മലയാളത്തില്‍ കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും നല്ല ശബ്ദമാണ് എന്റേതെന്ന് ആ നടനോട് ലാലേട്ടന്‍ പറഞ്ഞിരുന്നു: ഷോബി തിലകന്‍
Entertainment
മലയാളത്തില്‍ കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും നല്ല ശബ്ദമാണ് എന്റേതെന്ന് ആ നടനോട് ലാലേട്ടന്‍ പറഞ്ഞിരുന്നു: ഷോബി തിലകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 23rd November 2024, 3:35 pm

മലായളസിനിമയിലെ ഡബ്ബിങ് മേഖലയില്‍ കഴിഞ്ഞ 20 വര്‍ഷത്തിലധികമായി നിറസാന്നിധ്യമായി നില്‍ക്കുന്നയാളാണ് ഷോബി തിലകന്‍. 50ലധികം ചിത്രങ്ങളില്‍ ഡബ്ബ് ചെയ്ത ഷോബി തിലകന്‍ സീരിയല്‍ രംഗത്തും സജീവമാണ്. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡ് രണ്ടുവട്ടം ഷോബി തിലകനെ തേടിയെത്തിയിരുന്നു. അഭിനയത്തിലും ഷോബി തിലകന്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ഡബ്ബിങ്ങിന് ശേഷം പല നടന്മാരും തന്നെ കാണാനോ പ്രശംസിക്കാറോ ഇല്ലെന്ന് പറയുകയാണ് ഷോബി തിലകന്‍. സീരിയലിലുള്ളവര്‍ പലരും തന്നെ വിളിച്ച് സംസാരിക്കാറുണ്ടെന്നും സിനിമയില്‍ നിന്ന് അത്തരം വിളികള്‍ അധികം വരാറില്ലെന്നും ഷോബി തിലകന്‍ പറഞ്ഞു. എന്നാല്‍ തമിഴ് നടന്‍ രഞ്ജിത്തുമായി തനിക്ക് വളരെ നല്ല അടുപ്പമാണെന്നും ആ നടന് വേണ്ടി 11 സിനികമളില്‍ ഡബ്ബ് ചെയ്തിട്ടുണ്ടെന്നും ഷോബി തിലകന്‍ കൂട്ടിച്ചേര്‍ത്തു.

ആദ്യമായി രഞ്ജിത്തിന് വേണ്ടി ഡബ്ബ് ചെയ്തത് നാട്ടുരാജാവിലാണെന്ന് ഷോബി തിലകന്‍ പറഞ്ഞു. ആ സിനിമയുടെ ഡബ്ബിങ് നടക്കുന്നതിനിടയില്‍ മോഹന്‍ലാല്‍ സ്റ്റുഡിയോയില്‍ വന്ന് താന്‍ ശബ്ദം കൊടുക്കുന്നത് കേട്ടെന്നും അദ്ദേഹത്തിന് ജലദോഷമായതുകൊണ്ട് അന്ന് ഡബ്ബ് ചെയ്യാതെ പോയെന്നും ഷോബി തിലകന്‍ കൂട്ടിച്ചേര്‍ത്തു.

തൊട്ടടുത്ത ദിവസം രഞ്ജിത് തന്നെ വിളിച്ചിരുന്നെന്നും മലയാളത്തില്‍ തനിക്ക് കിട്ടാവുന്നതില്‍ വെച്ച് മികച്ച ശബ്ദമാണെന്ന് മോഹന്‍ലാല്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നെന്ന് തന്നോട് പറഞ്ഞെന്നും ഷോബി തിലകന്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് കിട്ടിയ വലിയൊരു അംഗീകാരമായാണ് അതിനെ കാണുന്നതെന്ന് ഷോബി തിലകന്‍ കൂട്ടിച്ചേര്‍ത്തു. മാസ്റ്റര്‍ ബിന്നിനോട് സംസാരിക്കുകയായിരുന്നു ഷോബി തിലകന്‍.

‘സിനിമയില്‍ എന്നെയാരും അങ്ങനെ വിളിച്ച് സംസാരിക്കാറില്ല. പക്ഷേ സീരിയിലിലെ പലരും ഞാനുമായി നല്ല കമ്പനിയാണ്. ഷിജു, കെ.കെ മേനോനൊക്കെ ഇടക്ക് വിളിച്ച് സംസാരിക്കും. സിനിമയില്‍ എന്നെ അങ്ങനെ വിളിച്ചിട്ടുള്ള നടന്‍ രഞ്ജിത്താണ്. രാജമാണിക്യത്തിലെയും ചന്ദ്രോത്സവത്തിലെയും വില്ലനെ അവതരിപ്പിച്ച നടന്‍. പുള്ളി മലയാളത്തില്‍ ചെയ്ത 12ല്‍ 11 സിനിമക്കു ഞാനാണ് ഡബ്ബ് ചെയ്തത്. നാട്ടുരാജാവിലാണ് ഞാന്‍ ആദ്യമായി പുള്ളിക്ക് ഡബ്ബ് ചെയ്തത്.

അന്ന് സ്റ്റുഡിയോയില്‍ ഞാന്‍ ഡബ്ബ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ ലാലേട്ടന്‍ പെട്ടെന്ന് കേറിവന്നു. പക്ഷേ, പുള്ളിക്ക് നല്ല ജലദോഷം ഉണ്ടായിരുന്നതുകൊണ്ട് അന്ന് ഡബ്ബ് ചെയ്തില്ല. പിറ്റേദിവസം എനിക്കൊരു കോള്‍വന്നു. തമിഴിലാണ് അപ്പുറത്തുള്ളയാള്‍ സംസാരിച്ചത്. എനിക്ക് പെട്ടെന്ന് ആളെ മനസിലായില്ല. പുള്ളി സ്വയം പരിചയപ്പെടുത്തി. ഞാനാണ് പുള്ളിക്ക് ഡബ്ബ് ചെയ്യുന്നതെന്ന് അറിഞ്ഞിട്ടാണ് വിളിച്ചതെന്ന് പറഞ്ഞു.

‘മലയാളത്തില്‍ എനിക്ക് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും നല്ല ശബ്ദമാണ് ഈ സിനിമയില്‍ കിട്ടിയിരിക്കുന്നതെന്ന് ലാലേട്ടന്‍ എന്നോട് പറഞ്ഞു. അതുകൊണ്ടാണ് വിളിച്ചത്’ എന്നാണ് രഞ്ജിത് അന്ന് പറഞ്ഞത്. ലാലേട്ടന് അങ്ങനെ പറയേണ്ട ആവശ്യമുണ്ടായിരുന്നില്ല. എനിക്ക് കിട്ടിയ വലിയൊരു അംഗീകാരമായിട്ടാണ് ഞാനതിനെ കാണുന്നത്,’ ഷോബി തിലകന്‍ പറഞ്ഞു.

Content Highlight: Shobi Thilakan shares his memories of dubbing for actor Ranjith