| Tuesday, 9th February 2021, 11:25 am

ഗര്‍ഭിണി ആയിരിക്കുന്ന സമയത്ത് പോലും സ്വന്തം കാര്യം നോക്കി വീട്ടിലിരുന്നിട്ടില്ല, ഇടവേള ആസ്വദിക്കുകയായിരുന്നില്ല: ശോഭാ സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സ്ത്രീയെന്ന നിലയില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട സമയത്തുപോലും സ്വന്തം കാര്യം നോക്കി താന്‍ വീട്ടിലിരുന്നിട്ടില്ലെന്നും ഗര്‍ഭിണി ആയിരിക്കുന്ന അവസ്ഥയിലടക്കം ഒരു സര്‍ക്കാര്‍ ജീവനക്കാരി എടുക്കുന്ന അവധി പോലും പാര്‍ട്ടിയില്‍ നിന്നും താന്‍ എടുത്തിട്ടില്ലെന്നും ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍.

ഇപ്പോള്‍ ഉണ്ടായ ഈ ഇടവേള ഒരിക്കലും താന്‍ ആസ്വദിക്കുകയായിരുന്നില്ലെന്നും മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശോഭ പറഞ്ഞു. ഒരുവര്‍ഷത്തോളം പാര്‍ട്ടിയില്‍ നിന്നും മാറി നിന്ന സമയത്ത് കുറിച്ചുമാണ് ശോഭാ സുരേന്ദ്രന്‍ അഭിമുഖത്തില്‍ സംസാരിച്ചത്.

‘ഞാന്‍ ആറുമാസം ഗര്‍ഭിണി ആയിരിക്കുമ്പോഴാണ് പാര്‍ട്ടി ആഹ്വാനപ്രകാരം തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ തടഞ്ഞതും അറസ്റ്റിലായതും. സ്ത്രീയെന്ന നിലയില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ആ സമയത്തുപോലും സ്വന്തം കാര്യം നോക്കി വീട്ടിലിരുന്നിട്ടില്ല.
പ്രസവത്തിനു ശേഷം ശുശ്രൂഷ വേണ്ട സമയത്ത് ഒരു സര്‍ക്കാര്‍ ജീവനക്കാരി എടുക്കുന്ന അവധി പോലും പാര്‍ട്ടിയില്‍നിന്ന് എടുത്തില്ല. അതുകൊണ്ട് ഞാന്‍ ഇടവേള ആസ്വദിക്കുകയായിരുന്നില്ല’, ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

മിക്ക തെരഞ്ഞെടുപ്പുകളിലും അവസരം നല്‍കിയിട്ടും പാര്‍ട്ടി പദവികള്‍ ലഭിച്ചിട്ടും പാര്‍ട്ടിയെ കയ്യൊഴിഞ്ഞുവെന്നു വിമര്‍ശിക്കുന്നവരുണ്ടല്ലോ എന്ന ചോദ്യത്തിന് അംഗീകാരം ആ വ്യക്തിയുടെ പ്രവര്‍ത്തനം കൂടി മാനിച്ചിട്ടാകുമല്ലോ എന്നായിരുന്നു ശോഭയുടെ മറുപടി. ‘ പരിഗണിക്കണമെന്ന് ഞാനാരോടും പറഞ്ഞിട്ടില്ല. ഒരു മണ്ഡലം കമ്മിറ്റി പോലും പൂര്‍ണമായി ഇല്ലാത്ത വടക്കാഞ്ചേരിയില്‍ കെ.മുരളീധരനെതിരെയാണ് ആദ്യം മത്സരിച്ചത്. കഠിനാധ്വാനത്തിന്റെ ഫലമായാണ് അവസരങ്ങള്‍ തേടിവന്നത്.

കഴിഞ്ഞ 33 വര്‍ഷവും പാര്‍ട്ടി ആവശ്യപ്പെട്ടയിടത്തു പോയാണു ഞാന്‍ പ്രവര്‍ത്തിച്ചത്. എറണാകുളത്തും പൊന്നാനിയിലും അടക്കം മത്സരിച്ചിട്ടുണ്ട്. 7 തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് അഞ്ചു ജില്ലകളിലായാണ്. എ പ്ലസ് മണ്ഡലങ്ങളില്‍ പെടാത്ത 90000 വോട്ടു മാത്രം കിട്ടിയിരുന്ന ആറ്റിങ്ങലിലാണ് ഒടുവില്‍ ലോക്‌സഭയിലേക്കു മത്സരിച്ചത്. അധികാരമോഹിയായിരുന്നുവെങ്കില്‍ ഇതാകുമായിരുന്നോ സമീപനം?, ശോഭാ സുരേന്ദ്രന്‍ ചോദിച്ചു.

ശ്രീധരന്‍പിള്ളയ്ക്കു പകരം പ്രസിഡന്റിനെ നിശ്ചയിക്കുമ്പോള്‍ ഇവിടെനിന്നു ദേശീയ നിര്‍വാഹക സമിതിയിലുള്ള, സംസ്ഥാന പ്രസിഡന്റാകാത്ത ഏക നേതാവ് താങ്കളായിരുന്നു. എന്നിട്ടും തഴയപ്പെട്ടതല്ലേ, മാറിനില്‍ക്കാനുള്ള യഥാര്‍ഥ കാരണമെന്ന ചോദ്യത്തിന് സംസ്ഥാന പ്രസിഡന്റ് സ്ഥാനം ലഭിക്കാത്തതു കൊണ്ട് ഞങ്ങള്‍ക്കിടയില്‍ ഒരു തര്‍ക്കവുമില്ലെന്നായിരുന്നു ശോഭയുടെ മറുപടി.

അത് ഒരേയൊരു കസേരയാണ്. അര്‍ഹതപ്പെട്ട ആള്‍ അതിലിരിക്കട്ടെ. അതിലിരുന്ന് എല്ലാവരെയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകണം. സംഘടനാ തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ പല പേരുകളും ഉയരുന്നതുപോലെ എന്റെ പേരും ഉയര്‍ന്നിട്ടുണ്ടാകാം. പക്ഷേ, സംസ്ഥാന അധ്യക്ഷനായി ഒരാള്‍ വന്നാല്‍ പിന്നെ കൂട്ടായ നേതൃത്വമായി മുന്നോട്ടുപോവുകയാണു വേണ്ടത്.

അങ്ങനെ ഒരുമിപ്പിച്ചു കൊണ്ടുപോകുന്നതില്‍ കെ.സുരേന്ദ്രനു വീഴ്ചയുണ്ടായോ എന്ന ചോദ്യത്തിന് അതെക്കുറിച്ചു താന്‍ വിലയിരുത്തുന്നില്ലെന്നും ഓരോരുത്തര്‍ക്കും ഓരോ ശൈലിയുണ്ടെന്നും സുരേന്ദ്രന് അദ്ദേഹത്തിന്റേതായ ശൈലിയുണ്ടാകുമെന്നുമായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി.

‘ബി.ജെ.പിക്കു വേണ്ടി കഷ്ടപ്പെട്ടവരും വേദന അനുഭവിച്ചവരുമായ ഒരുപാടു നേതാക്കളുണ്ട്. അങ്ങനെയുള്ള പി.എം.വേലായുധന്‍ തന്റെ പ്രയാസം തുറന്നുപറഞ്ഞു. അവര്‍ക്കെല്ലാം കൂടി പ്രവര്‍ത്തിക്കാന്‍ സാഹചര്യം ഒരുങ്ങുമെന്നു തന്നെയാണു വിശ്വസിക്കുന്നത്’, ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച ശേഷം സ്വയം രാഷ്ട്രീയ വനവാസത്തിലായത് എങ്ങനെയാണു തരണം ചെയ്തത് എന്ന ചോദ്യത്തിന് താന്‍ പൂര്‍ണമായും എഴുത്തിലായിരുന്നെന്നും മൂന്ന് പുസ്തകങ്ങളുടെ പണിപ്പുരയിലാണെന്നുമായിരിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി.

‘ജനപക്ഷത്തിലെ സ്ത്രീപക്ഷ കാഴ്ചപ്പാട്’ എന്നത് മുന്‍നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള പുസ്തകം പൂര്‍ത്തിയായി. അമിത് ഷായെയും യോഗി ആദിത്യനാഥിനെയും കുറിച്ചുള്ളതാണ് ഇനി. വീടിനകത്ത് ഇരുന്നപ്പോഴും ബി.ജെ.പിയുടെ ആശയങ്ങള്‍ ജനങ്ങളിലേക്കു കൂടുതലായി എത്തിക്കാനുള്ള മാര്‍ഗമാണു ഞാന്‍ അവലംബിച്ചത്. സമൂഹമാധ്യമങ്ങളില്‍നിന്ന് ഒരു ഘട്ടത്തിലും വിട്ടുനിന്നിട്ടില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Shobha Surendran said how she spend time from home

Latest Stories

We use cookies to give you the best possible experience. Learn more