ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും അഭിനേതാവെന്ന നിലയിലും ഷോബി തിലകന്‍ ശ്രദ്ധേയനാണ്. ഒട്ടനവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ ഷോബി തിലകന്റെ കരിയറില്‍ ഒരു ബ്രേക്ക് നല്‍കിയ ചിത്രമാണ് അമല്‍ നീരദിന്റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ വരത്തന്‍.
വരത്തന്‍ സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ഷോബി തിലകന്‍. സിനിമയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്റെ ഡയലോഗ് കേട്ടിട്ട് മോണിറ്ററില്‍ നോക്കി സംവിധായകന്‍ അമല്‍ നീരദ് ചിരിക്കുകയായിരുന്നെന്ന് ഷോബി തിലകന്‍ പറയുന്നു. വളരെ സീരിയസ് ആയിട്ട് താന്‍ പറഞ്ഞ ഡയലോഗ് കേട്ട് അദ്ദേഹം എന്തിനാണ് ചിരിച്ചതെന്ന് മനസിലായില്ലെന്നും അപ്പോള്‍ സ്‌ക്രിപ്റ്റ് റൈറ്റര്‍ വന്ന് ആ സീനില്‍ കയ്യടി കിട്ടുമെന്ന് പറഞ്ഞെന്നും ഷോബി കൂട്ടിച്ചേര്‍ത്തു.
സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ തിയേറ്ററില്‍ തന്റെ ആ ഭാഗത്തിന് ചിരിയും കയ്യടിയും ആയിരുന്നെന്നും അമല്‍ നീരദ് വിളിച്ചിട്ട് ചേട്ടന്‍ വായ തുറന്നാല്‍ ആളുകള്‍ ചിരിക്കുമെന്ന് പറഞ്ഞെന്നും അദ്ദേഹം പറയുന്നു. തനിക്ക് കിട്ടിയ വലിയൊരു അവാര്‍ഡാണതെന്നും സംവിധായകന്‍ പറയുന്നത് കേള്‍ക്കുക എന്നുള്ളതാണ് വലിയ കാര്യമെന്നും ഷോബി കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അമല്‍ നീരദിന്റെ കൂടെ ഞാന്‍ അഭിനയിച്ച സിനിമയായിരുന്നു വരത്തന്‍. ആ സിനിമയില്‍ എന്റെ കഥാപാത്രത്തിന്റെ രണ്ടു മൂന്ന് ഡയലോഗ് പറഞ്ഞ് ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാന്‍ നോക്കുമ്പോള്‍ മോണിറ്ററില്‍ നോക്കിയിട്ട് അമല്‍ നീരദ് ചിരിക്കുകയായിരുന്നു. ഞാന്‍ സീരിയസ് ആയിട്ടായിരുന്നു പറയുന്നത്. എന്നാല്‍ അത് കേട്ട് അദ്ദേഹം ചിരിക്കുകയായിരുന്നു.
ഇവന് ദുബായില്‍ എന്തായിരുന്നു പണി എന്ന് ചോദിക്കുന്ന ഡയലോഗ് ആയിരുന്നു അത്. വളരെ കാര്യമായിട്ടായിരുന്നു ഞാന്‍ അത് പറയുന്നത്. ചെയ്തതോ പറയുന്നതോ ശരിയാകാത്തതുകൊണ്ടാണോ അദ്ദേഹം ചിരിക്കുന്നത് എന്നറിയാതെ നില്‍ക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് സ്‌ക്രിപ്റ്റ് റൈറ്റര്‍ വന്ന പറയുന്നത് ‘ചേട്ടാ..ഈ ഡയലോഗിന് ചേട്ടന് കയ്യടി കിട്ടും’ എന്ന്.
കറക്ട് അതുപോലെ തന്നെ നടന്നു. സിനിമ ഇറങ്ങിയപ്പോള്‍ എന്റെ ഡയലോഗിന് ഭയങ്കര കയ്യടി ആയിരുന്നു. അതിന് ശേഷം അമല്‍ നീരദ് എന്നെ വിളിച്ചിട്ട് പറഞ്ഞു ‘ചേട്ടാ…ചേട്ടന്‍ വായ തുറന്നാല്‍ ആളുകള്‍ കയ്യടിക്കുകയും ചിരിക്കുകയും ചെയ്യുന്നു’ എന്ന്. സത്യം പറഞ്ഞാല്‍ എനിക്ക് കിട്ടുന്ന വലിയൊരു അവാര്‍ഡാണത്. നമ്മള്‍ സംവിധായകരെ കേള്‍ക്കുക എന്നുള്ളതാണ് വലിയ കാര്യം,’ ഷോബി തിലകന്‍ പറയുന്നു.
Content Highlight: Shobi Thilakan Talks About Amal Neerad And Varathan Movie