| Tuesday, 22nd October 2019, 8:30 pm

ഏത് ചിഹ്നത്തില്‍ അമര്‍ത്തിയാലും വോട്ട് ബി.ജെ.പിക്കു തന്നെ! മഹാരാഷ്ട്രയില്‍ വോട്ടിങ് മെഷീനില്‍ കൃത്രിമം കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ വോട്ടിങ് മെഷീനില്‍ വന്‍ തട്ടിപ്പെന്ന് റിപ്പോര്‍ട്ടുകള്‍. പോളിങ് സ്‌റ്റേഷനിലുള്ള ഇ.വി.എമ്മില്‍ ഏത് ചിഹ്നത്തില്‍ അമര്‍ത്തിയാലും വോട്ട് വീഴുന്നത് ബി.ജെ.പിക്കാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സത്താര പോളിങ് സ്‌റ്റേഷനിലാണ് ഇത്തരത്തില്‍ കൃത്രിമം നടന്നതായി കണ്ടെത്തിയതെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരും ഇക്കാര്യം ശരിവെച്ചിട്ടുണ്ട്. വോട്ടെടുപ്പ് നടന്ന ദിവസം രാവിലെ 11 മണിയോടെയായിരുന്നു സംഭവം പുറത്തറിയുന്നത്. അപ്പോഴേക്കും ഇരുന്നൂറിലധികം പേര്‍ വോട്ട് രേഖപ്പെടുത്തി പോയിരുന്നു.

വോട്ട് ചെയ്തതു മാറിപ്പോയെന്നു കാണിച്ച് കോറെഗാവ് മണ്ഡലത്തില്‍ നിന്നുള്ള വോട്ടര്‍മാര്‍ ഉദ്യോഗസ്ഥരെ സമീപിച്ചപ്പോഴാണ് അട്ടിമറി വെളിച്ചത്തുവരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തുടര്‍ന്ന് വിവിപാറ്റ് പരിശോധിച്ചപ്പോഴാണ് തങ്ങള്‍ ചെയ്തവര്‍ക്കല്ല, ബി.ജെ.പിക്കാണ് വോട്ട് ലഭിച്ചിരിക്കുന്നതെന്ന് വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞത്. സംഭവത്തില്‍ വോട്ടര്‍മാര്‍ പോളിങ് ബൂത്ത് ഓഫീസര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് വോട്ടര്‍മാര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് ഇടപെടുകയും ഉദ്യോഗസ്ഥര്‍ ഇ.വി.എം പരിശോധിക്കാന്‍ തയ്യാറാവുകയും ചെയ്തു. പരിശോധനയില്‍ ആരോപണം ശരിയെന്നു കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് പോളിങ് ബൂത്തിലെ മുഴുവന്‍ ഇ.വി.എമ്മുകളും മാറ്റി പുതിയ മെഷീനുകള്‍ സ്ഥാപിച്ചു. ഉദ്യോഗസ്ഥരുടെ അറിവോടുകൂടിയാണ് അട്ടിമറി നടന്നതെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്‍.സി.പി എം.എല്‍.എയായിരുന്ന ഉദയന്‍രാജെ ഭോസലെ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതോടെയാണ് സത്താരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

അതിനിടെ ചന്ദ്രാപുരില്‍ ഇ.വി.എം സ്വകാര്യ വാഹനത്തില്‍ കടത്തിയതിന് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ധനമന്ത്രി സുധീര്‍ മുംഗന്തിവാര്‍ മത്സരിക്കുന്ന ബല്ലാര്‍പുര്‍ മണ്ഡലത്തിലെ ദുര്‍ഗാപുര്‍ മേഖലയിലാണു സംഭവം നടന്നത്.

വോട്ടിങ്ങിന് ഉപയോഗിക്കാത്ത മെഷീനുകളാണ് കടത്തിയതെന്നാണു ജില്ലാ കളക്ടറുടെ വിശദീകരണം.

We use cookies to give you the best possible experience. Learn more