മലയാളത്തിലെ എക്കാലത്തെയും മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളിലൊരാളാണ് ഷോബി തിലകന്‍. രണ്ട് പതിറ്റണ്ടിലധികമായി ഡബ്ബിങ് മേഖലയില്‍ നിറസാന്നിധ്യമായി നില്‍ക്കുന്ന ഷോബി തിലകന്‍ 100ലധികം ചിത്രങ്ങളില്‍ നിരവധി ആര്‍ട്ടിസ്റ്റുകള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. രണ്ട് തവണ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്‌കാരം ഷോബി തന്റെ പേരിലാക്കിയിട്ടുണ്ട്. സീരിയല്‍ രംഗത്ത് ഡബ്ബിങ് ആര്‍ട്ടിസ്റ്റായും അഭിനേതാവായും നിറസാന്നിധ്യമാണ് ഷോബി തിലകന്‍.
അമല്‍ നീരദിന്റെ ചിത്രങ്ങളില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റായും അഭിനേതാവായും തിളങ്ങാന്‍ ഷോബിക്ക് സാധിച്ചിട്ടുണ്ട്. അമല്‍ നീരദ് സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ബാച്ചിലര്‍ പാര്‍ട്ടി. റഹ്‌മാന്‍, കലാഭവന്‍ മണി, ഇന്ദ്രജിത്, ആസിഫ് അലി, വിനായകന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഷോബി തിലകന്‍.
ചിത്രത്തിലെ വില്ലനായെത്തിയ ജോണ്‍ വിജയ്ക്ക് ശബ്ദം നല്‍കാന്‍ തന്നെ വിളിച്ചെന്ന് ഷോബി തിലകന്‍ പറഞ്ഞു. ആ കഥാപാത്രത്തിന് ഡബ്ബ് ചെയ്ത് തിരിച്ചെത്തി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അമല്‍ നീരദ് ഒന്നുകൂടി തന്നെ വിളിച്ചെന്നും തനിക്ക് അപ്പോള്‍ ടെന്‍ഷനായെന്നും ഷോബി തിലകന്‍ കൂട്ടിച്ചേര്‍ത്തു. എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ കറക്ട് ചെയ്യാനാകുമോ എന്നാലോചിച്ചാണ് ടെന്‍ഷനായതെന്നും ഷോബി തിലകന്‍ പറഞ്ഞു.
സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ റഹ്‌മാന്റെ കഥാപാത്രത്തിന് ഡബ്ബ് ചെയ്യാന്‍ ഒരു ആര്‍ട്ടിസ്റ്റിനെ നോക്കിയെന്നും ബ്ലാക്ക് എന്ന ചിത്രത്തിലെ ശബ്ദം നന്നായി തോന്നിയതുകൊണ്ട് അത് സെലക്ട് ചെയ്‌തെന്ന് അമല്‍ നീരദ് തന്നോട് പറഞ്ഞെന്നും ഷോബി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീട് അന്വേഷിച്ചപ്പോള്‍ അത് താനാണ് ചെയ്തതെന്ന് അറിഞ്ഞെന്നും അതിനാല്‍ റഹ്‌മാനും ഡബ്ബ് ചെയ്യേണ്ടി വന്നെന്നും ഷോബി തിലകന്‍ പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു ഷോബി തിലകന്‍.
‘ബാച്ചിലര്‍ പാര്‍ട്ടിയിലേക്ക് എന്നെ ആദ്യം വിളിച്ചത് വില്ലന് ഡബ്ബ് ചെയ്യാനായിരുന്നു. പുള്ളി തമിഴിലെയോ തെലുങ്കിലെയോ മറ്റോ ആര്‍ട്ടിസ്റ്റാണ്. ആ ഒരു മോഡുലേഷനില്‍ അയാള്‍ക്ക് ഡബ്ബ് ചെയ്തു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അമല്‍ നീരദ് വീണ്ടു വിളിച്ചിട്ട് സ്റ്റുഡിയോയിലേക്ക് വരാന്‍ പറ്റുമോ എന്ന് ചോദിച്ചു. എനിക്ക് ടെന്‍ഷനായി. എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ കറക്ട് ചെയ്യേണ്ടി വരുമോ എന്ന് ആലോചിച്ചാണ് ടെന്‍ഷന്‍.
അവിടെയെത്തിയപ്പോള്‍ അമല്‍ നീരദ് എന്തോ ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. ‘ചേട്ടാ, ഈ പടത്തില്‍ റഹ്‌മാന് ഡബ്ബ് ചെയ്യാന്‍ ബ്ലാക്കില്‍ ശബ്ദം കൊടുത്ത ആര്‍ട്ടിസ്റ്റിനെ സമീപിച്ചു. പുള്ളിയുടെ സൗണ്ട് അടിപൊളിയായിരുന്നല്ലോ. പക്ഷേ, അയാളോട് സംസാരിച്ചപ്പോഴാണ് ആ ക്യാരക്ടറിന് ഡബ്ബ് ചെയ്തത് ചേട്ടനാണെന്ന് മനസിലായത്’ എന്ന് അമല്‍ നീരദ് പറഞ്ഞു. അങ്ങനെ ആ പടത്തില്‍ നായകനും വില്ലനും ഡബ്ബ് ചെയ്യേണ്ടി വന്നു,’ ഷോബി തിലകന്‍ പറയുന്നു.
Content Highlight: Shobi Thilakan shares the dubbing experience of Bachelor Party movie