Advertisement
Film News
ആശിഷ് വിദ്യാര്‍ഥിക്കാണ് ഡബ്ബ് ചെയ്യേണ്ടത് എന്നറിഞ്ഞപ്പോള്‍ എനിക്ക് പറ്റില്ലെന്നാണ് പറഞ്ഞത്: ഷോബി തിലകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Mar 30, 01:17 pm
Wednesday, 30th March 2022, 6:47 pm

മലയാളത്തില്‍ അറയപ്പെടുന്ന മെയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് നടനും കൂടിയായ ഷോബി തിലകന്‍. ഒട്ടുമിക്ക മലയാള സിനിമകളിലും വീഡിയോകളിലും കേട്ട് അദ്ദേഹത്തിന്റെ ശബ്ദം മലയാളികള്‍ക്ക് പരിചിതമാണ്.

എന്നാല്‍ നടന്‍ ആശിഷ് വിദ്യാര്‍ഥിക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ താന്‍ ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് പറയുകയാണ് ഷോബി തിലകന്‍. ചെസ്സ് സിനിമയില്‍ ആശിഷ് വിദ്യാര്‍ഥിക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ട് ശരിയായില്ലെന്നും ഒരുപാട് നേരം ശ്രമിച്ചിട്ടും ലിപ് സിങ്കാക്കാനായില്ലെന്നും ഷോബി പറഞ്ഞു.

ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലാണ് ഷോബി തിലകന്‍ ഇക്കാര്യം പറഞ്ഞത്.

”ആശിഷ് വിദ്യാര്‍ഥിക്ക് വേണ്ടി ചെസ്സ് എന്ന സിനിമയിലാണ് ഞാന്‍ ഡബ്ബ് ചെയ്യാന്‍ പോയത്. പക്ഷേ എനിക്ക് ഒരു രക്ഷയുമില്ല. കാരണം, പുള്ളിക്കാരന് മലയാളം അറിയില്ല. അദ്ദേഹം ഡയലോഗുകളുടെ ആദ്യ വാക്ക് മാത്രമേ പറയാറുള്ളു. ബാക്കിയുള്ളത് പറയില്ല. ലിപ്പ് സിങ്ക് മാത്രം. അത് മുഴുവന്‍ നമ്മള്‍ ഡയലോഗുകളില്‍ സിങ്ക് ചെയ്യണം.

ആ മീറ്ററില്‍ തന്നെ പിടിച്ചില്ലെങ്കില്‍ കിട്ടില്ല. അദ്ദേഹത്തിന്റെ ലിപ്പ് സിങ്ക് ചെയ്യണമെങ്കില്‍ മലയാളം വലിച്ച് പറയണം, എന്നാല്‍ മാത്രം സിങ്ക് ആവുകയുള്ളു. ഒരുപാട് നേരം ശ്രമിച്ചിട്ടും എനിക്ക് ചെയ്യാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അവസാനം ഞാന്‍ സംവിധായകനോട് എനിക്ക് പറ്റില്ല, ഇത് നടക്കില്ല എന്ന് പറഞ്ഞു.

എന്നെ വെറുതെ തിരിച്ചയക്കാന്‍ സംവിധായകന് താല്‍പര്യമില്ലായിരുന്നത് കൊണ്ട് സിനിമയില്‍ ഡി.ഐ.ജി വേഷം ചെയ്ത ജഗനാഥന്‍ വര്‍മ സാറിന് വേണ്ടി ഡബ്ബ് ചെയ്തിട്ട് പോയാല്‍ മതി എന്ന് പറഞ്ഞു. അങ്ങനെ ആ സിനിമയില്‍ ഞാനാണ് വര്‍മ സാറിന് വേണ്ടി ഡബ്ബ് ചെയ്തത്. അവസാനം ആശിഷ് വിദ്യാര്‍ഥിയെ സിനിമയില്‍ വിജയരാഘവന്‍ ചേട്ടന്റെ ഡയലോഗില്‍ തമിഴനാക്കി. എന്നിട്ട് സി.ഐ.ഡി മൂസ ഡബ്ബ് ചെയ്ത ആളെകൊണ്ട് തന്നെ ഈ സിനിമയും ഡബ്ബ് ചെയ്യിപ്പിച്ചു,” ഷോബി തിലകന്‍ പറഞ്ഞു.

”സുരേഷ് ഗോപിയുടെ ബ്ലാക്ക് ക്യാറ്റ് എന്ന ചിത്രത്തില്‍ സംവിധായകന്‍ തുളസീദാസ് സാര്‍ എന്നെ ഡബ്ബ് ചെയ്യാന്‍ വിളിച്ചു. ആശിഷ് വിദ്യാര്‍ഥിക്കാണ് ഡബ്ബ് ചെയ്യേണ്ടത് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഇല്ല, എനിക്ക് പറ്റില്ല എന്ന് പറഞ്ഞു.

ചെസ്സില്‍ അദ്ദേഹത്തെ തമിഴനാക്കിയതാണ് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ബ്ലാക്ക് ക്യാറ്റില്‍ ആശിഷ് ഒരു മലയാളിയായത് കൊണ്ട് തമിഴ് ഡബ്ബ് ചെയ്യാന്‍ പറ്റില്ല എന്ന് എന്നോട് തുളസീദാസ് സാര്‍ പറഞ്ഞു.

നീ വാ, നമുക്ക് ശരിയാക്കാം എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഞാന്‍ ഡബ്ബ് ചെയ്യാന്‍ പോയി. ആശിഷ് വിദ്യാര്‍ഥി മലയാളം പഠിച്ചതാണോ അതോ ഇനി ഞാന്‍ ശരിയായതാണോ എന്നെനിക്കറിയില്ല. ആ സിനിമയില്‍ ഡയലോഗുകള്‍ സിങ്കായി. അങ്ങനെ ബ്ലാക്ക് ക്യാറ്റില്‍ അദ്ദേഹത്തിന് വേണ്ടി ഞാന്‍ ഡബ്ബ് ചെയ്തു,” ഷോബി തിലകന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: shobi thilakan about an incident When he refused to dub for ashish vidhyarthi