അറിഞ്ഞുകൊണ്ട് തന്നെയാകാം അവര്‍ അച്ഛനെ ആ കഥാപാത്രത്തില്‍ ഇട്ടതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്: ഷോബി തിലകന്‍
Entertainment
അറിഞ്ഞുകൊണ്ട് തന്നെയാകാം അവര്‍ അച്ഛനെ ആ കഥാപാത്രത്തില്‍ ഇട്ടതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്: ഷോബി തിലകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st September 2024, 9:03 am

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങളില്‍ മലയാളികള്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ട ഒന്നാണ് ഉസ്താദ് ഹോട്ടല്‍. അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഈ സിനിമ 2012ലായിരുന്നു പുറത്തിറങ്ങിയത്. ദുല്‍ഖര്‍ സല്‍മാന് പുറമെ തിലകന്‍, നിത്യ മേനോന്‍, ലെന, സിദ്ദിഖ്, മാമുക്കോയ തുടങ്ങിയ മികച്ച താരനിര തന്നെയായിരുന്നു ഉസ്താദ് ഹോട്ടലില്‍ ഒന്നിച്ചത്.

ഈ സിനിമയിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ – തിലകന്‍ കോമ്പോ ഉണ്ടാകുന്നത്. ഉസ്താദ് ഹോട്ടലില്‍ ദുല്‍ഖര്‍ ഫൈസിയായും തിലകന്‍ ഫൈസിയുടെ ഉപ്പുപ്പയായ കരീംക്കയായും ആയിട്ടാണ് എത്തിയത്. ഇപ്പോള്‍ ഈ സിനിമയെ കുറിച്ചും ദുല്‍ഖര്‍ സല്‍മാനെ കുറിച്ച് പറയുകയാണ് തിലകന്റെ മകന്‍ ഷോബി തിലകന്‍.

ദുല്‍ഖറും തന്റെ അച്ഛനും തമ്മിലുള്ളത് കെമിസ്ട്രിയെന്ന് പറഞ്ഞ് വിശേഷിപ്പിക്കാമോയെന്ന് തനിക്ക് അറിയില്ലെന്നാണ് ഷോബി പറയുന്നത്. ദുല്‍ഖര്‍ തിലകനെ ഉപ്പൂപ്പയെന്ന് വിളിക്കുന്നതില്‍ തന്നെ വലിയ ഇന്റിമസി ഫീല് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷോബി തിലകന്‍.

‘ദുല്‍ഖറും അച്ഛനും തമ്മിലുള്ളത് കെമിസ്ട്രിയെന്ന് പറഞ്ഞ് വിശേഷിപ്പിക്കാമോയെന്ന് എനിക്ക് അറിയില്ല. ദുല്‍ഖര്‍ ഉപ്പൂപ്പയെന്ന് വിളിക്കുന്നതില്‍ തന്നെ വലിയ ഇന്റിമസി ഫീല് ചെയ്യുന്നുണ്ട്. അതാണ് ഏറ്റവും വലിയ കാര്യം. പിന്നെ അറിഞ്ഞു കൊണ്ട് തന്നെയാകാം അച്ഛനെ ആ കഥാപാത്രത്തില്‍ ഇട്ടതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഞാന്‍ തിലകന്റെ മകനാണ്. ആ എനിക്ക് പോലും അവരോട് അസൂയ തോന്നിയിട്ടുണ്ട്.

അച്ഛനോട് ഇത്രമാത്രം അടുപ്പം കണ്ടാണ് അസൂയ. അത്രയ്ക്ക് നന്നായി ഇഴകി ചേര്‍ന്നാണ് അവര്‍ അഭിനയിച്ചത്. ഭാര്യ – ഭര്‍ത്താവായിട്ടോ കാമുകി – കാമുകന്മാരായിട്ടോ ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്നത് പോലെ തന്നെയാണ് അച്ഛനും മകനും തമ്മിലുള്ളത്. ആ ഒരു ഇന്റിമസിയും കെമിസ്ട്രിയും വര്‍ക്കൗട്ട് ആവുകയെന്നത് വലിയ കാര്യമാണ്. അത് എല്ലാവര്‍ക്കും വരണമെന്നില്ല,’ ഷോബി തിലകന്‍ പറഞ്ഞു.


Content Highlight: Shobi Thilkan Talks About Usthad Hotel And Relationship Of Thilakan And Dulquer Salmaan