Entertainment
അച്ഛൻ്റെ നിലപാടുകൾ കാരണം എനിക്ക് അവസരം കുറഞ്ഞിട്ടുണ്ടാകാം: ഷോബി തിലകൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 13, 05:11 am
Thursday, 13th March 2025, 10:41 am

മലയാളത്തിലെ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റുകളിലൊരാളാണ് ഷോബി തിലകൻ. അന്തരിച്ച മഹാനടൻ തിലകൻ്റെ മകനാണ് അദ്ദേഹം. നിരവധി ചിത്രങ്ങളിലെ കഥാപാത്രങ്ങൾക്ക് ഷോബി ശബ്ദം നൽകിയിട്ടുണ്ട്. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള കേരള സംസ്ഥാന സർക്കാറിൻ്റെ ചലചിത്ര അവാർഡ് രണ്ടു തവണ ഷോബി സ്വന്തമാക്കിയിട്ടുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റ് മാത്രമല്ല സീരിയൽ, സിനിമാ നടനും കൂടിയാണ് ഷോബി.

ഇപ്പോൾ തൻ്റെ അച്ഛനും മലയാളത്തിലെ മഹാനടനുമായ തിലകനെക്കുറിച്ച് സംസാരിക്കുകയാണ് ഷോബി തിലകൻ. അച്ഛൻ്റെ തുറന്നുപറച്ചിലുകൾ കാരണം തൻ്റെ അവസരം കുറഞ്ഞിട്ടുണ്ടാകാമെന്നും എന്നാൽ താൻ അത് ശ്രദ്ധിക്കാറില്ലെന്നും ആരേയും കുറ്റം പറയാനില്ലെന്നും പറയുകയാണ് ഷോബി.

അച്ഛന് നിലപാടുകളുണ്ടെന്നും അത് തുറന്ന് പറയുന്നതിൻ്റെ പേരിൽ താനൊരിക്കലും അച്ഛനെ കുറ്റം പറയില്ലെന്നും, തനിക്കുള്ള അവസരമാണെന്ന് കരുതുന്നില്ലെന്നും ഷോബി തിലകൻ പറയുന്നു. സൈന സൗത്ത്‌ പ്ലസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘അവസരങ്ങൾ കുറഞ്ഞിട്ടുണ്ടാകാം. ഇല്ലെന്നൊന്നും ഞാൻ പറയുന്നില്ല. ഞാനെപ്പോഴും വിചാരിക്കുന്നത് കിട്ടിയിട്ടുള്ള അവസരങ്ങളെല്ലാം എനിക്കുള്ളതാണ്. കിട്ടാത്തത് എനിക്കുള്ളതല്ല. അച്ഛൻ്റെ തുറന്ന് പറച്ചിലുകളിലൂടെ എനിക്ക് അവസരം നഷ്ടപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് ഞാൻ ശ്രദ്ധിക്കാറില്ല. ചിലപ്പോൾ ഉണ്ടാകാം. അല്ലെങ്കിൽ ഇല്ലായിരിക്കാം. അതിന് ഞാൻ ആരെയും കുറ്റം പറയാനില്ല.

അച്ഛൻ അച്ഛൻ്റെ രീതിയിലാണ് ജീവിക്കുന്നത്. അച്ഛൻ്റേതായ നിലപാടുകളുണ്ട്. അത് ആ രീതിയിൽ പറയുന്നത് കൊണ്ട് ഞാനൊരിക്കലും അച്ഛനോട് വിയോജിക്കില്ല. അച്ഛൻ തുറന്ന് പറയട്ടെ, എനിക്ക് ഒരു കുഴപ്പവുമില്ല. അതിൻ്റെ പേരിൽ എനിക്ക് അവസരം നഷ്ടപ്പെടുന്നുവെങ്കിൽ ഞാൻ പറയുന്നു അതെനിക്കുള്ളതല്ല. അത് വേറെയാർക്കോ ഉള്ളതാണ്. എനിക്കുള്ളത് വരും. ഇനിയും വരും.

എല്ലാവരുടെയും ധാരണ അച്ഛൻ സിനിമാ നടനാണ്, ചേട്ടൻ സിനിമാ നടനാണ്. അതുകൊണ്ട് എനിക്ക് പെട്ടെന്ന് അവസരം കിട്ടുമെന്നാണ്, എന്നാൽ അങ്ങനെയല്ല. അതെനിക്ക് സത്യത്തിൽ എനിക്കൊരു ബാധ്യതയാണ്. സാധാരണ ഒരാളാണെങ്കിൽ എനിക്ക് പോയി അവസരം ചോദിക്കാം.

എന്നാൽ പേരിൻ്റെ കൂടെ തിലകൻ ഉള്ളത് കൊണ്ട് എനിക്ക് പോയി ചോദിക്കാൻ പറ്റില്ല. പിന്നെ ചോദിക്കാൻ പറ്റുന്നത് അച്ഛൻ പരിചയപ്പെടുത്തി തന്ന സംവിധായകരോടാണ്. അവരോടും നേരിട്ട് ചോദിക്കാൻ പറ്റില്ലെങ്കിലും താത്പര്യം പ്രകടിപ്പിക്കും. നേരിട്ട് ചോദിക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്,’ ഷോബി പറഞ്ഞു.

Content Highlight: Shobi Thilakan says he don’t know that Thilakan’s statements affected his career