അമൽ നീരദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു വരത്തൻ. ഫഹദ് ഫാസിൽ , ഐശ്വര്യ ലക്ഷ്മി, അർജുൻ അശോകൻ, ഷറഫുദ്ധീൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച കളക്ഷനും നേടിയിരുന്നു. ഷോബി തിലകനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.
ചിത്രത്തിൽ ആക്ഷൻ സീനിനിടയിൽ ഷോബി തിലകൻ പറയുന്ന ഒരു ഡയലോഗ് വലിയ രീതിയിൽ തിയേറ്ററിൽ ചിരി പടർത്തിയിരുന്നു. അതിനെ കുറിച്ച് പറയുകയാണ് ഷോബി തിലകൻ. തന്റെ ആ ഡയലോഗിന് കയ്യടി കിട്ടുമെന്ന് ഷൂട്ടിന്റെ സമയത്ത് തന്നെ തിരക്കഥാകൃത്ത് പറഞ്ഞിരുന്നുവെന്ന് ഷോബി തിലകൻ പറയുന്നു. ജിഞ്ചർ മീഡിയ കട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരത്തനിൽ അഭിനയിക്കുമ്പോൾ തന്നെ അതിന്റെ തിരക്കഥാകൃത്ത് എന്നോട് പറഞ്ഞു, ചേട്ടാ ഈ ഡയലോഗിന് ചേട്ടന് കയ്യടി കിട്ടുമെന്ന്. കാണുന്നവരൊക്കെ ഈ സീനിൽ ചിരിക്കുമെന്ന് അവൻ പറഞ്ഞു, പക്ഷെ ഞാൻ അതൊന്നും വിചാരിച്ചിട്ടില്ല. കാരണം അവിടെ അടി നടക്കുകയാണ് അപ്പോൾ ഞാൻ കൂടെയുള്ളവരോട് സ്വാഭാവികമായി ചോദിക്കുകയാണ്, അവന് ദുബായിൽ എന്താണ് പണിയെന്ന്.
അത് നമ്മൾ സ്വാഭാവികമായി ചോദിക്കുന്ന പോലെ ചോദിച്ചതാണ്. പക്ഷെ ഇങ്ങനെ വലിയ പ്രശ്നം നടക്കുന്നതിന്റെയിടയിൽ ചോദിച്ചപ്പോൾ ആ സാഹചര്യത്തിൽ അത് കോമഡിയായി മാറിയതാണ്.
ആ ഒരു കഥാപാത്രം എനിക്ക് വലിയ മൈലേജ് ഉണ്ടാക്കി തന്ന വേഷമാണ്. അമൽ നീരദ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന സിനിമയിലും ഞാനൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ അങ്ങനെ ഒരുപാടാളുകളുണ്ട്,’ഷോബി തിലകൻ പറയുന്നു.
Content Highlight: Shobi Thilakan Talk About His Scene In Varathan Movie