ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളാണ് ശോഭന. ബാലതാരമായി സിനിമയിലേക്കെത്തിയ ശോഭന ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. മണിച്ചിത്രത്താഴിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ശോഭന സ്വന്തമാക്കിയിരുന്നു.
അഭിനയത്തിന് പുറമെ കൊറിയോഗ്രഫിയിലും ശോഭന തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മണിരത്‌നം സംവിധാനം ചെയ്ത രാവണനിലാണ് ശോഭന കൊറിയോഗ്രഫി ചെയ്തത്. തന്നെ സംബന്ധിച്ച് കൊറിയോഗ്രഫി ഒരു ലേണിങ് പ്രൊസസ്സായിരുന്നെന്ന് ശോഭന പറഞ്ഞു. ഷോട്ട് വെക്കുന്നതു പോലുള്ള ഭാരിച്ച ജോലിയൊന്നും അതിലില്ലായിരുന്നെന്നും സ്‌റ്റെപ്പ് പറഞ്ഞുകൊടുക്കുക മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ശോഭന കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ആ പാട്ട് ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോഴേക്ക് ഐശ്വര്യ റായ് തളര്‍ന്നുവെന്ന് ശോഭന പറഞ്ഞു. രണ്ട് ഭാഷയില്‍ ചെയ്ത സിനിമയായതുകൊണ്ട് ഓരോ സീനും രണ്ട് തവണ വീതം എടുക്കേണ്ടിവന്നുവെന്നും ശോഭന കൂട്ടിച്ചേര്‍ത്തു. ആദ്യം വിക്രമിന്റെ കൂടെയും പിന്നീട് പൃഥ്വിരാജിന്റെ കൂടെയും ഡാന്‍സ് ചെയ്തുവെന്നും അത് വ്യത്യസ്തമായ അനുഭവമായിരുന്നെന്നും ശോഭന പറഞ്ഞു.
ഓരോ സ്‌റ്റെപ്പും ഐശ്വര്യ റായ്ക്ക് പറഞ്ഞുകൊടുക്കുമ്പോള്‍ അവര്‍ അത് നന്നായി ചെയ്യുമെന്നും അതിലേക്ക് അവരുടെ സ്റ്റൈല്‍ ചേര്‍ക്കുമെന്നും ശോഭന കൂട്ടിച്ചേര്‍ത്തു. അതിലെ ഷോട്ടുകളെല്ലാം കണ്ട് താന്‍ കുറച്ച് നേരം ചിന്തിച്ചെന്നും അതൊന്നും ചെയ്യേണ്ടി വന്നില്ലെന്ന് കരുതി ആശ്വസിച്ചെന്നും ശോഭന പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ടി.വിയോട് സംസാരിക്കുകയായിരുന്നു ശോഭന.
‘സത്യം പറഞ്ഞാല്‍ കൊറിയോഗ്രഫി എന്നെ സംബന്ധിച്ച് ഭാരിച്ച പണിയായി തോന്നിയിട്ടില്ല. ഷോട്ട് എവിടെ വെക്കണം എങ്ങനെ എടുക്കണം എന്നൊന്നും നമ്മള്‍ ചെയ്യേണ്ട കാര്യമില്ല. രാവണനിലെ പാട്ടിന് ഞാന്‍ കൊറിയോഗ്രഫി ചെയ്തത് ഒരു ലേണിങ് പ്രൊസസ്സ് പോലെയായിരുന്നു. പക്ഷേ ഓരോ സ്‌റ്റെപ്പും രണ്ട് തവണ എടുക്കേണ്ടി വന്നിട്ടുണ്ടായിരുന്നു.
കാരണം, രണ്ട് ഭാഷയിലാണ് ആ സിനിമ എടുത്തത്. ഐശ്വര്യ റായ് മാത്രമായിരുന്നു കോമണ്‍. വിക്രമും പൃഥ്വിരാജുമായിരുന്നു മറ്റ് ആര്‍ട്ടിസ്റ്റുകള്‍. അങ്ങനെ ഓരോ സ്‌റ്റെപ്പും രണ്ട് തവണ വീതം ചെയ്ത് കഴിഞ്ഞപ്പോഴേക്ക് ഐശ്വര്യ റായ് ആകെ തളര്‍ന്നുപോയി. പക്ഷേ ഓരോ സ്‌റ്റെപ്പും അവര്‍ വളരെ ഈസിയായി ചെയ്തിട്ടുണ്ട്. ഞാന്‍ ഓരോന്ന് പറഞ്ഞുകൊടുക്കുമ്പോഴും അത് അവരുടേതായ സ്‌റ്റൈലില്‍ പ്രസന്റ് ചെയ്യും,’ ശോഭന പറയുന്നു.
Content Highlight: Shobhana shares the choreography experience in Raavanan movie