പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച ഇംഗ്ലീഷ് ശാസ്ത്രജ്ഞനായിരുന്ന ജെ.ബി.എസ് ഹാല്‍ഡ്‌നേ ഒരിക്കല്‍ പറഞ്ഞു, “യാഥാര്‍ത്ഥ്യം നമ്മള്‍ ഊഹിക്കുന്ന അത്ര അപരിചതമായിരിക്കില്ല, പക്ഷേ, നമുക്ക് ഊഹിക്കാന്‍ കഴിയുന്നതിലും അപരിചതമായിരിക്കും.”[]
പശ്ചിമഘട്ടത്തെ കുറിച്ച് താങ്കള്‍ ഇങ്ങനെയൊരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. യാഥാര്‍ത്ഥ്യങ്ങള്‍ നമുക്ക് ഊഹിക്കാന്‍ കഴിയുന്നതിലും അപ്പുറത്തുള്ളതായിരിക്കുമല്ലോ!
പശ്ചിമഘട്ടത്തെ കുറിച്ച് ഞങ്ങള്‍ പരിസ്ഥിതി വനം മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിരവധി ചര്‍ച്ചകള്‍ക്കും സ്ഥല സന്ദര്‍ശനങ്ങള്‍ക്കും ശേഷമുളളതായിരുന്നു. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലകളെ തരം തിരിച്ച് സംരക്ഷിക്കാനുള്ള നിര്‍ദേശങ്ങളാണ് ഞങ്ങള്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
പക്ഷേ, താങ്കള്‍ ഇത് അപ്പാടെ തള്ളിക്കളഞ്ഞ് ഇതിന് പകരം പശ്ചിമഘട്ടത്തിന്റെ മൂന്നിലൊരു ഭാഗം സ്വാഭാവിക മേഖലയെന്നും മൂന്നില്‍ രണ്ട് ഭാഗം ജനവാസ മേഖല(കള്‍ച്ചറല്‍ ലാന്റ്‌സ്‌കേപ്) എന്നും തിരിച്ച് തുറന്ന വികസനത്തിന് വേണ്ടി വിട്ടുകൊടുത്തിരിക്കുകയാണ്. ഗോവയില്‍ 35000 കോടിയുടെ അനധികൃത ഖനനം നടന്നത് ഇങ്ങനെ വികസനത്തിന് കണ്ണടച്ച് സ്വീകരിച്ചത് കൊണ്ടാണ്.
[]പശ്ചിമഘട്ടത്തെ ഒരു മരുഭൂമിയാക്കി ഇടയ്ക്ക് ഒരു മരുപ്പച്ചയുണ്ടാക്കുന്നത് പോലെയാണിത്. ഇത്തരം തുണ്ടുതുണ്ടായുള്ള വിഭജനം പതുക്കെ എന്നാല്‍ വിദൂരമല്ലാത്ത കാലത്ത് നമ്മുടെ പശ്ചിമഘട്ടത്തെ ഒരു മരുഭൂമിയാക്കി മാറ്റുമെന്ന് ഉറപ്പാണ്. ഇത് തടയാനുള്ള ഏക മാര്‍ഗം പരിസ്ഥിതി സൗഹാര്‍ദ്ദ രീതിയില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലേക്കുള്ള പരിപാലനം പാരിസ്ഥികമായി സമ്പന്ന മേഖലകളില്‍ ഇപ്പോഴേ നടപ്പിലാക്കുക എന്നതാണ്. ഇതാണ് ഞങ്ങള്‍ മുന്നോട്ട് വെച്ചതും.
വന ജൈവവൈവിധ്യത്തേക്കാള്‍ ഭീഷണി നേരിടുന്നത് ജല ജൈവവൈവിധ്യമാണ്. ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് ജല ജൈവവൈവിധ്യം മറ്റെന്ത് പോലെത്തന്നെയും പ്രധാനപ്പെട്ടതാണ്.
അതിനാലാണ് ഞങ്ങള്‍ മഹാരാഷ്ട്രയിലെ രത്‌നഗിരിയിലുള്ള ലോട്ട് കെമിക്കല്‍ ഇന്‍ഡസ്ട്രി കോംപ്ലക്‌സിനെ കുറിച്ചുള്ള വിശദമായ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിയമത്തിന്റെ എല്ലാ സീമകളും ലംഘിച്ച് മലിനീകരണമുണ്ടാക്കിയത് മൂലം മത്സ്യസമ്പത്തിനെ തകര്‍ത്തുതരിപ്പണമാക്കി. ഇത് മൂലം ജോലി നഷ്ടപ്പെട്ടത് 20,000 ഓളം മത്സ്യതൊഴിലാളികള്‍ക്കാണ്. 11,000 പേര്‍ മാത്രമാണ് ഇവിടെ വ്യാവസായ മേഖലകളില്‍ ജോലി ചെയ്യുന്നത്.
ഇപ്പോള്‍ സര്‍ക്കാര്‍ അവിടെ കൂടുതല്‍ വ്യാവസായിക കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.
താങ്കളുടെ റിപ്പോര്‍ട്ട് നമ്മുടെ നിയമം അനുശാസിക്കുന്ന ജനാധിപത്യ വ്യവസ്ഥയെ പൂര്‍ണമായും തള്ളിക്കളയുന്നതാണ്. താങ്കളുടെ റിപ്പോര്‍ട്ട് പ്രകാരം പ്രാദേശിക സമൂഹത്തിന് സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടാന്‍ യാതൊരു അവകാശവും ഇല്ലെന്നാണ് പറയുന്നത്.
നിങ്ങളുടെ റിപ്പോര്‍ട്ട് യാഥാര്‍ത്ഥ്യങ്ങളെ മൂടിവെച്ച് പുറംമോടി മാത്രം മിനുക്കി വെച്ചിരിക്കുകയാണ് ചെയ്യുന്നത്. ഇതില്‍ ആശ്ചര്യപ്പെടാനും ഒന്നുമില്ല. ഇതുതന്നെയാണ് സര്‍ക്കാരും രത്‌നഗിരിയിലെ അനധികൃത ഖനനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന സമീപനം. ഖനനത്തിനെതിരായി ജനങ്ങള്‍ നടത്തുന്ന സമാധാനപൂര്‍ണമായ സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. 2007-2009 കാലത്ത് നടന്ന സമരം ഏതാണ്ട് 600 ദിവസത്തോളം നീണ്ടുനിന്നിരുന്നു.
പൂനെയില്‍ ഞാന്‍ കുറച്ച് നാള്‍ താമസിച്ചിരുന്ന സ്ഥലത്ത് ധാരാളം പേര, അരയാല്‍, ഗുലാര്‍ മരങ്ങളുണ്ടായിരുന്നു. നിരവധി ജീവിവര്‍ഗങ്ങളും ഇവിടെ ഉണ്ടായിരുന്നു. ജീവിവര്‍ഗത്തിന്റെ ആവാസ വ്യവസ്ഥയ്ക്ക് മോഡേണ്‍ ഇക്കോളജി എത്രമാത്രം ഗുണകരമാകുന്നു എന്നതിന് തെളിവായിരുന്നു അവിടം. രാത്രികാലങ്ങളില്‍ ഞാന്‍ മയിലിന്റെ നൃത്തം കണ്ടിരുന്നു.
പ്രകൃതിയെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഇന്ത്യയുടെ സംസ്‌കാരം ഇന്നും പിന്തുടരുന്നവരുണ്ട്. അവര്‍ പ്രകൃതിയെ ആരാധിക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്യുന്നു.
ബ്രിട്ടീഷ് സാമ്രാജ്യത്വവാദിയായിരുന്ന ഫ്രാന്‍സിസ് ബച്ച്‌നനെയാണ് എനിക്ക് ഇപ്പോള്‍ ഓര്‍മവരുന്നത്. ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ നിന്ന് ഇന്ത്യയിലെ കാവുകള്‍ സംരക്ഷിക്കാനുള്ള ഇന്ത്യക്കാരുടെ തന്ത്രമാണ് അവരുടെ പരിശുദ്ധ വനഭക്തി എന്ന് 1801 ല്‍ ഫ്രാന്‍സിസ് ബച്ച്‌നനന്‍ പറഞ്ഞിരുന്നു.
ഇപ്പോള്‍ നമ്മള്‍ ബ്രിട്ടീഷുകാരേക്കാള്‍ വലിയ ബ്രിട്ടീഷുകാരായി രാജ്യത്തെ പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യാനുള്ള മറയായി പരിസ്ഥിത സൗഹാര്‍ദ്ദ പ്രവര്‍ത്തനങ്ങളെ ഉപയോഗിക്കുകയാണ്. താങ്കളുടെ റിപ്പോര്‍ട്ടും അത്തരത്തിലൊരു സമീപനം തന്നെയാണ് മുന്നോട്ട് വെക്കുന്നത്. യാഥാര്‍ത്ഥ്യം നമ്മള്‍ക്ക് ഊഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരിക്കും.
– മാധവ് ഗാഡ്ഗില്‍, ചെയര്‍മാന്‍,
പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സംഘം.