Kerala News
കൊല്ലത്ത് ഒഴിവാക്കിയ ശോഭായാത്രയുടെ പേരില്‍ രസീതടിച്ച് ആര്‍.എസ്.എസിന്റെ വന്‍ പണപ്പിരിവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 03, 05:03 am
Monday, 3rd September 2018, 10:33 am

കൊല്ലം: കൊല്ലത്ത് ഒഴിവാക്കിയ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ മറവില്‍ രസീതടിച്ച് വന്‍പണപ്പിരിവ്. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ബാലഗോകുലം ശോഭായാത്രയുടെ പേരില്‍ പണപ്പിരിവുമായെത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ നടപടി ചോദ്യം ചെയ്ത ചിലരെ പിരിവുസംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു.

കൊല്ലം, കാവനാട്, കുരീപ്പുഴ,തൃക്കടവൂര്‍ പ്രദേശങ്ങളിലും ചാത്തന്നൂര്‍, കുന്നത്തൂര്‍ മണ്ഡലങ്ങളിലും പിരിവിനോട് കടുത്ത എതിര്‍പ്പുണ്ടായി. പിരിഞ്ഞുകിട്ടുന്ന തുക അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്തിക്കുമെന്ന അറിയിപ്പിന് എന്ത് അടിസ്ഥാനമാണെന്നും ഇതിന്റെ മാനദണ്ഡം നിശ്ചയിക്കുന്നത് ആരെന്നുമുള്ള ചോദ്യങ്ങളില്‍ നിന്ന് പിരിവുസംഘം ഒഴിഞ്ഞുമാറി. തുടരെ ചോദ്യങ്ങളുണ്ടായപ്പോഴാണ് ഭീഷണി ഉയര്‍ന്നത്.


ഭീമ കോര്‍ഗാവ്: ജൂണില്‍ അറസ്റ്റു ചെയ്ത സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചില്ല; 90 ദിവസം കൂടി അനുവദിച്ച് കോടതി


ശ്രീകൃഷ്ണജയന്തി ആഘോഷം ഒഴിവാക്കി ശോഭായാത്രയ്ക്ക് ചിലവാകുന്ന തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് ഓണത്തിന് മുന്‍പ് ചേര്‍ന്ന ബാലഗോകുലം സംസ്ഥാന സമിതി അറിയിച്ചിരുന്നു.

ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കാന്‍ നിര്‍ദേശമില്ലാതിരുന്നതിനാലും അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ നേരിട്ട് സഹായമെത്തിക്കാനാണ് ശ്രമമെന്നും സംസ്ഥാന സമിതി അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ ആര്‍.എസ്.എസിന്റെ പ്രാദേശിക പ്രവര്‍ത്തകര്‍ ശോഭായാത്രയ്ക്ക് അച്ചടിച്ച രസീതുമായി ഞായറാഴ്ച രാവിലെ വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങി നിര്‍ബന്ധിത പിരിവ് നടത്തുകയായിരുന്നു.

ദുരിതാശ്വാസത്തിന്റെ മറവില്‍ സേവാഭാരതിയുടെ മരംകടത്തും ബാനര്‍വെച്ച് കാലി ട്രക്ക് ഓടിയതും വിവാദമായതിന് പിന്നാലെയാണ് പണപ്പിരിവ് തട്ടിപ്പ്.

കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ട് വെച്ചായിരുന്നു ദുരിതാശ്വാസത്തിന്റെ മറവില്‍ മരം ഉരുപ്പടികള്‍ കയറ്റിയ സേവാഭാരതിയുടെ വാഹനം നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

ചെങ്ങന്നൂര്‍, പത്തനംതിട്ട മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എന്ന പേരില്‍ സേവാഭാരതിയുടെ ബോര്‍ഡുവെച്ച് ആര്‍.എസ്.എസുകാര്‍ തലങ്ങുംവിലങ്ങും വാഹനമോടിച്ചിരുന്നു. സംശയം തോന്നി വാഹനം ചിലര്‍ പരിശോധിച്ചപ്പോള്‍ ലോറി കാലിയായിരുന്നു.