സൗത്ത് ഇന്ത്യന്‍ സിനിമകള്‍ ചെയ്തത് ഐശ്വര്യയുടെ ത്യാഗം, ബോളിവുഡില്‍ പലരും അത് ചെയ്യാറില്ല: ശോഭന
Film News
സൗത്ത് ഇന്ത്യന്‍ സിനിമകള്‍ ചെയ്തത് ഐശ്വര്യയുടെ ത്യാഗം, ബോളിവുഡില്‍ പലരും അത് ചെയ്യാറില്ല: ശോഭന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th May 2023, 10:54 am

ഐശ്വര്യ റായ്‌ക്കൊപ്പം വര്‍ക്ക് ചെയ്ത അനുഭവം പങ്കുവെക്കുകയാണ് ശോഭന. മണിരത്‌നം സംവിധാനം ചെയ്ത രാവണ്‍ എന്ന ചിത്രത്തിലെ കള്‍വരെ എന്ന പാട്ടില്‍ ഐശ്വര്യക്കായി കൊറിയോഗ്രഫി ചെയ്തത് ശോഭന ആയിരുന്നു. ഐശ്വര്യക്കൊപ്പം വര്‍ക്ക് ചെയ്തത് വളരെയധികം എക്‌സൈറ്റിങ്ങായിരുന്നു എന്ന് ശോഭന പറഞ്ഞു.

ബോളിവുഡ് താരങ്ങളില്‍ പലരും തെന്നിന്ത്യയില്‍ വന്ന് അഭിനയിക്കില്ലെന്നും എന്നാല്‍ ഐശ്വര്യ അത്തരത്തിലൊരാളല്ലെന്നും സിനി ഉലകം ചാനലിലെ സുഹാസിനി അവതാരകയായ അഭിമുഖത്തില്‍ ശോഭന പറഞ്ഞു.

‘ഐശ്വര്യയെ എനിക്കിഷ്ടമാണ്. അവരുടെ ട്രഡീഷണല്‍ ലുക്കെല്ലാം ഒരുപാട് ഇഷ്ടമാണ്. ഇവിടെ വന്ന് കുറെ കാര്യങ്ങള്‍ പഠിച്ച് മനസിലാക്കി പോയ ചുരുക്കം നടിമാരിലൊരാളാണ് ഐശ്വര്യ. ത്യാഗമെന്ന് വേണമെങ്കില്‍ പറയാം. ഹിന്ദിയില്‍ എത്ര ആര്‍ടിസ്റ്റുകളുണ്ട്. അവരില്‍ മിക്ക ആളുകളും തെന്നിന്ത്യന്‍ സിനിമ തെരഞ്ഞെടുക്കില്ല. കാരണം ഇവിടെ ചെറിയ മാര്‍ക്കറ്റാണ്.

പക്ഷെ അവര്‍ അങ്ങനെയല്ല. ഇവിടെ നിന്നും പഠിക്കാനുണ്ടെന്ന് അവര്‍ മനസിലാക്കി. അവരെ പോലെ ഇത്രയും സുന്ദരിയായ ആര്‍ടിസ്റ്റിനൊപ്പം വര്‍ക്ക് ചെയ്യുന്നത് എനിക്ക് എക്‌സൈറ്റ്‌മെന്റായിരുന്നു,’ ശോഭന പറഞ്ഞു.

ഐശ്വര്യ റായിക്ക് കൊറിയോഗ്രഫി ചെയ്യാനായി ശോഭനയെ മണിരത്‌നം വിളിച്ചതിനെ പറ്റി അദ്ദേഹത്തിന്റെ പങ്കാളി കൂടിയായ സുഹാസിനിയും സംസാരിച്ചിരുന്നു. ആ കഥാപാത്രം ചെയ്യാന്‍ ശോഭനക്കായില്ല, എങ്കില്‍ കൊറിയോഗ്രാഫിയെങ്കിലും ചെയ്യണമെന്നാണ് മണി പറഞ്ഞതെന്ന് സുഹാസിനി പറഞ്ഞു.

‘ഐശ്വര്യയുടെ ഡാന്‍സ് കാണുമ്പോള്‍ എനിക്ക് ശോഭനയെ ആണ് ഓര്‍മ വരുന്നത്. ആ കഥാപാത്രം ശോഭനക്ക് ചെയ്യാന്‍ പറ്റിയില്ല, എന്നാല്‍ ആ ഡാന്‍സ് എങ്കിലും ശോഭന കളിക്കണം എന്ന് പറഞ്ഞാണ് മണി ശോഭനയെ വിളിക്കുന്നത്,’ സുഹാസിനി പറഞ്ഞു.

Content Highlight: Shobhana said Aishwarya is not like other bollywood actors