| Tuesday, 20th March 2018, 12:44 pm

ശോഭനാ ജോര്‍ജ് ഇടതുപാളയത്തിലേക്ക്; എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും; സജി ചെറിയാന് വേണ്ടി പ്രചാരണത്തിന് ഇറങ്ങും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ ശോഭന ജോര്‍ജ് ഇടതുപാളയത്തിലേക്ക്. ഇടത് സ്ഥാനാര്‍ത്ഥി സജി ചെറിയാന് വേണ്ടി ശോഭന പ്രചരാണത്തിന് ഇരങ്ങും

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ന് നടക്കുന്ന എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ ശോഭന ജോര്‍ജ് പങ്കെടുക്കും. സജി ചെറിയാന് വേണ്ടി പ്രചാരണത്തിന് ഇറങ്ങാനാവശ്യപ്പെട്ട് കോടിയേരി ശോഭന ജോര്‍ജുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം ശോഭനാ ജോര്‍ജ് രംഗത്തെത്തിയിരുന്നു. കാരണം എന്താണന്ന ചോദ്യത്തിന് അത് പിന്നീട് വിശദമാക്കുമെന്നായിരുന്നു അവരുടെ മറുപടി.


Dont Miss തമിഴ്‌നാട്ടില്‍ പെരിയാര്‍ പ്രതിമയുടെ തലയറുത്തു


1991 ലാണ് ചെങ്ങന്നൂരില്‍ ശോഭന ജോര്‍ജ് ആദ്യമായി മത്സരിക്കുന്നത്. സിറ്റിങ് എം.എല്‍.എയും മുന്‍ തെരഞ്ഞെടുപ്പില്‍ 15,703 വോട്ടുകളുടെ മികച്ച വിജയം കരസ്ഥമാക്കിയ മാമന്‍ ഐപ്പായിരുന്നു എതിരാളി. ശോഭന ജോര്‍ജ് 40,208 വോട്ടു നേടിയപ്പോള്‍ മാമന്‍ ഐപ്പിന് 36,761 വോട്ടു നേടാനേ കഴിഞ്ഞിരുന്നുള്ളൂ.

1996ലെ തെരഞ്ഞെടുപ്പിലും മാമന്‍ ഐപ്പിനെ പരാജയപ്പെടുത്തി.. 2001ല്‍ മൂന്നാം തവണ മത്സരത്തിനിറങ്ങിയപ്പോള്‍ സി.പി.ഐ.എമ്മിലെ കെ.കെ.രാമചന്ദ്രന്‍നായരായിരുന്നു പ്രധാന എതിരാളി. ശോഭന ജോര്‍ജ് 41,242 വോട്ടുകള്‍ നേടിയപ്പോള്‍ 39,777 വോട്ടുകള്‍ നേടാനേ രാമചന്ദ്രന്‍നായര്‍ക്കായുള്ളൂ.

2006, 2011 വര്‍ഷങ്ങളില്‍ ശോഭന ജോര്‍ജ് ചെങ്ങന്നൂരില്‍ മത്സരിച്ചില്ല. 2006ല്‍ തിരുവനന്തപുരം വെസ്റ്റില്‍ നിന്നു നിയമസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് കെ.കരുണാകരനൊപ്പം ഡി.ഐ.സിയിലേക്കു മാറുകയായിരുന്നു.

പിന്നീടു കോണ്‍ഗ്രസിലേക്കു മടങ്ങിയെങ്കിലും കാര്യമായ പരിഗണന ശോഭനയ്ക്കു ലഭിച്ചിരുന്നില്ല. തന്നെ പരിഗണിക്കാത്ത കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് 2016 ലാണ് അവര്‍ പാര്‍ട്ടി വിടുന്നത്.

ഇതിനിടെ ശോഭന ജോര്‍ജ് സി.പി.ഐ.എമ്മിലേക്കു ചുവടു മാറുന്നതായി ചില വാര്‍ത്തകള്‍ വന്നിരുന്നു. ശോഭനയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചെങ്ങന്നൂരിലെ നിയുക്ത എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാനും ചര്‍ച്ച നടത്തിയെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

We use cookies to give you the best possible experience. Learn more