ചെങ്ങന്നൂരില്‍ വിഷ്ണുനാഥ് ഒരു വികസനവും നടത്തിയില്ല; ഒതുക്കിയത് ചെന്നിത്തല; എം.എം ഹസ്സനെതിരെ ആഞ്ഞടിച്ച് ശോഭനാ ജോര്‍ജ്
Kerala News
ചെങ്ങന്നൂരില്‍ വിഷ്ണുനാഥ് ഒരു വികസനവും നടത്തിയില്ല; ഒതുക്കിയത് ചെന്നിത്തല; എം.എം ഹസ്സനെതിരെ ആഞ്ഞടിച്ച് ശോഭനാ ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th March 2018, 1:04 pm

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയോട് ശോഭനാ ജോര്‍ജ് വഞ്ചന കാണിച്ചെന്ന കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്റെ പ്രസ്താവനക്ക് മറുപടിയുമായി ശോഭനാ ജോര്‍ജ് രംഗത്ത്.

12 വര്‍ഷക്കാലം ഒരു മെമ്പര്‍ഷിപ്പിന് വേണ്ടി ഇവരുടെയൊക്കെ പിറകെ നടന്ന തന്നെയാണ് ഇവര്‍ വഞ്ചകിയെന്ന് വിളിച്ചതെന്നും താന്‍ ഒരു വഞ്ചനയും ആരോടും കാണിച്ചിട്ടില്ലെന്നും ശോഭനാ ജോര്‍ജ് പറഞ്ഞു.

ഞാന്‍ അത്ര കൊള്ളരുതാത്തവളാണെങ്കില്‍, ഞാന്‍ ആരുമല്ല ഒന്നുമല്ല എന്ന് പറയുന്നവര്‍, എന്റെ ഫോണില്‍ വോയ്‌സ് റെക്കോര്‍ഡറുണ്ട്. അതൊന്നും ഞാന്‍ അധികം പറയുന്നില്ല. എന്നോട് ഫോണില്‍ ആരൊക്കെ സംസാരിച്ചു എന്നതിന്റെ ലിസ്റ്റ് ഇവരൊക്കെ ഒന്നു നോക്കി വേണം ഇതൊക്കെ പറയാനെന്നും ശോഭനാ ജോര്‍ജ് ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നു.

ഇനിയും ഒരു പരീക്ഷണത്തിന് ചെങ്ങന്നൂരിനെ വിട്ടുകൊടുക്കാന്‍ പറ്റില്ല. എന്റെ നിലപാടുകള്‍ ശരിയായിരുന്നെന്ന് കാലം തെളിയിക്കും. 2016 ഞാന്‍ ആരുടെയെങ്കിലും പിന്തുണയോടെ മത്സരിച്ചിരുന്നെങ്കില്‍ ഞാന്‍ ഏതെങ്കിലും പദവിയില്‍ ഇന്ന് ഇരുന്നേനെ. എന്നാല്‍ അത് ചെയ്യാതെ ചെങ്ങന്നൂരില്‍ എന്നെ കൊണ്ട് കഴിയുന്ന വിധത്തില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു.

ഞാന്‍ പാര്‍ട്ടിയോട് ഒരു വഞ്ചനയും കാണിച്ചിട്ടില്ല. ഈ നാട്ടിലെ ജനങ്ങളോടും ഒരു വഞ്ചനയും കാണിച്ചിട്ടില്ല. 2005 ല്‍ ഡി.ഐ.സി രൂപീകരിച്ചപ്പോള്‍ ലീഡര്‍ക്കൊപ്പം പോയി. പിന്നീട് ഞാനുള്‍പ്പെടെയുള്ള ഒന്‍പത് പേരും പാര്‍ട്ടിയിലേക്ക് തിരിച്ചുവന്നു. പാര്‍ട്ടിയില്‍ നിന്നും പോകുമ്പോള്‍ എന്ത് സ്ഥാനാമായിരുന്നു ഉണ്ടായിരുന്നത് അതേസ്ഥാനം ലഭിക്കുമെന്നായിരുന്നു ധാരണ.


Dont Miss ഭൂമി പരന്നതാണെന്ന് തെളിയിക്കാന്‍ സ്വന്തമായി റോക്കറ്റ് ഉണ്ടാക്കി പറന്ന് അമേരിക്കക്കാരന്‍


ഒന്‍പത് പേരായിരുന്നു അന്ന് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ഡി.ഐ.സിയില്‍ ചേര്‍ന്നത്. എട്ട് പേരും തിരിച്ചുവന്നപ്പോള്‍ അവര്‍ക്ക് കെ.പി.സി.സി എക്‌സിക്യൂട്ടീവില്‍ സ്ഥാനം നല്‍കി. എന്നാല്‍ എനിക്ക് മാത്രം ഒരു സ്ഥാനവും തന്നില്ല. പലപ്പോഴും പല നേതാക്കന്‍മാരോടുമായി ഇതേക്കുറിച്ച് ഞാന്‍ സംസാരിച്ചു.

ഇത് എന്നോടുള്ള കലിപ്പായി കാണുന്നില്ല. ശോഭനാ ജോര്‍ജ് വീണ്ടും തിരിച്ചുവന്നാല്‍ വീണ്ടും എന്തെങ്കിലും വിഷയം വന്നാല്‍ ലീഡര്‍ക്ക് ശക്തിയായി ശോഭനാ ജോര്‍ജ് കൂടെനില്‍ക്കുമെന്നും അതുകൊണ്ട് തന്നെ ശോഭനാ ജോര്‍ജിന് പാര്‍ട്ടി മെമ്പര്‍ഷിപ്പ് പോലും കൊടുക്കേണ്ടതില്ല എന്നത് അന്നത്തെ കെ.പി.സി.സി പ്രസിഡന്റായ രമേശ് ചെന്നിത്തലയുടെ തീരുമാനമായിരുന്നു. എനിക്ക് അത് എവിടേയും പറയാം.

2011 ലെ തെരഞ്ഞെടുപ്പില്‍ പോലും ഞാന്‍ നോമിനേഷന്‍ കൊടുത്തു. ചെങ്ങന്നൂരിലെ എല്ലാ വികസനത്തിനും വേണ്ടി വിഷ്ണുനാഥിന് വേണ്ടി ഞാന്‍ നോമിനേഷന്‍ പിന്‍വലിച്ചു. കെ.പി.സി.സി എക്‌സിക്യൂട്ടീവില്‍ ഒരാളായി എന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും തന്നില്ല. 2016 ലെ തെരഞ്ഞെടുപ്പിലും വിഷ്ണുനാഥ് സ്ഥാനാര്‍ത്തിയായി. എന്നാല്‍ ഇക്കാലയളവിലൊന്നും ഒരു തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളും അവിടെ നടന്നിട്ടില്ല.

ഞാന്‍ ഇരുന്നപ്പോള്‍ വികസനം ഇല്ലെന്ന് പറഞ്ഞ് തെറ്റാണ്. ഞന്‍ ഇരുന്നപ്പോള്‍ വികസനം ഉണ്ടായിട്ടുണ്ട്. പ്രധാന റോഡുകളെല്ലാം ഏറ്റെടുക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വിഷ്ണുനാഥ് ഒന്നും ചെയ്തില്ല.

2018 ലെ ഉപതെരഞ്ഞെടുപ്പിനെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഇവിടെ തുടങ്ങിവെച്ച എല്ലാ വികസന പ്രവര്‍ത്തനവും പൂര്‍ത്തിയാക്കാന്‍ കഴിയണം. അതിന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ വിജയിച്ചേ മതിയാവൂ. അതുകൊണ്ടാണ് സജി ചെറിയാനെ പിന്തുണക്കാന്‍ തീരുമാനിച്ചതെന്നും ശോഭനാ ജോര്‍ജ് പറയുന്നു.


watch doolnews Video