| Friday, 3rd May 2019, 8:44 am

മോഹന്‍ലാല്‍ പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടരുത്; അമ്പത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതിനെതിരെ ശോഭന ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: സംസ്ഥാന ഖാദി ബോര്‍ഡിനോട് അമ്പത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ അയച്ച വക്കീല്‍ നോട്ടീസിനെതിരെ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സന്‍ ശോഭന ജോര്‍ജ്. മോഹന്‍ലാല്‍ നടന്‍ മാത്രമല്ലെന്നും കേണലും പത്മഭൂഷന്‍ ജേതാവുമായ അദ്ദേഹത്തിന് നാടിനോട് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടുന്ന ജോലി ചെയ്യരുതെന്നും ശോഭന പറഞ്ഞു.

നിരവധി പാവപ്പെട്ട സ്ത്രീകളുടെ ഉപജീവനമാര്‍ഗം കൂടിയായ ഖാദിയെ പ്രോത്സാഹിപ്പിക്കുകയാണ് മോഹന്‍ലാല്‍ ചെയ്യേണ്ടതെന്നും 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അദ്ദേഹം അയച്ച വക്കീല്‍ നോട്ടീസിന് നിയമോപദേശം കിട്ടിയ ശേഷം മറുപടി നല്‍കുമെന്നും ശോഭന അറിയിച്ചു.

ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിച്ച് പ്രമുഖ മുണ്ടുനിര്‍മ്മാണ കമ്പനിയുടെ പരസ്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതിന് സംസ്ഥാന ഖാദി ബോര്‍ഡ് മുണ്ട് നിര്‍മ്മാണ കമ്പനിക്കും മോഹന്‍ലാലിനും നേരത്തെ നോട്ടീസ് അയച്ചിരുന്നു.

ദേശീയതയുടെ അടയാളങ്ങളിലൊന്നായ ചര്‍ക്കയെ ഖാദിയുമായോ ചര്‍ക്കയുമായോയാതൊരു ബന്ധവുമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ ഉപയോഗിക്കുന്നത് തെറ്റായ നടപടിയാണെന്നായിരുന്നു ശോഭനാ ജോര്‍ജിന്റേയും ഖാദി ബോര്‍ഡിന്റേയും നിലപാട്.

എന്നാല്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന ഒരു ടെലിവിഷന്‍ പരസ്യത്തില്‍ അഭിനയിച്ചതിന് തനിക്കെതിരെ ഖാദി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ് നടത്തിയ പരസ്യ പരാമര്‍ശങ്ങള്‍ തന്നെ അപമാനിക്കുന്ന തരത്തിലായിരുന്നുവെന്ന് ആരോപിച്ച് മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസ് അയക്കുകയായിരുന്നു.

പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ പൊതുചടങ്ങില്‍ പരസ്യമായി ആക്ഷേപിച്ചു, പത്ര ദൃശ്യമാധ്യമങ്ങളിളും മറ്റും വാര്‍ത്ത നല്‍കി, വക്കീല്‍ നോട്ടീസ് അയക്കുന്നതിന് മുന്‍പ് ഉണ്ടായ ഇത്തരം നടപടികള്‍ വൃത്തികെട്ട പ്രശസ്തി ലക്ഷ്യമിട്ടാണെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസ് അയച്ചത്.

മോഹന്‍ലാലിനെ പോലൊരു നടന്‍ ഇത്തരം പര്യസങ്ങളുടെ ഭാഗമാവുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ഇടയാക്കുമെന്ന വക്കീല്‍ നോട്ടീസിനെ തുടര്‍ന്ന് ചര്‍ക്ക ഉള്‍പ്പെടുത്തിയ പരസ്യം പിന്‍വലിക്കാന്‍ മുണ്ട് നിര്‍മ്മാണ കമ്പനി തയ്യാറായിരുന്നു.

We use cookies to give you the best possible experience. Learn more