ബാഹുബലിക്ക് വേറെ ആരെക്കൊണ്ടെങ്കിലും ഡബ്ബ് ചെയ്യിക്കാം, പക്ഷേ പല്‍വാല്‍ദേവന് ഞാന്‍ തന്നെ വേണമായിരുന്നു: ഷോബി തിലകന്‍
Entertainment news
ബാഹുബലിക്ക് വേറെ ആരെക്കൊണ്ടെങ്കിലും ഡബ്ബ് ചെയ്യിക്കാം, പക്ഷേ പല്‍വാല്‍ദേവന് ഞാന്‍ തന്നെ വേണമായിരുന്നു: ഷോബി തിലകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 27th March 2022, 6:08 pm

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരമാണ് ഷോബി തിലകന്‍. മഹാനടന്‍ തിലകന്റെ മകന്‍ എന്ന ലേബലില്‍ നിന്നുമാറി തെന്നിന്ത്യയില്‍ തന്നെ അറിയപ്പെടുന്ന ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലുള്ള താരത്തിന്റെ വളര്‍ച്ച ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

ഗാംഭീര്യമുള്ള അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ നിരവധി നായക-പ്രതിനായകന്മാരാണ് മലയാളം സംസാരിച്ചത്. ഡെപ്തും ഇമോഷനും ഉള്‍പ്പെടുന്ന അദ്ദേഹത്തിന്റെ ഡബ്ബിംഗ് രീതിയില്‍ ചിത്രം മലയാളത്തിലേക്ക് മൊഴിമാറ്റിയതാണോ എന്നുപോലും തോന്നിപ്പോവാറുണ്ട്.,

എസ്.എസ് രാജമൗലി അടക്കമുള്ള നിരവധി ഇതിഹാസതുല്യരായ സംവിധായകര്‍ക്കൊപ്പം ചേര്‍ന്ന് നിരവധി ചിത്രങ്ങള്‍ക്ക് താരം ശബ്ദം നല്‍കിയിട്ടുണ്ട്. രാജമൗലിയുടെ മിക്ക സിനിമകളും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോള്‍ പ്രധാന കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കാറുള്ളത് ഷോബിയാണ്.

ലോകമൊന്നാകെ ആഘോഷിച്ച രാജമൗലി ചിത്രം ബാഹുബലിയില്‍ വില്ലന്‍ കഥാപാത്രമായ പല്‍വാല്‍ദേവന് ശബ്ദം നല്‍കിയത് ഷോബിയാണ്. എന്നാല്‍ താന്‍ ആദ്യം ബാഹുബലിക്ക് വേണ്ടിയാണ് ഡബ്ബ് ചെയ്യാന്‍ പോയതെന്നും, ഒടുവില്‍ പല്‍വാല്‍ദേവന് വേണ്ടി ഡബ്ബ് ചെയ്യേണ്ടി വരികയാണെന്നുമാണ് ഷോബി തിലകന്‍ പറയുന്നത്.

ജിഞ്ചര്‍ മീഡിയയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘പല്‍വാല്‍ദേവന് ചെയ്തതിന് ശേഷം ബാഹുബലിയുടെ അച്ഛന്‍ ബാഹുബലിയുണ്ടല്ലോ, അവര്‍ക്ക് വേണ്ടിയും എന്നെക്കൗണ്ട് ഡബ്ബ് ചെയ്യിച്ചു. പല്‍വാല്‍ദേവനായുള്ള കോമ്പിനേഷന്‍ സീനുകളും ഞാന്‍ ചെയ്തു. ശരിക്കും ബാഹുബലിയെയാണ് എന്നെക്കൊണ്ട് ചെയ്യാന്‍ ഉദ്ദേശിച്ചത്.

പക്ഷേ അതെന്താണ് ചെയ്യാന്‍ പറ്റാതെ വന്നതെന്ന് പറഞ്ഞാല്‍, ഞാന്‍ ബാഹുബലിക്ക് ചെയ്താല്‍ പല്‍വാല്‍ദേവന് വേറെ ആര് ചെയ്യും എന്ന പ്രശ്‌നമുണ്ടായിരുന്നു. കാരണം പല്‍വാല്‍ദേവന്‍ കുറച്ചുകൂടി കട്ട വോയ്‌സില്‍ നിക്കണം. വില്ലന്‍ കുറച്ചു കയറിയാല്‍ മാത്രമല്ലേ നായകന് നായകനാവാന്‍ സാധിക്കൂ,’ അദ്ദേഹം പറയുന്നു.

ബാഹുബലിക്ക് വേറെ ആരെക്കൊണ്ട് വേണമെങ്കിലും ചെയ്യിക്കാമെന്നും എന്നാല്‍ പല്‍വാല്‍ദേവന് താന്‍ തന്നെ ഡബ്ബ് ചെയ്യണമെന്ന് അവര്‍ പറയുകയായിരുന്നുവെന്നും ഷോബി തിലകന്‍ കൂട്ടിച്ചേര്‍ക്കുന്നു.

Content Highlight: Shobi Thilakan about his dubbing in Bahubali for Palvaldevan