| Sunday, 24th November 2024, 6:00 pm

ഡബ്ബിങ്ങിലൂടെ സിനിമയെ മറ്റൊരു തലത്തിലെത്തിക്കാന്‍ ആ നടന് പ്രത്യേക കഴിവാണ്: ഷോബി തിലകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ എക്കാലത്തെയും മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളിലൊരാളാണ് ഷോബി തിലകന്‍. രണ്ട് പതിറ്റണ്ടിലധികമായി ഡബ്ബിങ് മേഖലയില്‍ നിറസാന്നിധ്യമായി നില്‍ക്കുന്ന ഷോബി തിലകന്‍ 100ലധികം ചിത്രങ്ങളില്‍ നിരവധി ആര്‍ട്ടിസ്റ്റുകള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. രണ്ട് തവണ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്‌കാരം ഷോബി തന്റെ പേരിലാക്കിയിട്ടുണ്ട്. സീരിയല്‍ രംഗത്ത് ഡബ്ബിങ് ആര്‍ട്ടിസ്റ്റായും അഭിനേതാവായും നിറസാന്നിധ്യമാണ് ഷോബി തിലകന്‍.

ഡബ്ബിങ്ങിലെ ഇംപ്രൊവൈസേഷനില്‍ തന്നെ അത്ഭുതപ്പെടുത്തിയ നടനെക്കുറിച്ച് സംസാരിക്കുകയാണ് ഷോബി തിലകന്‍. ഡബ്ബിങ്ങിലൂടെ സിനിമയെ മറ്റൊരു തലത്തിലെത്തിക്കാന്‍ കഴിവുള്ള നടന്മാരില്‍ മുന്‍പന്തിയിലുള്ളയാളാണ് ജഗതി ശ്രീകുമാറെന്ന് ഷോബി തിലകന്‍ പറഞ്ഞു. അത് നേരിട്ട് കാണാനുള്ള ഭാഗ്യം തനിക്ക് കിട്ടിയിട്ടുണ്ടെന്നും അത് കണ്ട് താന്‍ സ്വയം പഠിച്ചെന്നും ഷോബി തിലകന്‍ കൂട്ടിച്ചേര്‍ത്തു.

താണ്ഡവം എന്ന ചിത്രത്തിന്റെ ഡബ്ബിങ് സമയത്ത് താന്‍ ഡബ്ബ് ചെയ്ത് ഇറങ്ങിയപ്പോഴാണ് ജഗതി വന്നതെന്നും കുറച്ച് നേരം അത് നോക്കിയിരിക്കുന്നെന്നും ഷോബി തിലകന്‍ പറഞ്ഞു. മോഹന്‍ലാലും ടീമും മദ്യപിക്കുന്ന സീനില്‍ ജഗതി വരികയും അവിടെയിരിക്കുന്ന ഒരു ടിന്‍ എടുത്ത് നോക്കുകയും ചെയ്യുന്നതാണ് സീനെന്നും ഷോബി കൂട്ടിച്ചേര്‍ത്തു.

ബാക്ക്ഗ്രൗണ്ടിലെ നോയിസുകള്‍ മണിയന്‍പിള്ള രാജു ഡബ്ബ് ചെയ്ത് പോയെന്നും ജഗതി ആ സീനില്‍ ഇല്ലാത്ത ഒരു ഡയലോഗ് പറഞ്ഞപ്പോള്‍ അതിന്റെ ഇംപാക്ട് മാറിയെന്നും ഷോബി തിലകന്‍ പറഞ്ഞു. കിലുക്കം എന്ന സിനിമയിലും ഡബ്ബിങ്ങിലാണ് ജഗതി പല ഡയലോഗും കൈയില്‍ നിന്നിട്ടതെന്നും അതുകൊണ്ടാണ് ആ സിനിമ ഇന്നും പലരുടെയും ഫേവറെറ്റായി നില്‍ക്കുന്നതെന്നും ഷോബി തിലകന്‍ കൂട്ടിച്ചേര്‍ത്തു. മാസ്റ്റര്‍ ബിന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു ഷോബി തിലകന്‍.

‘ഡബ്ബിങ്ങിലെ ഇംപ്രൊവൈസേഷന്‍ കൊണ്ട് സിനിമയെ മറ്റൊരു തലത്തിലെത്തിക്കുന്നതില്‍ മുന്‍പന്തിയിലുള്ള നടനാണ് ജഗതി ശ്രീകുമാര്‍. അദ്ദേഹം ഡബ്ബിങ്ങില്‍ കൊണ്ടുവരുന്ന മാറ്റം സിനിമയില്‍ വലിയ ഇംപാക്ട് ഉണ്ടാക്കും. ഒരു തവണ എനിക്ക് അത് നേരില്‍ കാണാനുള്ള ഭാഗ്യമുണ്ടായിരുന്നു. താണ്ഡവ എന്ന സിനിമയുടെ ഡബ്ബിങ്ങിന്റെ സമയത്ത് എന്റെ പോര്‍ഷന്‍ ചെയ്ത് കഴിഞ്ഞപ്പോഴാണ് ജഗതി ചേട്ടന്‍ വന്നത്.

ആ സിനിമയില്‍ ലാലേട്ടനും ടീമും മദ്യപിക്കുന്ന സീനിന് ഡബ്ബ് ചെയ്യുകയായിരുന്നു പുള്ളി. വലിയ ഡയലോഗൊന്നുമില്ലായിരുന്നു. ഒരു ശീതളപാനീയത്തിന്റെ ടിന്‍ എടുത്തുനോക്കുന്ന സീനായിരുന്നു. ഒരു ഡയലോഗ് പോലുമില്ലാത്ത സീനില്‍ പുള്ളി ഒരെണ്ണം കൈയില്‍ നിന്നിട്ടു. അതോടെ ആ സീനിന്റെ റേഞ്ച് മാറി. താണ്ഡവം മാത്രമല്ല, കിലുക്കവും ഡബ്ബിങ്ങിലൂടെ പുള്ളി വേറെ ലെവലിലെത്തിച്ച സിനിമയായിരുന്നു,’ ഷോബി തിലകന്‍ പറയുന്നു.

Content Highlight: Shobi Thilakan saying about the dubbing skills of Jagathy Sreekumar

We use cookies to give you the best possible experience. Learn more