മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ യു.എ.പി.എക്കെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ്; ഭൂരിപക്ഷം നടത്തുന്ന ആക്രമണങ്ങളെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കമെന്ന് വിമര്‍ശനം
” വര്‍ഗീയ കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന സ്വതന്ത്ര അന്വേഷണ കമ്മീഷന്റെ ഭാഗമായി ത്രിപുര സന്ദര്‍ശിച്ച അഭിഭാഷകര്‍ക്കെതിരെ പൊലീസ് യു.എ.പി.എ ചുമത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ നടപടി ഉണ്ടായിരിക്കുന്നത്. ത്രിപുര കത്തുന്നു എന്ന് ട്വീറ്റ് ചെയ്തതിനാണ് തനിക്കെതിരെ യു.എ.പി.എ ചുമത്തിയതെന്ന് മാധ്യമപ്രവര്‍ത്തകനായ ശ്യാം മീരാ പ്രസാദ് ആരോപിക്കുന്നു. വര്‍ഗീയ കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെതിരേയും പ്രതിഷേധിക്കുന്നതിനെതിരേയും ഇത്തരം കഠിനമായ നിയമം ചുമത്തുന്ന പ്രവണത അസ്വസ്ഥതയുണ്ടാക്കുന്നതാണ്,” എഡിറ്റേഴ്‌സ് ഗില്‍ഡ് വ്യക്തമാക്കി.
ഭൂരിപക്ഷം നടത്തുന്ന ആക്രമണങ്ങള്‍ തടയാന്‍ സാധിക്കാത്ത പിടിപ്പുകേട് മറയ്ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് ഇത്തരത്തിലുള്ള നടപടികളെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പറഞ്ഞു.
ത്രിപുരയിലെ വര്‍ഗീയ സംഘര്‍ഷത്തിന് പിന്നാലെ, കഴിഞ്ഞ ദിവസം 102 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ പൊലീസ് യു.എ.പി.എ ചുമത്തിയിരുന്നു.
അധിക്ഷേപകരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നെന്ന് കണ്ടെത്തിയതിനാല്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയ്ക്ക് ത്രിപുര പൊലീസ് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.
ത്രിപുര പൊലീസ് ഈ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ രജിസ്ട്രേഷന്‍ വിശദാംശങ്ങള്‍, ബ്രൗസിംഗ് വിശദാംശങ്ങള്‍, അവര്‍ ലോഗിന്‍ ചെയ്ത ഐ.പി വിലാസങ്ങളുടെ പട്ടിക, ഈ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട മൊബൈല്‍ നമ്പറുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശങ്ങളും തേടിയിട്ടുണ്ട്.
വെസ്റ്റ് അഗര്‍ത്തല പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് നമ്പര്‍ 181 പ്രകാരം 68 ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കും 32 ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കും രണ്ട് യൂട്യൂബ് അക്കൗണ്ടുകള്‍ക്കുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ ആക്രമണം നടത്തുന്നെന്ന് ആരോപിച്ച് വടക്കന്‍ ത്രിപുരയില്‍ വിശ്വഹിന്ദു പരിഷത്ത് നടത്തിയ റാലിയില്‍ പള്ളികള്‍ തകര്‍ക്കുകയും കടകള്‍ കത്തിക്കുകയും ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം ഉണ്ടാകുന്നത്.