മലയാളത്തിലെ എക്കാലത്തെയും മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് ഷോബി തിലകന്‍. രണ്ട് പതിറ്റാണ്ടില്‍ അധികമായി ഡബ്ബിങ് മേഖലയില്‍ നിറസാന്നിധ്യമായി നില്‍ക്കുന്ന ഷോബി തിലകന്‍ 100ലധികം ചിത്രങ്ങളില്‍ നിരവധി ആര്‍ട്ടിസ്റ്റുകള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്.
രണ്ട് തവണ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്‌കാരം ഷോബി തന്റെ പേരിലാക്കിയിട്ടുണ്ട്. സീരിയല്‍ രംഗത്ത് ഡബ്ബിങ് ആര്‍ട്ടിസ്റ്റായും അഭിനേതാവായും നിറസാന്നിധ്യമാണ് ഷോബി തിലകന്‍.
ഇപ്പോള്‍ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പണ്ട് താന്‍ സ്റ്റേജില്‍ മിമിക്രി അവതരിപ്പിച്ചതിനെ കുറിച്ച് പറയുകയാണ് ഷോബി തിലകന്‍.
പ്രേം നസീറിന്റെയും മമ്മൂട്ടിയുടെയുമൊക്കെ ശബ്ദം തന്റെ ശബ്ദത്തിന് ഇണങ്ങുന്നതായിരുന്നുവെന്നും എന്നാല്‍ മോഹന്‍ലാലിന്റേത് അങ്ങനെ ആയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. മോഹന്‍ലാലിന്റെ ശബ്ദം അനുകരിച്ചത് ഓര്‍ക്കുമ്പോള്‍ ഇത്രയ്ക്ക് ധൈര്യം താന്‍ കാണിച്ചോയെന്ന് ചിന്തിച്ചു പോകുമെന്നും ഷോബി തിലകന്‍ പറഞ്ഞു.
‘മിമിക്രയില്‍ വോയിസ് എടുക്കുന്നതിനേക്കാള്‍ ഉപരിയായി ഞാന്‍ പണ്ടൊക്കെ ഒരു തീം എടുത്തിട്ടാണ് ചെയ്യാറുള്ളത്. വേലുത്തമ്പി ദളവയുടെ നാടകത്തിന്റെ അവസാനത്തെ രംഗമൊക്കെയാണ് ഞാന്‍ ചെയ്യാറുണ്ടായിരുന്നത്. അദ്ദേഹം അവസാനം മരിക്കുന്ന സീക്വന്‍സൊക്കെ ഒരു തീമായിട്ടായിരുന്നു ചെയ്തിരുന്നത്.
അന്ന് ചെയ്ത കാര്യങ്ങള്‍ ഇന്ന് ഓര്‍ക്കുമ്പോള്‍ ‘അയ്യോ ഇത്രയ്ക്ക് ധൈര്യം ഞാന്‍ കാണിച്ചോ’യെന്ന് ചിന്തിച്ചു പോകും. പ്രേം നസീറിന്റെയും മമ്മൂട്ടിയുടെയുമൊക്കെ ശബ്ദം എന്റെ ശബ്ദത്തിന് ഇണങ്ങുന്നവരായിരുന്നു. അത്യാവശ്യം എന്റെ ശബ്ദത്തില്‍ ചേയ്ഞ്ച് വരുത്തിയാല്‍ പറ്റുമായിരുന്നു.
പക്ഷെ മോഹന്‍ലാലിന്റെ ശബ്ദമൊക്കെ അന്ന് അനുകരിക്കാന്‍ ഞാന്‍ ധൈര്യം കാണിച്ചു എന്നതാണ് കാര്യം (ചിരി). മോഹന്‍ലാല്‍, ജനാര്‍ദനന്‍ എന്നിവരെയൊക്കെ ഞാന്‍ അനുകരിച്ചിരുന്നു.
പിന്നെ അന്ന് ഹൈലൈറ്റ് ആയിരുന്നത് രണ്ടുപേരുടെ ശബ്ദങ്ങളായിരുന്നു. ഒന്ന് നമ്മുടെ പഴയ മുഖ്യമന്ത്രിയായ നായനാര്‍ ആയിരുന്നു. പിന്നെ രണ്ടാമത്തേത് പണ്ടത്തെ മറ്റൊരു മുഖ്യമന്ത്രിയായ കെ. കരുണാകരന്റെ ശബ്ദമായിരുന്നു,’ ഷോബി തിലകന്‍ പറഞ്ഞു.
Content Highlight: Shobi Thilakan Talks About Mimicry And Mohanlal’s Voice