| Friday, 4th October 2024, 5:31 pm

അച്ഛന്‍ ഹരിഹരന്‍ സാറിന് കൊടുത്ത ആ വാക്കിന് പുറത്താണ് എടച്ചേന കുങ്കന് ഞാന്‍ ഡബ്ബ് ചെയ്യുന്നത്: ഷോബി തിലകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ അതുല്യ കലാകാരനാണ് തിലകന്‍. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ നിറഞ്ഞ് നിന്നിരുന്ന അദ്ദേഹം ഏത് തരത്തിലുമുള്ള വേഷവും തനിക്ക് അനായാസം ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചതാണ്. തിലകന്റെ മക്കളായ ഷമ്മി തിലകനും ഷോബി തിലകനും മലയാള സിനിമയില്‍ സജീവമാണ്. അഭിനയത്തോടൊപ്പം ഡബ്ബിങ്ങിലും തിരക്കേറിയ താരമാണ് ഷോബി തിലകന്‍.

കേരള വര്‍മ പഴശ്ശിരാജ എന്ന സിനിമയിലെ എടച്ചേന കുങ്കനെ തന്നെ കൊണ്ട് ഡബ്ബ് ചെയ്യാന്‍ സംവിധായകന്‍ ഹരിഹരന് കോണ്‍ഫിഡന്‍സ് കൊടുത്തതും, ഉറപ്പ് കൊടുത്തതും തന്റെ അച്ഛന്‍ തിലകനാണെന്ന് പറയുകയാണ് ഷോബി തിലകന്‍. ആ ചിത്രത്തിലെ ഡബ്ബിങ്ങിന് തനിക്ക് മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷോബി തിലകന്‍.

‘കേരള വര്‍മ പഴശ്ശിരാജ എന്ന് പറയുന്ന സിനിമയിലെ എടച്ചേന കുങ്കനെ എന്നെ കൊണ്ട് ഡബ്ബ് ചെയ്യാനായിട്ട് ഹരിഹരന്‍ സാറിന് ഒരു കോണ്‍ഫിഡന്‍സ് കൊടുത്തതും, ഉറപ്പ് കൊടുത്തതും എന്റെ അച്ഛനാണ്.

എടച്ചേന കുങ്കനെ ഡബ്ബ് ചെയ്യാനായിട് ഷോബിയെ വിളിച്ചാല്‍ മതി, ഷോബിയുടെ സൗണ്ട് കറക്റ്റ് ആയിരിക്കും എന്ന് പറഞ്ഞ് എന്നെ നിര്‍ദേശിച്ചത് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ സാറാണ്. എന്നിട്ടും ഞാന്‍ ശരിയാകുമോ എന്ന് ഹരിഹരന്‍ സാര്‍ സംശയിച്ചു നില്‍ക്കുമ്പോഴാണ് അച്ഛന്‍ സ്റ്റുഡിയോയിലേക്ക് ഡബ്ബ് ചെയ്യാന്‍ വരുന്നത്.

എന്താ ഇങ്ങനെ നില്‍ക്കുന്നതെന്ന് അച്ഛന്‍ ഹരിഹരന്‍ സാറിനോട് ചോദിച്ചപ്പോള്‍, ഷോബിയെ കൊണ്ട് എടച്ചേന കുങ്കനെ ഡബ്ബ് ചെയ്യിക്കാമെന്നാണ് ഞാന്‍ വിചാരിക്കുന്നത് എന്ന് അദ്ദേഹം അച്ഛനോട് പറഞ്ഞു. ആ അവന്റെ സൗണ്ട് ആ കഥാപാത്രത്തിന് കറക്റ്റ് ആയിരിക്കും എന്ന് അച്ഛന്‍ ഹരിഹരന്‍ സാറിനോട് പറഞ്ഞു.

ആ കോണ്‍ഫിഡന്‍സ് ആണ് പഴശ്ശിരാജ സിനിമയിലേക്ക് ഞാന്‍ എത്തുന്നതും ആ വര്‍ഷത്തെ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നതും,’ ഷോബി തിലകന്‍ പറയുന്നു.

Content Highlight: Shobi Thilakan Talks About His Father Thilakan

We use cookies to give you the best possible experience. Learn more