| Friday, 30th August 2024, 8:49 pm

ദുല്‍ഖര്‍ എങ്ങനെയുണ്ടെന്ന് ഞാന്‍ അച്ഛനോട് ചോദിച്ചു; അദ്ദേഹം അവനെക്കുറിച്ച് പറഞ്ഞതില്‍ കാര്യമുണ്ട്: ഷോബി തിലകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഉസ്താദ് ഹോട്ടല്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഈ സിനിമയില്‍ തിലകന്‍, നിത്യ മേനോന്‍, സിദ്ദിഖ്, മാമുക്കോയ, ലെന തുടങ്ങിയ മികച്ച താരനിര തന്നെയായിരുന്നു ഒന്നിച്ചത്.

ഉസ്താദ് ഹോട്ടലില്‍ ഫൈസിയായി ദുല്‍ഖറും കരീംക്കയായി തിലകനുമാണ് എത്തിയത്. ഈ സിനിമയിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ – തിലകന്‍ കോമ്പോ മിക്ക സിനിമാപ്രേമികള്‍ക്കും പ്രിയപ്പെട്ടതായി മാറിയിരുന്നു. ഇപ്പോള്‍ തിലകനോട് ദുല്‍ഖറിനെ കുറിച്ച് ചോദിച്ചപ്പോള്‍ നല്‍കിയ മറുപടിയെ പറ്റി പറയുകയാണ് ഷോബി തിലകന്‍. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരാളെ കുറിച്ച് പറയാന്‍ ഒരുപാട് മടിയുള്ള ആളാണ് അച്ഛന്‍. ഒരിക്കല്‍ അച്ഛന്റെ കൂടെ ഫ്‌ളൈറ്റില്‍ ഇരിക്കുമ്പോള്‍ ഞാന്‍ ചുമ്മാ അദ്ദേഹത്തോട് ദുല്‍ഖറിനെ കുറിച്ച് ചോദിച്ചു. ദുല്‍ഖര്‍ എങ്ങനെയുണ്ട് എന്നാണ് ഞാന്‍ ചോദിച്ചത്.

‘ആഹ്, അവന്‍ കുഴപ്പമില്ല. അവന്റെ പ്രായം വെച്ച് നോക്കുമ്പോള്‍ നന്നായി ചെയ്യുന്നുണ്ട്’ എന്നാണ് മറുപടി പറഞ്ഞത്. അച്ഛന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊരു അഭിപ്രായം വരാന്‍ കുറച്ച് പ്രയാസമാണ്. അത്രമാത്രം എക്‌സ്ട്രാ ഓര്‍ഡിനറി പെര്‍ഫോമന്‍സ് ചെയ്ത ഒരാളാണെങ്കില്‍ മാത്രമേ അച്ഛന്‍ അങ്ങനെയൊരു അഭിപ്രായം പറയുകയുള്ളൂ.

അവന്റെ പ്രായം വെച്ച് നോക്കുമ്പോള്‍ നന്നായി ചെയ്യുന്നുണ്ടെന്ന് പറയണമെങ്കില്‍ അച്ഛന് അത്രമാത്രം അവനില്‍ വിശ്വാസമുണ്ടെങ്കിലോ അല്ലെങ്കില്‍ അവന്‍ നന്നായി ചെയ്തിട്ടോ തന്നെയാണ്. അല്ലെങ്കില്‍ പറയില്ല. അവര്‍ തമ്മിലുള്ളത് കെമിസ്ട്രിയെന്ന് പറഞ്ഞ് വിശേഷിപ്പിക്കാമോയെന്ന് എനിക്ക് അറിയില്ല.

ദുല്‍ഖര്‍ ഉപ്പൂപ്പയെന്ന് വിളിക്കുന്നതില്‍ തന്നെ വലിയ ഇന്റിമസി ഫീല് ചെയ്യുന്നുണ്ട്. അറിഞ്ഞു കൊണ്ട് തന്നെയാകാം അച്ഛനെ ആ കഥാപാത്രത്തില്‍ ഇട്ടതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഞാന്‍ തിലകന്റെ മകനാണ്. ആ എനിക്ക് പോലും അവരോട് അസൂയ തോന്നിയിട്ടുണ്ട്,’ ഷോബി തിലകന്‍ പറഞ്ഞു.


Content Highlight: Shobi Thilakan Talks About Thilakan’s Comments About Dulquer Salmaan

We use cookies to give you the best possible experience. Learn more