മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായിരുന്നു തിലകൻ. പകരക്കാരൻ ഇല്ലാത്ത അദ്ദേഹം മികച്ച നടനായി സംസ്ഥാന – ദേശീയ തലങ്ങളിൽ പലവട്ടം ആദരിക്കപ്പെട്ടിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ മലയാളത്തിലെ മുൻനിര നടന്മാർക്കൊപ്പമെല്ലാം ശക്തമായ വേഷങ്ങൾ അഭിനയിച്ചിട്ടുള്ള അദ്ദേഹത്തിന്റെ മികച്ച പ്രകടനം കണ്ട സിനിമയായിരുന്നു ഇന്ത്യൻ റുപ്പി.
പൃഥ്വിരാജ്, ടിനി ടോം, റിമ കല്ലിങ്കൽ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ അച്യുത മേനോൻ എന്ന കഥാപാത്രമായാണ് തിലകൻ എത്തിയത്. ചിത്രത്തിലെ തിലകന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് മകനും നടനുമായ ഷോബി തിലകൻ.
ഇന്ത്യൻ റുപ്പിയിലെ ഒരു സീനിൽ തിലകൻ ചിരിക്കുന്നുണ്ടെന്നും അങ്ങനെയൊരു ചിരി താൻ മറ്റൊരു സിനിമയിലും കണ്ടിട്ടില്ലെന്നും ഷോബി തിലകൻ പറയുന്നു. അത് എവിടെ നിന്നാണ് വന്നതെന്ന് തനിക്കറിയില്ലെന്നും ഒരു നടൻ എന്ന നിലയിൽ അച്ഛൻ ഒരു സ്കൂളാണെന്നും ഷോബി തിലകൻ പറയുന്നു. ജിഞ്ചർ മീഡിയ കട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യൻ റുപ്പിയിൽ അച്ഛൻ ഒരു ചിരി ചിരിക്കുന്നുണ്ട്. അതായത് പുള്ളിയെ വീട്ടിൽ നിന്ന് പുറത്താക്കുന്ന ഒരു സീനാണ്. പുള്ളി ഒരു ട്രങ്ക് പെട്ടിയൊക്കെ ആയിട്ട് അവിടെ ഇരിക്കുമ്പോൾ പൃഥ്വിരാജും ടിനി ടോമും വന്ന് ഇങ്ങനെ നോക്കുന്ന ഒരു ഭാഗമാണ്.
ടിനിടോം പറയും, ഇരിക്കുന്നത് കണ്ടില്ലേ കാർക്കോടകൻ. അത് കേൾക്കുമ്പോൾ പൃഥ്വിരാജ് പറയും, അങ്ങനെയൊന്നുമല്ല നമുക്ക് നോക്കാമെന്ന് പറഞ്ഞ് അടുത്തേക്ക് ചെല്ലും. അപ്പോൾ അച്ഛന്റെ ഒരു ഡയലോഗുണ്ട്.
കള്ളം പറഞ്ഞ് രക്ഷപ്പെടാൻ നോക്കിയതാണ്. അതുംപറഞ്ഞിട്ട് അച്ഛന്റെ ഒരു ചിരിയുണ്ട്. അത് വേറേ ഒരു സിനിമയിലും ഞാൻ കണ്ടിട്ടില്ല. അത് എവിടെ നിന്ന് വന്നതാണെന്ന് എനിക്കറിയില്ല. അതങ്ങ് വന്ന് പോവുന്നതാണ്. അതൊക്കെയാണ് ഒരു നടൻ എന്ന നിലയിൽ നമ്മുടെ വിദ്യാഭ്യാസം. നമ്മുടെ സ്കൂളാണ് അച്ഛൻ,’ഷോബി തിലകൻ പറയുന്നു.
Content Highlight: Shobi Thilakan Talk About Performance Of Thilakan In Indian Ruppy