| Friday, 29th November 2024, 3:36 pm

അച്ഛന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ മമ്മൂക്ക ഡോക്ടറോട് പറഞ്ഞ കാര്യം ഇന്നും എനിക്ക് ഓര്‍മയുണ്ട്: ഷോബി തിലകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളാണ് തിലകന്‍. ക്യാരക്ടര്‍ റോളുകളില്‍ അന്നും ഇന്നും തിലകന് പകരം വെക്കാന്‍ മറ്റൊരു നടനും സാധിച്ചിട്ടില്ല. എന്നാല്‍ തിലകന്റെ അവസാനകാലങ്ങളില്‍ മലയാളത്തിലെ വലിയ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും തിലകനുമായി തര്‍ക്കത്തിലാണെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നു. അത്തരം വാര്‍ത്തകളോട് പ്രതികരിക്കുകയാണ് തിലകന്റെ മകന്‍ ഷോബി തിലകന്‍.

തിലകന്‍ മിംസ് ആശുപത്രിയില്‍ ക്രിട്ടിക്കലായി കിടന്നപ്പോള്‍ മമ്മൂട്ടിയും ദുല്‍ഖറും കാണാന്‍ വന്നിരുന്നുവെന്ന് ഷോബി തിലകന്‍ പറഞ്ഞു. എന്നാല്‍ അവര്‍ക്ക് തിലകനെ കാണാന്‍ സാധിച്ചില്ലെന്നും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടറോട് മമ്മൂട്ടി സംസാരിച്ചത് തനിക്ക് ഇന്നും ഓര്‍മയുണ്ടെന്നും ഷോബി തിലകന്‍ കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ക്ക് വേണ്ടപ്പെട്ടയാളാണ് അദ്ദേഹമെന്നും പഴയതുപോലെ തിരിച്ചുതരണമെന്നും മമ്മൂട്ടി ഡോക്ടറോട് പറഞ്ഞത് തനിക്ക് ഇന്നും ഓര്‍മയുണ്ടെന്ന് ഷോബി തിലകന്‍ പറഞ്ഞു.

മാധ്യമങ്ങള്‍ പറയുന്നതുപോലെ അവര്‍ തമ്മില്‍ യാതൊരു ശത്രുതയുമില്ലെന്നും മമ്മൂട്ടിക്ക് എല്ലാ കാലത്തും തിലകനോട് ബഹുമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഷോബി തിലകന്‍ കൂട്ടിച്ചേര്‍ത്തു. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷോബി തിലകന്‍ ഇക്കാര്യം പറഞ്ഞത്.

‘അച്ഛന്‍ ക്രിട്ടിക്കലായി മിംസില്‍ കിടന്ന സമയത്ത് മമ്മൂക്ക അദ്ദേഹത്തെ കാണാന്‍ വന്നിരുന്നു. അന്ന് മമ്മൂക്കയുടെ കൂടെ ദുല്‍ഖറും ഉണ്ടായിരുന്നു. എന്നാല്‍ അന്ന് അവര്‍ക്ക് അച്ഛനെ കാണാന്‍ സാധിച്ചില്ല. പക്ഷേ, അച്ഛനെ ചികിത്സിച്ച ഡോക്ടറെ അദ്ദേഹം കണ്ടു. അന്ന് ഡോക്ടറോട് മമ്മൂക്ക പറഞ്ഞ കാര്യം എനിക്ക് ഇന്നും ഓര്‍മയുണ്ട്. ‘ഇത് ഞങ്ങള്‍ക്ക് വളരെ വേണ്ടപ്പെട്ടയാളാണ്. പഴയതുപോലെ തന്നെ തിരിച്ച് തരണം’ എന്നാണ് മമ്മൂക്ക അന്ന് പറഞ്ഞത്.

അച്ഛനും മമ്മൂക്കയും തമ്മില്‍ ഒരിക്കലും ഒരു പ്രശ്‌നവുമുണ്ടായിട്ടില്ല. അവര്‍ ശത്രുതയിലായിരുന്നു എന്നതൊക്കെ മാധ്യമങ്ങള്‍ സൃഷ്ടിച്ച കാര്യങ്ങളാണ്. അച്ഛന്‍ മരിക്കുന്നതുവരെ മമ്മൂക്കയും അച്ഛനും നല്ല സുഹൃത്തുക്കളായിരുന്നു. അല്ലാതെ വേറെ ഒന്നുമില്ല,’ ഷോബി തിലകന്‍ പറയുന്നു.

Content Highlight: Shobi Thilakan saying that there were no issues between Thilakan and Mammootty

Latest Stories

We use cookies to give you the best possible experience. Learn more