അമല്‍ നീരദ് ചിത്രം ബിഗ് ബിയില്‍ ഡബ്ബ് ചെയ്തത് തനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് ഡബ്ബിങ് ആര്‍ടിസ്റ്റും നടനുമായ ഷോബി തിലകന്‍. വില്ലനായ സായിപ്പ് ടോണിക്കായി ഫ്‌ളാറ്റായി ഡബ്ബ് ചെയ്യണമെന്നാണ് അമല്‍ നീരദ് തന്നോട് പറഞ്ഞിരുന്നതെന്നും അങ്ങനെ സംസാരിക്കാന്‍ നല്ല ബുദ്ധിമുട്ടാണെന്നും ഷോബി തിലകന്‍ പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബിഗ് ബി എന്ന സിനിമയില്‍ സായിപ്പ് ടോണിക്ക് വേണ്ടി ശബ്ദം കൊടുത്തത് സത്യം പറഞ്ഞാല്‍ എനിക്ക് ഇഷ്ടപ്പെട്ടില്ല. പക്ഷേ അവിടെ അമല്‍ നീരദ് എന്ന് പറഞ്ഞ സംവിധായകന്റെ ഒരു നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നു. ചേട്ടാ എനിക്ക് ഇങ്ങനെയാണ് വേണ്ടത്, ഇതാണ് വേണ്ടത് എന്ന് പറയും.
സാധാരണ ഡബ്ബിങ് ആര്‍ടിസ്റ്റിനെ വിളിക്കുന്നത് നന്നായി മോഡുലേറ്റ് ചെയ്ത് ഡബ്ബ് ചെയ്യാന്‍ വേണ്ടിയാണ്. അഭിനയിച്ചിരിക്കുന്ന ആള്‍ കുറച്ച് ഡൗണായി പോയിട്ടുണ്ടെങ്കില്‍ അത് നമ്മള്‍ മോഡുലേറ്റ് ചെയ്ത് കുറച്ചൊന്ന് നന്നാക്കും.
പക്ഷേ ഞാന്‍ ബിഗ് ബിക്ക് ഡബ്ബ് ചെയ്യാന്‍ ചെല്ലുമ്പോള്‍ എന്നോട് പറയുന്നത് ചേട്ടാ മോഡുലേഷന്‍ വേണ്ട, ഫ്‌ളാറ്റായി ചെയ്താല്‍ മതി എന്നാണ്. സാധാരണ ഡബ്ബ് ചെയ്യുമ്പോള്‍ അയ്യോ അത് ഫ്‌ളാറ്റായി പോയി, ഒന്ന് മോഡുലേറ്റ് ചെയ്യുമോ എന്നാണ് പറയാറുള്ളത്. ഇതില്‍ ഫ്‌ളാറ്റ് മതി, മോഡുലേഷന്‍ വേണ്ട.
അങ്ങനെ സംസാരിക്കാന്‍ നല്ല ബുദ്ധിമുട്ടാണ്. അതില്‍ വിജയരാഘവനെ സായിപ്പ് ടോണി പിടലിക്ക് പിടിച്ച് വീപ്പയുടെ മുകളില്‍ വെക്കുന്ന ഒരു രംഗമുണ്ട്. അയാള്‍ക്ക് മലയാളം അറിയില്ല. വണ്‍, ടൂ, ത്രീ, ഫോര്‍, ഫൈവ് എന്നാണ് പുള്ളി പറയുന്നത്. അവിടെ ഞാന്‍ മലയാളം ഡയലോഗാണ് പറയേണ്ടത്. അതും ഫ്‌ളാറ്റായി പറയണം.
അദ്ദേഹം ആ രംഗത്തില്‍ പൊട്ടിത്തെറിച്ചാണ് സംസാരിക്കുന്നത്. ഞാന്‍ അത് മലയാളത്തില്‍ ഡബ്ബ് ചെയ്യണം, അതും ഫ്‌ളാറ്റായി. എന്റെ കഥാപാത്രത്തിന് ഇതാണ് വേണ്ടതെന്ന് സംവിധായകന്റെ മനസിലുണ്ട്. അങ്ങനെയുള്ള കുറേ സിനിമകളുണ്ട്,’ ഷോബി തിലകന്‍ പറഞ്ഞു.
Content Highlight: shoby thilakan talks about dubbing for big b