Entertainment
ഷോബി തിലകന്‍ എന്ന ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഉണ്ടെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞത് ആ നടന്‍ കാരണമാണ്: ഷോബി തിലകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 13, 03:12 am
Thursday, 13th March 2025, 8:42 am

മലയാളത്തിലെ എക്കാലത്തെയും മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളിലൊരാളാണ് ഷോബി തിലകന്‍. രണ്ട് പതിറ്റണ്ടിലധികമായി ഡബ്ബിങ് മേഖലയില്‍ നിറസാന്നിധ്യമായി നില്‍ക്കുന്ന ഷോബി തിലകന്‍ 100ലധികം ചിത്രങ്ങളില്‍ നിരവധി ആര്‍ട്ടിസ്റ്റുകള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. രണ്ട് തവണ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്‌കാരം ഷോബി തന്റെ പേരിലാക്കിയിട്ടുണ്ട്. സീരിയല്‍ രംഗത്ത് ഡബ്ബിങ് ആര്‍ട്ടിസ്റ്റായും അഭിനേതാവായും നിറസാന്നിധ്യമാണ് ഷോബി തിലകന്‍.

തന്റെ കരിയറില്‍ വലിയ സ്വാധീനമുണ്ടാക്കിയ സിനിമയെക്കുറിച്ചും നടനെക്കുറിച്ചും സംസാരിക്കുകയാണ് ഷോബി തിലകന്‍. റിയാസ് ഖാന്‍ കാരണമാണ് തന്റെ പേരും ശബ്ദവും പ്രേക്ഷകര്‍ക്കിടയില്‍ തിരിച്ചറിയപ്പെട്ടതെന്ന് ഷോബി തിലകന്‍ പറഞ്ഞു. ബാലേട്ടന്‍ എന്ന സിനിമയിലെ ഡബ്ബിങ്ങിന് ശേഷമാണ് തന്റെ പേരും ശബ്ദവും തിരിച്ചറിയപ്പെട്ടതെന്നും അത് തന്റെ കരിയറിലെ വലിയൊരു ടേണിങ് പോയിന്റായെന്നും ഷോബി തിലകന്‍ കൂട്ടിച്ചേര്‍ത്തു.

റിയാസ് ഖാന്റെ കാര്യത്തിലും അത് പോലെയാണെന്നും ഷോബി പറഞ്ഞു. ബാലേട്ടന് ശേഷമാണ് റിയാസ് ഖാനും ശ്രദ്ധിക്കപ്പെട്ടതെന്നും ഭദ്രന്‍ എന്ന കഥാപാത്രം അയാള്‍ക്ക് ഒരുപാട് അവസരങ്ങള്‍ നല്‍കിയെന്നും ഷോബി തിലകന്‍ കൂട്ടിച്ചേര്‍ത്തു. ബാലേട്ടന് മുമ്പ് റിയാസ് ഖാന്‍ ഒരുപാട് സിനിമകള്‍ ചെയ്‌തെങ്കിലും അതൊന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെന്നും ഷോബി തിലകന്‍ പറഞ്ഞു.

എന്നാല്‍ ബാലേട്ടനിലെ കഥാപാത്രത്തിന് ശേഷം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷയില്‍ വരെ അയാള്‍ക്ക് അവസരങ്ങള്‍ ലഭിച്ചെന്നും ഷോബി കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ രണ്ടുപേരുടെയും കരിയറില്‍ ടേണിങ് പോയിന്റായ ചിത്രമാണ് ബാലേട്ടനെന്നും ഷോബി തിലകന്‍ പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഷോബി തിലകന്‍ ഇക്കാര്യം പറഞ്ഞത്.

‘ഷോബി തിലകന്‍ എന്ന ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഉണ്ടെന്ന് ജനങ്ങള്‍ തിരിച്ചറിയാന്‍ കാരണക്കാരനായത് റിയാസ് ഖാന്‍ എന്ന നടനാണ്. ബാലേട്ടനില്‍ റിയാസ് ഖാന് ശബ്ദം കൊടുത്തത് ഞാനായിരുന്നു. ആ പടവും അതിലെ റിയാസ് ഖാന്റെ ശബ്ദവും ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് ശേഷമാണ് എന്നെ ആളുകള്‍ തിരിച്ചറിഞ്ഞുതുടങ്ങിയത്. എന്റെ കരിയറിലെ ടേണിങ് പോയിന്റായിരുന്നു ആ പടം.

എനിക്ക് മാത്രമല്ല, റിയാസ് ഖാന്റെയും ടേണിങ് പോയിന്റാണ് ബാലേട്ടനെന്ന് ഞാന്‍ പറയും. കാരണം, ആ പടത്തിന് മുമ്പ് റിയാസ് ഖാന്‍ ഒരുപാട് പടം ചെയ്തിട്ടുണ്ടെങ്കിലും ബാലേട്ടനിലൂടെയാണ് അയാള്‍ ശ്രദ്ധിക്കപ്പെടുന്നത്. ബാലേട്ടന് ശേഷമാണ് അയാള്‍ക്ക് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ പടങ്ങള്‍ കിട്ടാന്‍ തുടങ്ങിയത്. ഞങ്ങള്‍ രണ്ടുപേരുടെയും കരിയറില്‍ ബാലേട്ടനുണ്ടാക്കിയ ഇംപാക്ട് ചെറുതല്ല,’ ഷോബി തിലകന്‍ പറഞ്ഞു.

Content Highlight: Shobi Thilakan saying Balettan movie and Riyas Khan made a big impact in his career