മലയാള സിനിമയിലെ അതുല്യ കലാകാരനാണ് തിലകന്‍. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ നിറഞ്ഞ് നിന്നിരുന്ന അദ്ദേഹം ഏത് തരത്തിലുമുള്ള വേഷവും തനിക്ക് അനായാസം ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചതാണ്. തിലകന്റെ മക്കളായ ഷമ്മി തിലകനും ഷോബി തിലകനും മലയാള സിനിമയില്‍ സജീവമാണ്. അഭിനയത്തോടൊപ്പം ഡബ്ബിങ്ങിലും തിരക്കേറിയ താരമാണ് ഷോബി തിലകന്‍.
സൂര്യന് താഴെയുള്ള എന്ത് കാര്യത്തെ കുറിച്ച് ചോദിച്ചാലും അച്ഛന്‍ സംസാരിക്കും – ഷോബി തിലകന്‍
അച്ഛന്‍ തിലകനെ കുറിച്ച് സംസാരിക്കുകയാണ് ഷോബി തിലകന്‍. തങ്ങള്‍ മക്കള്‍ക്കെല്ലാവര്‍ക്കും അച്ഛന്റെ ശബ്ദത്തിന്റെ പ്രഭാവം കിട്ടിയിട്ടുണ്ടെന്നും എന്നാല്‍ അത് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുള്ളത് താന്‍ ആണെന്നും ഷോബി തിലകന്‍ പറയുന്നു.
ഒരു ലൈബ്രറി കാണുമ്പോള്‍ തന്റെ മനസിലേക്ക് ആദ്യം വരുന്നത് അച്ഛന്റെ മുഖവും ബെഡ്റൂമും ആണെന്നും ഒരുപാട് വായിക്കുന്ന ആളായിരുന്നു തിലകനെന്നും ഷോബി പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷോബി തിലകന്‍.
‘ഞങ്ങള്‍ക്കെല്ലാവര്‍ക്കും അച്ഛന്റെ ശബ്ദത്തിന്റെ ഒരു പ്രഭാവം ഉണ്ടായിട്ടുണ്ട്. അത് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് ഞാന്‍ ആണെന്ന് വേണമെങ്കില്‍ പറയാം. വേറൊരു തരത്തില്‍ നോക്കിയാല്‍ അച്ഛന്റെ ശബ്ദം വിറ്റ് കാശാക്കിയത് ഞാന്‍ ആണെന്ന് വേണമെങ്കില്‍ പറയാം.
ഒരു ലൈബ്രറി കാണുമ്പോള്‍ എന്റെ മനസില്‍ ആദ്യം വരുന്നത് എന്റെ അച്ഛന്റെ മുഖമാണ്, അച്ഛന്റെ ബെഡ്റൂമാണ്. അച്ഛന്റെ ബെഡ് റൂമില്‍ ചുറ്റിനും ഷെല്‍ഫുണ്ട്. അതില്‍ മുഴുവനും പുസ്തകങ്ങളാണ്. ഒരുപാട് വായിക്കുന്ന ആളായിരുന്നു പുള്ളിക്കാരന്‍.
അച്ഛനെ കണ്ട് ഒരുപാട് വായിക്കണം എന്നെനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ കുറച്ച് കഴിയുമ്പോഴേക്കും ഞാന്‍ മടുക്കും. വായനയില്‍ നിന്ന് അച്ഛന് ഒരുപാട് കാര്യത്തെ കുറിച്ച് അറിവ് കിട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സൂര്യന് താഴെയുള്ള എന്ത് കാര്യത്തെ കുറിച്ച് ചോദിച്ചാലും അച്ഛന്‍ സംസാരിക്കും,’ ഷോബി തിലകന്‍ പറയുന്നു.
Content highlight: Shobi Thilakan talks about his father Thilakan