| Monday, 4th April 2022, 11:02 am

അച്ഛന് വേണ്ടി ഒരിക്കല്‍ ഡബ്ബ് ചെയ്തു, ഒടുവില്‍ അച്ഛന്‍ കണ്ടപ്പോള്‍ ഞാന്‍ വിറക്കുകയായിരുന്നു: ഷോബി തിലകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് തിലകന്‍. മലയാളത്തിലെ നിരവധി അച്ഛന്‍ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ തിലകന്‍ വില്ലന്‍ വേഷവും ഹാസ്യ വേഷങ്ങളുമുള്‍പ്പെടെ തന്റെ കഥാപാത്രങ്ങള്‍ അനായാസം ചെയ്തു ഫലിപ്പിച്ചിരുന്നു.

ഇദ്ദേഹത്തിന്റെ മക്കളായ ഷമ്മി തിലകനും ഷോബി തിലകനും സിനിമ മേഖലയില്‍ സജീവമാണ്. ഷോബി അഭിനയത്തോടൊപ്പം തന്നെ മലയാളത്തിലെ തിരക്കേറിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റു കൂടിയാണ്. മലയാളി താരങ്ങള്‍ക്കും അന്യഭാഷ താരങ്ങള്‍ക്കും ശബ്ദം നല്‍കിയ ഷോബി, തിലകന് വേണ്ടിയും ശബ്ദം നല്‍കിയിരുന്നു.

പെയ്‌തൊഴിയാതെ എന്ന സീരിയലിനായാണ് ഷോബി തിലകന് ഡബ്ബ് ചെയ്തത്. അച്ഛന്‍ അന്ന് ആശുപത്രിയിലായിരുന്നു എന്നും അച്ഛനൊപ്പം തന്നെയാണ് എപ്പിസോഡ് കണ്ടതെന്നും ഷോബി പറഞ്ഞു.

നീ ചെയ്തത് കൊള്ളാം എന്നൊന്നും അച്ഛന്‍ പറയില്ലെന്നും അത് വേണമെങ്കില്‍ നമ്മള്‍ പുള്ളിയുടെ നോട്ടത്തില്‍ നിന്നും മൂളലില്‍ നിന്നുമൊക്കെ ഊഹിച്ചോളണമെന്നും ഷോബി പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷോബി അച്ഛന് വേണ്ടി ഡബ്ബ് ചെയ്ത അനുഭവം പറഞ്ഞത്.

‘പെയ്തൊഴിയാതെ എന്ന സീരിയലിലാണ് ഞാന്‍ അച്ഛന് വേണ്ടി ഡബ്ബ് ചെയ്തത്. ഞാനും അച്ഛനും ഒന്നിച്ചിരുന്നാണ് ആ എപ്പിസോഡ് കാണുന്നത്. അച്ഛന്‍ അന്ന് ആശുപത്രിയില്‍ കിടക്കുകയായിരുന്നു.

ആ സമയത്ത് അച്ഛന്‍ എന്ത് പറയും എന്ന് ആലോചിച്ച് വിറച്ചിരിക്കുകയായിരുന്നു ഞാന്‍. അവസാനം അച്ഛന്‍ പറഞ്ഞു എന്തിനാടാ നീ ആവശ്യമില്ലാത്തിടത്ത് മൂളല്‍ ഇടുന്നത്. ഞാന്‍ പറഞ്ഞു ആ മൂളല്‍ വേണ്ടെന്ന് ഞാന്‍ പറഞ്ഞതായിരുന്നു. അവര്‍ കേട്ടില്ല. അത് വേണം എന്ന് പറഞ്ഞു.

അവര്‍ അങ്ങനെയൊക്കെ പറയും നമ്മള്‍ ആവശ്യമുള്ളത് മാത്രം കൊടുക്കാവുള്ളു എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഓ ശരി എന്ന് പറഞ്ഞു, അപ്പോഴും കൊള്ളില്ല എന്ന് പുള്ളി പറഞ്ഞില്ല,’ ഷോബി തിലകന്‍ പറഞ്ഞു.

‘നീ ചെയ്തത് കൊള്ളാം എന്നൊന്നും അച്ഛന്‍ പറയില്ല. അത് വേണമെങ്കില്‍ പുള്ളിയുടെ നോട്ടത്തില്‍ നിന്നും മൂളലില്‍ നിന്നുമൊക്കെ നമ്മള്‍ ഊഹിച്ചോളണം.

അങ്ങനെയാണ് അച്ഛന്‍ പറയാറുള്ളത്. അതാണ് അച്ഛന്റെ സ്‌റ്റൈല്‍. അതല്ലാതെ നീ നന്നായി ചെയ്തു എന്നുള്ള അഭിനന്ദനങ്ങളൊന്നും പുള്ളിയുടെ ഭാഗത്ത് നിന്നും ഉണ്ടാവില്ല,’ ഷോബി തിലകന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: shoby thilakan about his experience of dubbing for thilakan

We use cookies to give you the best possible experience. Learn more