Entertainment
അച്ഛന്റെ വിമര്‍ശനങ്ങള്‍ മനസില്‍ സൂക്ഷിച്ച് അതിനനുസരിച്ച് ഞങ്ങളോട് പെരുമാറുന്നവരുമുണ്ട്: ഷോബി തിലകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 05, 09:25 am
Wednesday, 5th February 2025, 2:55 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് തിലകന്‍. സിനിമാ ഇന്‍ഡസ്ട്രിയില്‍ ഒരുപാട് പേരെ വിമര്‍ശിക്കുകയും ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്ത നടന്‍ കൂടെയാണ് അദ്ദേഹം. അത് കരിയറില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടനും തിലകന്റെ മകനുമായ ഷോബി തിലകന്‍.

ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ താന്‍ അത് കാര്യമായി എടുക്കാറില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. തന്റെ അച്ഛന്‍ ഒരുപാട് പേരെ വിമര്‍ശിച്ചിരുന്നെന്നും ആരുടെ ഭാഗത്ത് തെറ്റ് കണ്ടാലും അത് സധൈര്യം ചൂണ്ടിക്കാട്ടുമായിരുന്നെന്നും ഷോബി കൂട്ടിച്ചേര്‍ത്തു.

ഏതൊരു സാഹചര്യത്തിലും മൗനം പാലിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ലെന്നും ഷോബി തിലകന്‍ പറയുന്നു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. അച്ഛന്റെ ആദര്‍ശങ്ങളെയും ചിന്തകളെയും അതേപോലെ പിന്തുടരുന്ന ഒരാള്‍ തന്നെയാണ് താനെന്നും ഷോബി പറഞ്ഞു.

‘തീര്‍ച്ചയായും ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ ഞാന്‍ അതൊന്നും കാര്യമായി എടുക്കാറില്ല എന്നതാണ് വാസ്തവം. അച്ഛന്‍ ഒരുപാട് പേരെ വിമര്‍ശിച്ചിരുന്നു. ആരുടെ ഭാഗത്ത് തെറ്റ് കണ്ടാലും അത് സധൈര്യം ചൂണ്ടിക്കാട്ടുമായിരുന്നു. ഏതൊരു സാഹചര്യത്തിലും മൗനം പാലിക്കാന്‍ അച്ഛന് കഴിയുമായിരുന്നില്ല. അത് രണ്ട് രീതിയിലാണ് ഭാവിയില്‍ റിസള്‍ട്ട് ഉണ്ടാക്കിയിട്ടുള്ളത്.

ഒരു കൂട്ടര്‍ എങ്ങനെയെന്ന് വെച്ചാല്‍, അന്ന് അച്ഛന്‍ വഴക്ക് പറഞ്ഞതുകൊണ്ട് ജീവിതത്തിലും പ്രൊഫഷനിലും കുറെ കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞുവെന്ന് പറയുന്നവരാണ്. അവര്‍ക്ക് ഇന്ന് തിലകന്‍ എന്ന നടന്‍ അവരുടെ ജീവിതത്തെ ഏറെ സ്വാധീനിച്ച് കടന്നുപോയ ഒരാള്‍ തന്നെയാണ്.

രണ്ടാമത്തെ ആള്‍ക്കാര്‍ അച്ഛന്റെ വിമര്‍ശനങ്ങള്‍ കേട്ട് അത് മനസില്‍ ഇന്നും സൂക്ഷിച്ച് അതിനനുസരിച്ച് ഞങ്ങള്‍ മക്കളോട് പെരുമാറുന്നവരാണ്. അച്ഛന്റെ ആദര്‍ശങ്ങളെയും ചിന്തകളെയും അതേപോലെ പിന്തുടരുന്ന ഒരാള്‍ തന്നെയാണ് ഞാനും,’ ഷോബി തിലകന്‍ പറഞ്ഞു.

Content Highlight: Shobi Thilakan Talks About Thilakan