| Monday, 20th February 2023, 8:08 am

ഷമ്മി ചേട്ടന്‍ കാരണമാണ് ഞാന്‍ മിമിക്രിയിലേക്ക് ഇറങ്ങുന്നത്, നസീറിന് ഡബ്ബ് ചെയ്യാന്‍ അദ്ദേഹം കഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ട്: ഷോബി തിലകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ അഭിനയത്തിലും ഡബ്ബിങ്ങിലും ഒരു പോലെ തിളങ്ങിയ താരങ്ങളാണ് ഷമ്മി തിലകനും ഷോബി തിലകനും. തുടക്കകാലത്ത് തന്നെ സാക്ഷാല്‍ പ്രേം നസീറിന് വേണ്ടി പോലും ഷമ്മി ഡബ്ബ് ചെയ്തിട്ടുണ്ട്. നസീറിന് വേണ്ടി ഡബ്ബ് ചെയ്യാന്‍ ഷമ്മി കഷ്ടപ്പെടുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് പറയുകയാണ് ഷോബി തിലകന്‍. ഷമ്മി ഡബ്ബ് ചെയ്യുന്നത് കണ്ടാണ് താന്‍ മിമിക്രി ചെയ്യാന്‍ തുടങ്ങിയതെന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഷോബി പറഞ്ഞു.

‘ഒരു നടന്റെ ഏതെങ്കിലും ഒരു മാസ്റ്റര്‍ പീസ് ഡയലോഗ് എടുത്തിട്ടായിരിക്കും ഒരു മിമിക്രി ആര്‍ട്ടിസ്റ്റ് പറയുന്നത്. അത് മാത്രമേ പറയാന്‍ പറ്റുകയുള്ളൂ. നേരെ മറിച്ച് ഷമ്മി ചേട്ടനെ സംബന്ധിച്ചിടത്തോളം കടത്തനാടന്‍ അമ്പാടി ചെയ്തപ്പോള്‍ നസീറിന്റെ എല്ലാ ഭാവങ്ങളും ചെയ്യണമായിരുന്നു. കരച്ചില്‍ ചിരി, ദേഷ്യം ഒക്കെ വരുന്ന എല്ലാ തരത്തിലുള്ള ഡയലോഗുകളും പറയണം. പുള്ളി പൈലറ്റ് ട്രാക്ക് ചെയ്യാന്‍ തന്നെ കിടന്ന് കഷ്ടപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

ഷമ്മി ചേട്ടന്‍ നസീറിന് വേണ്ടി ഡബ്ബ് ചെയ്യുന്നത് കണ്ടിട്ടാണ് പ്രി ഡിഗ്രിക്ക് പഠിക്കുമ്പോള്‍ മിമിക്രി ചെയ്തുനോക്കുന്നത്. അപ്പോള്‍ എനിക്കത് പറ്റുന്നുണ്ട്. പ്രത്യേകിച്ച് മമ്മൂട്ടി, പ്രേംനസീര്‍, ജനാര്‍ദ്ദനന്‍ ചേട്ടന്‍ എന്നിങ്ങനെ എന്റെ ശബ്ദത്തിന് ചേരുന്ന ആര്‍ട്ടിസ്റ്റുകളെയായിരുന്നു ശ്രമിച്ചിരുന്നത്.

പ്രീ ഡിഗ്രി പഠിച്ചത് തിരുവനന്തപുരം ബദനി കോളേജിലായിരുന്നു. അത് പ്രൈവറ്റ് കോളേജായിരുന്നത് കൊണ്ട് യൂണിവേഴ്‌സിറ്റി തലത്തിലേക്ക് പോയിരുന്നില്ല. കോളേജില്‍ മാത്രം മിമിക്രി ചെയ്യുമായിരുന്നു. അവിടെ പഠിക്കുമ്പോഴാണ് മിമിക്രിക്ക് ആദ്യമായി സമ്മാനം കിട്ടുന്നത്. അവിടെ നിന്നുമാണ് എന്റെ മിമിക്രി ആരംഭിക്കുന്നത്.

പ്രിഡിഗ്രി കഴിഞ്ഞ് കൊല്ലം എസ്.എം. കോളേജിലാണ് പഠിച്ചത്. അവിടെ നിന്നും യൂണിവേഴ്‌സിറ്റി തലത്തില്‍ മത്സരിക്കാന്‍ പോകുമായിരുന്നു. അവിടെനിന്നും പ്രൈസ് കിട്ടി പത്രത്തിലൊക്കെ ഫോട്ടോ വരാന്‍ തുടങ്ങിയപ്പോള്‍ പല സ്ഥലത്ത് നിന്നും പ്രോഗ്രാമിന് വിളിക്കാന്‍ തുടങ്ങി. കുറെ സ്ഥലത്ത് പോയി ചെയ്തു. ഒറ്റക്ക് തന്നെ ചെയ്താല്‍ ശരിയാവില്ലല്ലോ എന്ന് വിചാരിച്ചാണ് കൊല്ലത്തുള്ള ബാബു മുജീദ് എന്ന ആര്‍ട്ടിസ്റ്റിനെ കൂടെ കൂട്ടി മിമിക്രി ചെയ്യാന്‍ തുടങ്ങി. പിന്നീട് കോട്ടയം നസീറിനൊപ്പം പോയി മിമിക്രി ചെയ്തിട്ടുണ്ട്,’ ഷോബി പറഞ്ഞു.

Content Highlight: shobi thilakan about shammy thilakan and mimicry

We use cookies to give you the best possible experience. Learn more