| Thursday, 7th April 2022, 7:51 pm

ഞാനും അച്ഛനും ഷമ്മി ചേട്ടനും ആ സിനിമക്കായി ഡബ്ബ് ചെയ്തു: ഷോബി തിലകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മഹാനടന്മാരില്‍ ഒരാളാണ് തിലകന്‍. ഇദ്ദേഹത്തിന്റെ മക്കളായ ഷോബി തിലകനും ഷമ്മി തിലകനും സിനിമയില്‍ സജീവമാണ്. തങ്ങള്‍ മൂന്ന് പേരും ഒരേ സിനിമക്കായി ഡബ്ബ് ചെയ്തിട്ടുണ്ടെന്ന് പറയുകയാണ് ഷോബി തിലകന്‍.

മാജിക്ക് മാജിക്ക് എന്ന ചിത്രത്തിനായി താനും അച്ഛനും ഷമ്മിയും ഡബ്ബ് ചെയ്തിട്ടുണ്ടെന്ന് ഷോബി തിലകന്‍ പറഞ്ഞു. കസ്തൂരി മാന്‍ എന്ന ചിത്രത്തില്‍ താനും ഷമ്മി തിലകനും ഡബ്ബ് ചെയ്തപ്പോഴുണ്ടായ രസകരമായ അനുഭവവും ഷോബി തിലകന്‍ പങ്കുവെച്ചു.

ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലാണ് ഷോബി ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘മാജിക്ക് മാജിക്ക് എന്ന് പറയുന്ന സിനിമയില്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് ഡബ്ബ് ചെയ്തിരിക്കുന്നത് അച്ഛനാണ്. അതില്‍ ഒരു കഥാപാത്രത്തിന് ഞാനും ഒരു കഥാപാത്രത്തിന് ഷമ്മി ചേട്ടനും ഡബ്ബ് ചെയ്തിട്ടുണ്ട്.

അതുപോലെ മോഹന്‍ലാലിന്റെ പടങ്ങളില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ പൊലീസായി അഭിനയിച്ചത് ഞങ്ങള്‍ മാത്രമേയുള്ളൂ. അച്ഛനും ഷമ്മി ചേട്ടനും മോഹന്‍ലാലിന്റെ സിനിമകളില്‍ പൊലീസായി അഭിനയിച്ചിട്ടുണ്ട്. റാം എന്ന സിനിമയില്‍ ഞാനും പൊലീസായി അഭിനയിക്കുന്നുണ്ട്.

കസ്തൂരി മാന്‍ എന്ന സിനിമയില്‍ ഷമ്മി ചേട്ടന്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ കുഞ്ചാക്കോ ബോബന്റെ ചേട്ടന്റെ കഥാപാത്രം സുമേഷ് എന്ന ആര്‍ട്ടിസ്റ്റാണ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന് വേണ്ടി ഡബ്ബ് ചെയ്യാന്‍ എന്നെ വിളിച്ചു.

ലോഹിയേട്ടനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഡബ്ബ് ചെയ്തപ്പോള്‍ ലോഹിയേട്ടനും കൂടെയുണ്ട്. ഞാനൊരു ഡയലോഗ് ഡബ്ബ് ചെയ്യുമ്പോള്‍ ഡാ ഷമ്മി വരുന്നെടാ എന്ന് ലോഹിയേട്ടന്‍ പറയും. അവസാനം പിന്നേം കുറെ ശ്രമിച്ചാണ് ഡബ്ബ് ചെയ്തത്. സിനിമ കാണുമ്പോള്‍ ഞാനാണ് ഡബ്ബ് ചെയ്തതെന്ന് പറയില്ല,’ ഷോബി പറഞ്ഞു.

അച്ഛന് വേണ്ടി ഒരിക്കല്‍ ഡബ്ബ് ചെയ്ത അനുഭവവും ഷോബി പങ്കുവെച്ചു.

‘പെയ്‌തൊഴിയാതെ എന്ന സീരിയലിലാണ് ഞാന്‍ അച്ഛന് വേണ്ടി ഡബ്ബ് ചെയ്തത്. ഞാനും അച്ഛനും ഒന്നിച്ചിരുന്നാണ് ആ എപ്പിസോഡ് കാണുന്നത്. അച്ഛന്‍ അന്ന് ആശുപത്രിയില്‍ കിടക്കുകയായിരുന്നു.

ആ സമയത്ത് അച്ഛന്‍ എന്ത് പറയും എന്ന് ആലോചിച്ച് വിറച്ചിരിക്കുകയായിരുന്നു ഞാന്‍. അവസാനം അച്ഛന്‍ പറഞ്ഞു എന്തിനാടാ നീ ആവശ്യമില്ലാത്തിടത്ത് മൂളല്‍ ഇടുന്നത്. ഞാന്‍ പറഞ്ഞു ആ മൂളല്‍ വേണ്ടെന്ന് ഞാന്‍ പറഞ്ഞതായിരുന്നു. അവര്‍ കേട്ടില്ല. അത് വേണം എന്ന് പറഞ്ഞു.

അവര്‍ അങ്ങനെയൊക്കെ പറയും നമ്മള്‍ ആവശ്യമുള്ളത് മാത്രം കൊടുക്കാവുള്ളു എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഓ ശരി എന്ന് പറഞ്ഞു, അപ്പോഴും കൊള്ളില്ല എന്ന് പുള്ളി പറഞ്ഞില്ല.
നീ ചെയ്തത് കൊള്ളാം എന്നൊന്നും അച്ഛന്‍ പറയില്ല. അത് വേണമെങ്കില്‍ പുള്ളിയുടെ നോട്ടത്തില്‍ നിന്നും മൂളലില്‍ നിന്നുമൊക്കെ നമ്മള്‍ ഊഹിച്ചോളണം.

അങ്ങനെയാണ് അച്ഛന്‍ പറയാറുള്ളത്. അതാണ് അച്ഛന്റെ സ്റ്റൈല്‍. അതല്ലാതെ നീ നന്നായി ചെയ്തു എന്നുള്ള അഭിനന്ദനങ്ങളൊന്നും പുള്ളിയുടെ ഭാഗത്ത് നിന്നും ഉണ്ടാവില്ല,’ ഷോബി തിലകന്‍ പറഞ്ഞു.

Content Highlight: shobi thilakan about says he, thilakan and shammy thilakan dubbed for same movie

We use cookies to give you the best possible experience. Learn more