റാം ഇനി വരുമോ എന്നറിയില്ല, വന്നാൽ എനിക്ക് ഗുണമായേനെ: ഷോബി തിലകൻ
Entertainment
റാം ഇനി വരുമോ എന്നറിയില്ല, വന്നാൽ എനിക്ക് ഗുണമായേനെ: ഷോബി തിലകൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th March 2024, 9:54 am

മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ വമ്പൻ പ്രതീക്ഷയോടെ അനൗൺസ് ചെയ്ത ചിത്രമായിരുന്നു റാം. 2020 ൽ ഷൂട്ടിങ് ആരംഭിച്ച ചിത്രം പിന്നീട് കൊവിഡ്കാലത്ത് മുടങ്ങുകയായിരുന്നു.

ശേഷം വീണ്ടും ഷൂട്ടിങ് തുടങ്ങിയെങ്കിലും സിനിമയെ കുറിച്ചുള്ള യാതൊരു അപ്ഡേഷനും ഇതുവരെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. സിനിമാ പ്രേമികളും മോഹൻലാൽ ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുമെന്ന് പറഞ്ഞിരുന്നു.

 

ഇതേ കൂട്ടുകെട്ടിൽ തന്നെ ശേഷം റിലീസ് ചെയ്ത ചിത്രങ്ങളായിരുന്നു ദൃശ്യം 2, ട്വൽത്ത് മാൻ, നേര്. ഈ ചിത്രങ്ങളെല്ലാം പുറത്തിറങ്ങി കഴിഞ്ഞു. റാം സിനിമ തിയേറ്ററിൽ ഇറങ്ങിയാൽ അത് തനിക്ക് ഗുണം ചെയ്യുമെന്നാണ് നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഷോബി തിലകൻ പറയുന്നത്.

മോഹൻലാലിനൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം റാമിലാണ് ലഭിച്ചതെന്നും പക്ഷെ ആ ചിത്രം ഇനി ഇറങ്ങുമോയെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു. ചിത്രത്തിൽ മോഹൻലാലിനൊപ്പം നല്ല സീനുകളാണ് തനിക്കുള്ളതെന്നും ഷോബി മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ലാലേട്ടന്റെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യം ഈയിടെയാണ് എനിക്ക് ലഭിച്ചത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിലാണ് ലാലേട്ടനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത്. പക്ഷെ കൊവിഡ് സമയത്ത് ആ ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തി വെച്ചിരുന്നു. അതുകൊണ്ട് ഇനി ആ ചിത്രം ഇറങ്ങുമോ എന്നറിയില്ല.

ആ സിനിമയിൽ മൂന്ന് സീൻ മോഹൻലാൽ എന്ന നടനൊപ്പം അഭിനയിക്കാൻ കഴിഞ്ഞു. നല്ല സീനുകളാണത്. പടം ഇറങ്ങിയാൽ ആ സീൻ തീർച്ചയായും എനിക്കൊരു പ്ലസ് പോയിന്റ് ആയിരിക്കും എന്ന് തന്നെയാണ് ഞാൻ വിചാരിക്കുന്നത്,’ഷോബി തിലകൻ പറയുന്നു.

Content Highlight: Shobi Thilakan Talk About Mohanlal And Ram Movie