| Sunday, 30th January 2022, 9:34 pm

ഏറ്റവും മികച്ച ആലിംഗനങ്ങളിലൊന്നെന്ന് ശോഭന, വിലമതിക്കാനാവാത്തതെന്ന് മഞ്ജു; മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറുകള്‍ കണ്ടുമുട്ടിയപ്പോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയ നായികയാണ് ശോഭന. മണിച്ചിത്രത്താഴിലെ ഗംഗയും തേന്മാവിന്‍ കൊമ്പത്തെ കാര്‍ത്തുമ്പിയും എക്കാലവും മലയാളികളുടെ മനസില്‍ തങ്ങിനില്‍ക്കുന്ന കഥാപാത്രങ്ങളാണ്.

ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് നടത്തിയത്. ചിത്രത്തിലെ അഭിനയത്തിന് താരം സൈമ അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്തിരുന്നു.

അഭിനയത്തില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയ വഴി നൃത്തത്തിന്റെ വീഡിയോകളും തന്റെ
വിശേഷങ്ങളും ശോഭന പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ നടി മഞ്ജു വാര്യരെ കണ്ടുമുട്ടിയപ്പോള്‍ ശോഭന പങ്കുവെച്ച ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

തനിക്ക് ഇതുവരെ ലഭിച്ച ഏറ്റവും മികച്ച ആലിംഗനങ്ങളിലൊന്നാണെന്ന ക്യാപ്ഷനോടെയാണ് മഞ്ജുവിനെ ചേര്‍ത്തുപിടിക്കുന്ന ഒരു ചിത്രം ശോഭന പങ്കുവെച്ചിരിക്കുന്നത്.

May be an image of 2 people

ചിത്രം പങ്കുവെച്ച് മിനിട്ടുകള്‍ക്കകം നിരവധി റിയാക്ഷനാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന് മികച്ച കമന്റുകളും വരുന്നുണ്ട്.

സൂപ്പര്‍സ്റ്റാറുകള്‍/ ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയിമില്‍, അതിപ്രഗത്ഭരായ രണ്ട് സുന്ദരികള്‍ ഒരു ഫ്രെയിമില്‍ തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്.

വിലമതിക്കാനാകത്തത് എന്ന ക്യാപഷനോടെയാണ് ശോഭന ഷെയര്‍ ചെയ്ത ചിത്രം മഞ്ജു തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയിട്ടുള്ളത്.

അതേസമയം, ഈ മാസം ആദ്യം ശോഭനയ്ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ശോഭന തന്നെയായിരുന്നു ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരുന്നത്

മുന്‍കരുതലുകള്‍ എടുത്തിട്ടും തനിക്ക് ഒമിക്രോണ്‍ ബാധിച്ചെന്നും സന്ധിവേദന, വിറയല്‍, തൊണ്ടവേദന എന്നിവയാണ് തന്റെ ലക്ഷണങ്ങള്‍ എന്നും ശോഭന പറഞ്ഞിരുന്നു. പിന്നീട് ആരോഗ്യസ്ഥിതി മെച്ചപ്പട്ടതായും ശോഭന അറിയിച്ചിരുന്നു.

CONTENT HIGHLIGHTS:  Shobhana shared a picture on social media herself when she met actress Manju Warrier

We use cookies to give you the best possible experience. Learn more