ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളാണ് ശോഭന. ബാലതാരമായി സിനിമയിലേക്കെത്തിയ ശോഭന ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. മണിച്ചിത്രത്താഴിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ശോഭന സ്വന്തമാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലുമായി ശോഭന ഒന്നിക്കുന്ന ചിത്രമാണ് തുടരും.
സിനിമയിലെ രീതികള്‍ മാറിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ശോഭന. സിനിമാസെറ്റുകളിലെ കാരവന്‍ സംസ്‌കാരത്തോട് തനിക്ക് താത്പര്യമില്ലെന്നും അതുമായി പൊരുത്തപ്പെട്ടുപോകാന്‍ നല്ല പാടാണെന്നും ശോഭന പറഞ്ഞു. തന്റെ തലമുറയില്‍പ്പെട്ട നടിമാര്‍ ഈ കാരവനൊന്നും ഇല്ലാതെയാണ് നിലനിന്നതെന്നും അഡ്ജസ്റ്റ് ചെയ്യാന്‍ നന്നായി പഠിച്ചവരാണെന്നും ശോഭന കൂട്ടിച്ചേര്‍ത്തു.
ലൊക്കേഷനിലെ മറവുകളില്‍ നിന്ന് വസ്ത്രം മാറിയിരുന്ന കാലത്ത് നിന്ന് കാരവനിലേക്ക് മാറിയത് മുന്നേറ്റമായിട്ടാണ് പലരും കാണുന്നതെന്ന് ശോഭന പറഞ്ഞു. എന്നാല്‍ അന്നത്തെ കാലത്ത് കാരവന്‍ എന്ന കാര്യത്തെപ്പറ്റി ഒട്ടും അറിവില്ലായിരുന്നെന്നും അതുകൊണ്ട് അതെല്ലാം വലിയ പ്രശ്‌നമല്ലായിരുന്നെന്നും ശോഭന കൂട്ടിച്ചേര്‍ത്തു.
കാരവനിലേക്ക് എപ്പോഴും കയറിയിറങ്ങി തനിക്ക് മുട്ട് വേദനിക്കാറുണ്ടെന്നും ഒരു നൂയ്‌സെന്‍സായിട്ടാണ് താന്‍ കാണുന്നതെന്നും ശോഭന പറഞ്ഞു. കാരവനിലേക്ക് വലിഞ്ഞ് കയറുന്നത് തനിക്ക് പലപ്പോഴും ബുദ്ധിമുട്ടായി തോന്നാറുണ്ടെന്നും തന്നെ സംബന്ധിച്ച് അതൊരു വേസ്റ്റ് പ്രൊഡക്ടാണെന്നും ശോഭന കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥ നല്ലതല്ലെങ്കില്‍ മാത്രമേ താന്‍ കാരവന്‍ ഉപയോഗിക്കാറുള്ളതെന്നും ശോഭന പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ടി.വിയോട് സംസാരിക്കുകയായിരുന്നു ശോഭന.
‘ഞാന്‍ സിനിമയിലെത്തിയ കാലത്ത് കാരവന്‍ ഇല്ലാത്തത് ഒരു പ്രശ്‌നമായിരുന്നില്ല. എന്താണെന്ന് വെച്ചാല്‍ ആ സമയത്ത് കാരവനെപ്പറ്റി യാതൊരു അറിവുമില്ല. സെറ്റിലെത്തി വസ്ത്രം മാറുന്ന സമയത്ത് പ്രൊഡക്ഷന്‍ ടീം വീട് അറേഞ്ച് ചെയ്തിട്ടുണ്ടെന്നൊക്കെ പറയും. പക്ഷേ, അവിടെയെത്തുമ്പോഴേക്ക് ഒരു പരുവമായിട്ടുണ്ടാകും. അതിലും നല്ലത് ലൊക്കേഷനില്‍ ഏതെങ്കിലും മറവില്‍ നിന്ന് വസ്ത്രം മാറുന്നതാണ്.
എനിക്ക് മാത്രമല്ല, എന്റെ ജനറേഷനിലുള്ള രാധിക, സുഹാസിനി പോലുള്ള നടിമാര്‍ ഇത്തരം അവസ്ഥകളിലൂടെ കടന്നുവന്നവരാണ്. ഞങ്ങളെല്ലാം അഡ്ജസ്റ്റ് ചെയ്യാന്‍ പഠിച്ചവരാണ്. എനിക്ക് കാരവന്‍ എന്ന് പറയുന്നത് ഒരു നൂയ്‌സെന്‍സായാണ് തോന്നിയിട്ടുള്ളത്. ദിവസവും രണ്ട് ലക്ഷം വരെ വാടക കൊടുക്കുന്ന ഒരു സാധനമാണല്ലോ അത്.
ഓരോ തവണയും കാരവനില്‍ കയറിയിറങ്ങി എനിക്ക് മുട്ടുവേദന വന്നിട്ടുണ്ട്. അതുകൊണ്ട് എന്നെ സംബന്ധിച്ച് അതൊരു വേസ്റ്റ് പ്രൊഡക്ടാണ്. പിന്നെ ലൊക്കേഷനില്‍ എല്ലാവരും കാരവന്‍ ഉപയോഗിക്കുന്ന രീതിയിലേക്ക് മാറി. കാലാവസ്ഥ നല്ലതെല്ലെങ്കില്‍ മാത്രം ഞാനും കാരവന്‍ ഉപയോഗിക്കും,’ ശോഭന പറയുന്നു.
Content Highlight: Shobhana about Caravan culture in cinema industry