മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിച്ചപ്പോഴുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടി ശോഭന. മമ്മൂട്ടിയുടെ കൂടെ അറുപതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ കുടുംബവുമായി വരെ നല്ല അടുപ്പമുണ്ടായിരുന്നു എന്നും ശോഭന പറഞ്ഞു. തനിക്ക് കഴിക്കാനുള്ള ഭക്ഷണവുമായി മമ്മൂട്ടിയുടെ പങ്കാളി സുല്‍ഫത്ത് ഒരുപാട് നേരം ഷൂട്ടിങ് ലൊക്കേഷനില്‍ കാത്തുനിന്നതിനെ കുറിച്ചും താരം സംസാരിച്ചു.
മോഹന്‍ലാലും താനും ഒരേപ്രായക്കാരാണെന്നും എന്നാല്‍ ആദ്യമായി ഒരുമിച്ച് അഭിനയിക്കുമ്പോള്‍ പരസ്പരം അധികമൊന്നും സംസാരിക്കാറില്ലായിരുന്നു എന്നും അവര്‍ പറഞ്ഞു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അതെല്ലാം മാറിയെന്നും പലകാര്യങ്ങളിലും മോഹന്‍ലാല്‍ ഇപ്പോഴും തന്നെ കളിയാക്കാറുണ്ടെന്നും സിനിഉലകം ചാനലിനോട് സംസാരിക്കവെ ശോഭന കൂട്ടിച്ചേര്‍ത്തു.
‘മമ്മൂട്ടിയോടൊപ്പം അറുപതോളം സിനിമകള്‍ ചെയ്തു. ഞങ്ങള്‍ക്ക് ഒരേ സ്ഥലത്ത് തന്നെ ഷൂട്ടുണ്ടായിരുന്ന സമയമായിരുന്നു അത്. ഭാര്യ സുല്‍ഫത്ത് അദ്ദേഹത്തിന് ഭക്ഷണവുമായി വരുമായിരുന്നു. വീട്ടില്‍ നിന്ന് എന്ത് ഭക്ഷണമാണ് കൊണ്ടുവരേണ്ടതെന്ന് എന്നോട് ചോദിച്ചു. ഞാന്‍ പത്തിരിയും മീന്‍ കറിയുമെന്ന് പറഞ്ഞു. എന്റെ ഷൂട്ട് കഴിയാന്‍ ഒരുപാട് വൈകി. പാവം അവര്‍ മൂന്ന് മണിവരെ എനിക്കുവേണ്ടി കാത്തിരുന്നു. ഒടുവില്‍ ഞങ്ങള്‍ നേരില്‍ കണ്ടു. ഒരുമിച്ചിരുന്ന് ഭക്ഷണവും കഴിച്ചു.
എനിക്കും മോഹന്‍ലാലിനും ഏകദേശം ഒരേ പ്രായമായിരുന്നു. ഞങ്ങള്‍ രണ്ട് പേരും കുട്ടികളെ പോലെയായിരുന്നു. ആദ്യം ചെയ്ത സിനിമയിലൊന്നും ഞങ്ങള്‍ അത്ര കംഫര്‍ട്ടബിളായിരുന്നില്ല. രണ്ട് രീതിയിലുള്ള മനസുള്ള ചെറുപ്പക്കാര്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നത് ആലോചിച്ച് നോക്കൂ. ഞങ്ങള്‍ പരസ്പരം അധികം സംസാരിക്കില്ലായിരുന്നു. പക്ഷെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ കുഴപ്പമില്ലാതായി.
കെട്ടിപ്പിടിക്കുന്ന ഒരു സീനില്‍ മൂക്കിള ഷര്‍ട്ടിലാക്കിയെന്ന് പറഞ്ഞ് മോഹന്‍ലാല്‍ കളിയാക്കുമായിരുന്നു. മൂക്കിളയില്ല ഗ്ലിസറിനാണെന്ന് എത്ര പറഞ്ഞിട്ടും മനസിലായില്ല. ഇപ്പോഴും അത് പറഞ്ഞ് കളിയാക്കും,’ ശോഭന പറഞ്ഞു.
അനൂപ് സത്യന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2020ല്‍ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് ശോഭന ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, ജോണി ആന്റണി തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിയേറ്ററില്‍ മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിച്ചത്.
content highlight: shobhana talks about mammooty and his family