരു കൂട്ടം ആളുകള്‍ ഇറങ്ങിയിട്ടുണ്ട്.

എല്‍.പി, യു.പി. സ്‌കൂളുകളിലെ അധ്യാപകര്‍ നിരന്തരമായി കത്തെഴുതുകയാണ്. നേരത്തെ ഞാന്‍ പറഞ്ഞ സാമൂഹ്യ വിരുദ്ധന്റെ വായില്‍ നിന്ന് വരുന്നത് മുഴുവനും തെറിയും ജനാധിപത്യ വിരുദ്ധവുമായ കാര്യങ്ങളാണ്.

ഇത്തരം ആളുകളെ സമൂഹം ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ട്. എത്ര ലാഘവത്തോടെയാണ് ഒരു കൊലപാതകം നടന്നിരിക്കുന്നത്. ഒരു കുട്ടിയുടെ കല്യാണം നടക്കേണ്ടതാണ്. ആ കുട്ടിയെ കണ്ടു. അവരുടെ അമ്മയെ കണ്ടു. വല്ലാത്ത അവസ്ഥയാണ് നമുക്ക് കാണാന്‍ കഴിയുന്നത്.

ലഹരിയുടെ പ്രശ്‌നമുണ്ട്. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ കര്‍ശന നിലപാട് സ്വീകരിച്ച് കൊണ്ടിരിക്കുകയാണ്. എന്നാലും വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

ഇത്തരം കാര്യങ്ങള്‍ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി ഒന്നിച്ച് ഇറങ്ങേണ്ട സമയമായി. മാധ്യമസ്വാതന്ത്ര്യത്തിന്റെ പേരില്‍ ആരൊക്കെ എന്തൊക്കെ രൂപത്തിലിറങ്ങിയാലും ഇത്തരം കാര്യങ്ങള്‍ക്കെതിരെ സമുഹം ഒറ്റക്കെട്ടായി ഇറങ്ങേണ്ട സമയമായി. സര്‍ക്കാര്‍ അതിന് തയ്യാറാണ്. നാട്ടുകാരും, മാധ്യമങ്ങളും ഒറ്റക്കെട്ടായി നില്‍ക്കണം,’ ശിവന്‍കുട്ടി പറഞ്ഞു.

അര്‍ധരാത്രി 12.30 ഓട് കൂടിയാണ് വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയില്‍ രാജുവിനെയാണ് വിവാഹപ്പന്തലില്‍ വെട്ടി കൊലപ്പെടുത്തിയത്. മകളായ ശ്രീലക്ഷ്മിയുടെ വിവാഹം ഇന്ന് നടക്കാനിരിക്കെയാണ ദാരുണ സംഭവം.

പെണ്‍കുട്ടിയുടെ സുഹൃത്താണെന്ന് പൊലീസ് പറയപ്പെടുന്ന ജിഷ്ണു, സഹോദരന്‍ ജിജിന്‍ എന്നിവരുള്‍പ്പെട്ട നാലംഗ സംഘമാണ് രാജുവിനെ കൊലപ്പെടുത്തിയത്. ഇവര്‍ സമീപവാസികളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ന് വര്‍ക്കല ശിവഗിരിയില്‍ വെച്ച് മകളായ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് അര്‍ധരാത്രി പിതാവിന്റെ കൊലപാതകം നടക്കുന്നത്.

ജിഷ്ണു സഹോദരനും സുഹൃത്തുക്കളോടുമൊപ്പം രാജുവിന്റെ വീട്ടിലെത്തുകയും വഴക്കുണ്ടാക്കുകയുമായിരുന്നു. ഇതിനിടയില്‍ ജിജിന്‍ മണ്‍വെട്ടി കൊണ്ട് അടിക്കുകയും കത്തി ഉപയോഗിച്ച് വെട്ടുകയും ചെയ്യുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് രാജു മരണപ്പെടുകയായിരുന്നു. സ്ത്രീകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയിരുന്നു. വിവരം അറിഞ്ഞയുടന്‍ പൊലീസ് സംഭവ സ്ഥലത്തെത്തുകയും
ജിഷ്ണു, ജിജിന്‍, ശ്യാം, മനു എന്നീ നാല് പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

CONTENT HIGHLIGHTS: shocking event; The government will take all possible steps; Sivankutty visited the house of Raju who was killed in Varkala

We use cookies to give you the best possible experience. Learn more