മലയാളത്തിലെ എക്കാലത്തെയും മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് ഷോബി തിലകന്‍. രണ്ട് പതിറ്റാണ്ടില്‍ അധികമായി ഡബ്ബിങ് മേഖലയില്‍ നിറസാന്നിധ്യമായി നില്‍ക്കുന്ന ഷോബി നൂറിലധികം ചിത്രങ്ങളിലായി നിരവധി ആര്‍ട്ടിസ്റ്റുകള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്.
രണ്ട് തവണ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്‌കാരം ഷോബി തന്റെ പേരിലാക്കിയിട്ടുമുണ്ട്. സീരിയല്‍ രംഗത്ത് ഡബ്ബിങ് ആര്‍ട്ടിസ്റ്റായും അഭിനേതാവായും നിറസാന്നിധ്യമാണ് ഷോബി തിലകന്‍.
ഇപ്പോള്‍ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ റഹ്‌മാനെ കുറിച്ച് പറയുകയാണ് അദ്ദേഹം. ബ്ലാക്ക് എന്ന സിനിമക്ക് വേണ്ടി റഹ്‌മാന് ശബ്ദം നല്‍കിയതിനെ കുറിച്ചും ഷോബി സംസാരിക്കുന്നു.
‘ഞാന്‍ ആദ്യമായി റഹ്‌മാന് വേണ്ടി ഡബ്ബ് ചെയ്ത സിനിമ ബ്ലാക്ക് ആയിരുന്നു. ആ സിനിമക്ക് മുമ്പ് റഹ്‌മാന്‍ മലയാളത്തില്‍ അഭിനയിച്ചത് വളരെ പണ്ടായിരുന്നു. അതായത് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. കുറേ ഗ്യാപിന് ശേഷം ബ്ലാക്കിലൂടെയായിരുന്നു അയാള്‍ മലയാളത്തിലേക്ക് തിരിച്ചു വരുന്നത്.
ആ ഗ്യാപിന് മുമ്പ് അദ്ദേഹം അഭിനയിച്ച സിനിമകള്‍ നോക്കിയാല്‍ നമുക്ക് ചില കാര്യങ്ങള്‍ മനസിലാകും. എല്ലാം ലവ് ട്രാക്കും ചോക്ലേറ്റ് ബോയ് എന്ന ലെവലില്‍ നില്‍ക്കുന്നതുമായ കഥാപാത്രങ്ങളായിരുന്നു.
പിന്നെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ അനിയനായിട്ടുമൊക്കെയായിരുന്നു അദ്ദേഹം മുമ്പ് അഭിനയിച്ചിരുന്നത്. അത്തരത്തിലുള്ള കുറേ കഥാപാത്രങ്ങള്‍ റഹ്‌മാന്‍ ചെയ്തിരുന്നു. അതിലൊക്കെ അദ്ദേഹത്തിന് വേണ്ടി ഡബ്ബ് ചെയ്തത് കൃഷ്‌ണേന്ദ്രന്‍ ചേട്ടനും ഇടവേള ബാബുവുമൊക്കെയായിരുന്നു.
അങ്ങനെയുള്ള ആളുകളായിരുന്നു അദ്ദേഹത്തിന് വേണ്ടി ശബ്ദം കൊടുത്തത്. അവരുടെയൊക്കെ ശബ്ദം വളരെ ക്യൂട്ടായിരുന്നു. വളരെ നേര്‍മയുള്ള ശബ്ദമായിരുന്നു. ചോക്ലേറ്റ് വോയിസ് എന്നൊക്കെ പറയാന്‍ പറ്റുന്നതായിരുന്നു അത്. കാമുകന്മാരുടെ ശബ്ദമാണ്. പക്ഷെ എന്റേത് കുറച്ചുകൂടി റഫായിട്ടുള്ള അല്ലെങ്കില്‍ വില്ലത്തരമുള്ള ശബ്ദമായിരുന്നു.
അപ്പോള്‍ റഹ്‌മാന്റെ രണ്ടാമത്തെ വരവിലാണ് എനിക്ക് അദ്ദേഹത്തിന് വേണ്ടി ഡബ്ബ് ചെയ്യാന്‍ സാധിക്കുന്നത്. ബ്ലാക്ക് സിനിമയില്‍ റഹ്‌മാന്‍ ഒരു പൊലീസുകാരനായിട്ടാണ് അഭിനയിച്ചത്. മാത്രവുമല്ല, അദ്ദേഹത്തിന്റെ കഥാപാത്രം കുറച്ച് റഫും ടഫുമായിരുന്നു. അതുകൊണ്ടായിരുന്നു എന്നെ ഡബ്ബ് ചെയ്യാനായി വിളിച്ചത്,’ ഷോബി തിലകന്‍ പറയുന്നു.
Content Highlight: Shobi Thilakan Talks About Rahman