വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് കെ.ജി.എഫ് സ്റ്റൈലില്‍ ഡബ്ബ് ചെയ്യണമെന്ന് പറഞ്ഞു, അവര്‍ക്ക് അത് തന്നെ വേണമായിരുന്നു: ഷോബി തിലകന്‍
Film News
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് കെ.ജി.എഫ് സ്റ്റൈലില്‍ ഡബ്ബ് ചെയ്യണമെന്ന് പറഞ്ഞു, അവര്‍ക്ക് അത് തന്നെ വേണമായിരുന്നു: ഷോബി തിലകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 27th March 2022, 5:13 pm

പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജ്യത്ത് കന്നഡ സിനിമ ഇന്‍ഡസ്ട്രിക്ക് ഒരു മേല്‍വിലാസം ഉണ്ടാക്കികൊടുത്ത സിനിമയാണ് കെ.ജി.എഫ്. ഒറ്റ സിനിമ കൊണ്ട് യഷ് എന്ന നടന്റെ താരമൂല്യം പതിന്മടങ്ങ് വര്‍ധിക്കുകയായിരുന്നു.

അപ്രതീക്ഷിതമായിട്ടായിരുന്നു കെ.ജി.എഫിന്റെ വിജയം സംഭവിച്ചത്. നാല് വര്‍ഷത്തിനിപ്പുറം ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുമ്പോള്‍ അക്ഷമയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

ഒന്നാം ഭാഗത്തിലെ അവിഭാജ്യ ഘടകമായിരുന്നു ആനന്ദ് എന്ന കഥാപാത്രത്തിന്റെ നരേഷന്‍. മലയാളത്തില്‍ നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഷോബി തിലകനായിരുന്നു ഈ കഥാപാത്രത്തിനായി ശബ്ദം നല്‍കിയത്. ഡബ്ബിംഗ് ചെയ്ത സമയത്തുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ഷോബി തിലകന്‍.

സീരിയല്‍ ഡബ്ബ് ചെയ്യാന്‍ പോയ ലാഘവത്തോടെയാണ് താന്‍ ഡബ്ബ് ചെയ്യാന്‍ പോയതെന്നും എന്നാല്‍ പടം കേറി ഹിറ്റായെന്നും ഷോബി പറയുന്നു. അതിനു ശേഷം അതേ രീതിയില്‍ തന്നെ ഡബ്ബ് ചെയ്തു തരണമെന്ന് ആവശ്യപ്പെട്ട് രണ്ട് സിനിമക്കാര്‍ വന്നെന്നും ഷോബി പറയുന്നു.

ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം രസകരമായി അനുഭവങ്ങള്‍ പങ്കുവെച്ചത്.

‘ഒരു സീരിയല്‍ ചെയ്യുന്ന ലാഘവത്തോടെ ചെയ്ത പടമാണ് കെ.ജി.എഫ്. തിരുവനന്തപുരത്ത് സാധാരണ സീരിയല്‍ ചെയ്യാന്‍ പോകുന്ന പോലെ പോയി ചെയ്തു. ആനന്ത നാഗന് വേണ്ടിയാണ് ഡബ്ബ് ചെയ്യേണ്ടതെന്ന് എന്നോട് പറഞ്ഞു. കുറച്ച് പ്രായമുള്ള ആളാണ്. അതില്‍ നരേറ്റ് ചെയ്യുവാണല്ലോ. ഞാനങ്ങ് ചെയ്തിട്ട് പോന്നു. പടം കേറി ഹിറ്റായി. അതു കണ്ട് എന്നെ പലരും വിളിച്ചു. കെ.ജി.എഫിന് വേണ്ടി ഞാന്‍ വേറെ ഒന്നും ചെയ്തിട്ടില്ല,’ ഷോബി പറഞ്ഞു.

‘അതു കഴിഞ്ഞ് രണ്ട് പടത്തിനാണ് എന്നെ വിളിച്ചത്. ഒരു കൂട്ടര് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന ഡോക്യൂഫിക്ഷന്റെ നരേഷന് വേണ്ടി വിളിച്ചു. കെ.ജി.എഫിന്റെ സ്റ്റൈലില്‍ വേണമെന്നാണ് പറഞ്ഞത്. അത് വേറെയാണെന്ന് ഞാന്‍ പറഞ്ഞു.

കെ.ജി.എഫിന്റെ ഡയലോഗ് ആ പടത്തിന്റെ കഥയുമായി ബന്ധപ്പെടുത്തിയാണ് എഴുതിയിരിക്കുന്നത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് പറയുന്ന ആ ഡോക്യുമെന്റിന് കെ.ജി.എഫിന്റെ സ്റ്റൈലില്‍ എങ്ങനെ പറയും. അതൊരു ഡോക്യുഫിക്ഷന്‍ പടമാണ്. കെ.ജി.എഫിന്റെ സ്റ്റൈലില്‍ ഡയലോഗ് എഴുതിയാല്‍ ഞാന്‍ ചെയ്യാമെന്ന് പറഞ്ഞു. അവസാനം കെ.ജി.എഫ് മലയാളത്തില്‍ എഴുതിയയാള്‍ടെ നമ്പര്‍ കൊടുത്തു. അവര്‍ അയാളെ വിളിച്ച് കുഞ്ഞഹമ്മദ് ഹാജിയുടെ സിനിമ കെ.ജി.എഫ് സ്റ്റൈലില്‍ എഴുതിച്ചു. എന്നിട്ട് ഞാന്‍ ഡബ്ബ് ചെയ്തു.

എന്നിട്ടും ഞാന്‍ ചോദിച്ചു. കെ.ജി.എഫ് ഒന്നു വന്നതല്ലേ, നമ്മള്‍ റിപ്പീറ്റ് ചെയ്യണോ?. ഞാന്‍ നോര്‍മലായും കെ.ജി.എഫ് സ്റ്റൈലിലും രണ്ട് രീതിയില്‍ ഡബ്ബ് ചെയ്ത് കൊടുത്തു. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് എടുത്തോളാന്‍ പറഞ്ഞു. ചേട്ടാ ഞങ്ങള്‍ കെ.ജി.എഫ് ഉദ്ദേശിച്ചാണ് വന്നത് ഞങ്ങള്‍ക്ക് അത് തന്നെ മതി എന്നാണ് അവര്‍ പറഞ്ഞത്. അങ്ങനെ അത് എടുത്തു. വേറൊരു പടവും ഇതുപോലെ കെ.ജി.എഫ് സ്റ്റൈലില്‍ ചെയ്തു,’ ഷോബി കൂട്ടിച്ചേര്‍ത്തു.

Content Highlight: shoby thilakan about the experiences after kgf dubbing