കൊച്ചി: കൊച്ചിയില്‍ നടക്കുന്ന ബി.ജെ.പിയുടെ നേതൃയോഗത്തില്‍ കെ. സുരേന്ദ്രനെതിരെ പോര്‍മുഖം തുറന്ന് ശോഭാ സുരേന്ദ്രന്‍ പക്ഷത്തുള്ള നേതാക്കള്‍. യോഗത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് അല്ലാതെ മറ്റൊന്നും ചര്‍ച്ച ചെയ്യില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞെങ്കിലും പാര്‍ട്ടിയിലെ വിഭാഗീയത യോഗത്തില്‍ നേതാക്കള്‍ ഉന്നയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
സുരേന്ദ്രന് സ്റ്റാലിനിസ്റ്റ് മനോഭാവമാണെന്നും ഏകാധിപതിയെ പോലെയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനവുമാണ് പി.കെ കൃഷ്ണദാസ് പക്ഷവും ശോഭാ സുരേന്ദ്രന്‍ പക്ഷവും യോഗത്തില്‍ ഉന്നയിച്ചത്.
അധികാരമോഹിയായി ചിത്രീകരിച്ചും വ്യക്തിഹത്യ നടത്തിയും ഒറ്റപ്പെടുത്തി പാര്‍ട്ടിയില്‍ നിന്ന് പുറത്തു ചാടിക്കാന്‍ മുരളീധര പക്ഷം ഗൂഢാലോചന നടത്തിയെന്നും ഇതിന്റെ ഭാഗമായി ഇപ്പോളും തങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ തുടരുകയാണെന്നും ശോഭ സുരേന്ദ്രന്‍ പക്ഷം യോഗത്തില്‍ ആരോപിച്ചു. വിഷയത്തില്‍ കേന്ദ്രനേതൃത്വം ഇടപെട്ടേ തീരൂവെന്നും നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
സംസ്ഥാന തലത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന നൂറിലേറെ വരുന്ന നേതാക്കളേയും ജില്ലാ മണ്ഡലം പഞ്ചായത്തു തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളെയും ഗ്രൂപ്പിന്റെ പേരില്‍ മാറ്റി നിര്‍ത്തിയിരിക്കുകയാണെന്നു ഇവര്‍ യോഗത്തില്‍ പറഞ്ഞു.
ബി.ജെ.പിക്ക് തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി ഇതുമൂലം ഉണ്ടാകുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവിലെ വിവാദങ്ങളുടെ പേരിലാണ് പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കാതിരുന്നത് എന്നാവും ഒടുവില്‍ മുരളീധരപക്ഷം പറയുകയെന്നും ശോഭാ സുരേന്ദ്രന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
യോഗത്തിലെ ആകെ അജണ്ട തദ്ദേശതെരഞ്ഞെടുപ്പ് മാത്രമാണെന്നായിരുന്നു ഇന്ന് രാവിലെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. പാര്‍ട്ടിയില്‍ ഒരു തരത്തിലുള്ള ഭിന്നതകളുമില്ലെന്നും അതെല്ലാ മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണെന്നുമായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.
മാധ്യമങ്ങളുടെ അജണ്ടയില്‍ അല്ല സംസ്ഥാന ഭാരവാഹി യോഗം നടക്കുന്നതെന്നും പാര്‍ട്ടിയുടെ അജണ്ടയ്ക്ക് അനുസരിച്ചാണ് യോഗമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
‘നിങ്ങള്‍ ഉണ്ടാക്കുന്ന വിഷയം ചര്‍ച്ച ചെയ്യാനല്ലല്ലോ ഞങ്ങള്‍ ഇരിക്കുന്നത്. എല്ലാ നേതാക്കളേയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. ആരൊക്കെ പങ്കെടുക്കുമെന്ന് യോഗത്തിന് ശേഷം അറിയാം. പാര്‍ട്ടിയില്‍ ഭിന്നതയെന്നത് മാധ്യമസൃഷ്ടി മാത്രമാണ്’, സുരേന്ദ്രന്‍ പറഞ്ഞു.
കൊച്ചിയില്‍ നടക്കുന്ന ബി.ജെ.പിയുടെ നേതൃയോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് ശോഭാ സുരേന്ദ്രന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിട്ടില്ലാത്തതിനാല്‍ യോഗത്തിന് പങ്കെടുക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് ശോഭാ സുരേന്ദ്രന്‍.
യോഗത്തില്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുമെന്നും പ്രശ്‌നം പരിഹരിക്കാനുള്ള ചര്‍ച്ച നടത്തുമെന്നും യോഗത്തിന് വരണമെന്നും ശോഭാ സുരേന്ദ്രനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു കേരളത്തിന്റെ ചുമതലയുള്ള സി.പി രാധാകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
എന്നാല്‍ പരാതികള്‍ പരിഹരിക്കാതെ യോഗത്തിന് എത്തില്ലെന്ന നിലപാടില്‍ ശോഭ ഉറച്ചുനിന്നു. കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായതിന് ശേഷം പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടികളില്‍ നിന്നും യോഗങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ശോഭ.
സി.പി രാധാകൃഷ്ണന്‍ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ നേതൃയോഗമാണ് ഇന്ന് കൊച്ചിയില്‍ നടക്കുന്നത്. വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പടെ 54 പേരാണ് യോഗത്തില്‍ പങ്കെടുക്കേണ്ടത്.
തദ്ദേശതെരഞ്ഞെടുപ്പ് വേളയില്‍ സംസ്ഥാന ബി.ജെ.പിയിലെ ഗ്രൂപ്പ് പോര് പാര്‍ട്ടിക്ക് വലിയ തലവേദനയുണ്ടാക്കുന്നത്.
വ്യക്തിവിരോധം മൂലം കെ.സുരേന്ദ്രന്‍ തന്നെ ഒതുക്കിയെന്ന് ആരോപിച്ച് കേന്ദ്രനേതൃത്വത്തിന് കത്തെഴുതിയ ശോഭ സുരേന്ദ്രന്‍ പ്രശ്‌നപരിഹാരത്തിന് ഉടന്‍ കേന്ദ്ര ഇടപെല്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.
അതേസമയം കേരളത്തിലെ പാര്‍ട്ടിയുടെ പ്രധാനപ്പെട്ട ഒരു വനിതാ നേതാവ് പാര്‍ട്ടിയുമായി അകന്ന് നില്‍ക്കുന്നത് തിരിച്ചടിയാണെന്ന വിലയിരുത്തലിലാണ് കേന്ദ്രനേതൃത്വം. ഇന്നത്തെ ചര്‍ച്ചയിലുണ്ടായ തീരുമാനങ്ങള്‍ കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള സി.പി രാധാകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക