തിരുവനന്തപുരം: ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകില്ലെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ്. തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകുമെങ്കിലും ശോഭാ സുരേന്ദ്രന്‍ മത്സരിക്കില്ലെന്നാണ് എം.ടി രമേശ് പറഞ്ഞത്. ട്വന്റി ഫോര്‍ ന്യൂസിനോടായിരുന്നു എം.ടി രമേശിന്റെ പ്രതികരണം.
ബി.ജെ.പിക്ക് അധികാരത്തിലെത്താന്‍ 71 സീറ്റിന്റെ ആവശ്യമില്ല. 40 സീറ്റുകിട്ടിയാല്‍ മറ്റു കക്ഷികള്‍ ബി.ജെ.പിക്കൊപ്പം വരുമെന്നും എം.ടി രമേശ് കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിയില്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തര്‍ക്കമില്ലെന്നും അന്തിമ തീരുമാനം സ്‌ക്രീനിങ്ങ് കമ്മിറ്റിക്ക് ശേഷമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ കേന്ദ്ര നേതൃത്വമാണ് പ്രഖ്യാപിക്കുക.
എല്ലാ സമുദായങ്ങളുടെയും താത്പര്യം പരിഗണിച്ചിട്ടുണ്ടെന്ന് എം.ടി രമേശ് പറഞ്ഞു. ക്രിസ്ത്യന്‍ സഭകളുടെ താത്പര്യവും പരിഗണിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ബി.ജെ.പിയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ നിന്നും ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയിരുന്നു. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനായിരുന്നു കമ്മിറ്റിയിലുള്‍പ്പെട്ടവരുടെ പട്ടിക പ്രഖ്യാപിച്ചത്.
പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്ന ഇ.ശ്രീധരന്‍ 16 അംഗ തെരഞ്ഞെടുപ്പ് കമ്മറ്റിയില്‍ ഇടം പിടിച്ചിട്ടും ശോഭ സുരേന്ദ്രനെ ഒഴിവാക്കുകയായിരുന്നു.
സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി, മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എം.എല്‍.എ, സി.കെ. പദ്മനാഭന്‍, പി.കെ. കൃഷ്ണദാസ്, ഇ.ശ്രീധരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി രമേശ്, ജോര്‍ജ് കുര്യന്‍, സി.കൃഷ്ണകുമാര്‍, പി.സുധീര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണന്‍, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ഗണേശന്‍, സഹ.ജനറല്‍ സെക്രട്ടറി കെ.സുഭാഷ്, മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രഹ്മണ്യന്‍ തുടങ്ങിയവരാണ് കമ്മറ്റിയില്‍ ഉള്ളത്.