തിരുവനന്തപുരം: ഉള്‍പാര്‍ട്ടി പോരിനിടെ ബി.ജെ.പിയെ വെട്ടിലാക്കി ശോഭ സുരേന്ദ്രന്റെ ഒറ്റയാള്‍ സമരം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് സമീപം നിയമന വിവാദത്തില്‍ പാര്‍ട്ടിയോട് ആലോചിക്കാതെയാണ് ശോഭ സുരേന്ദ്രന്‍ ഒറ്റയാള്‍ സമരം ആരംഭിച്ചിരിക്കുന്നത്.
പാര്‍ട്ടിയുടെ കൊടിയോ ചിഹ്നമോ ഒന്നും തന്നെയില്ലാതെയാണ് ശോഭാ സുരേന്ദ്രന്‍ സമരം ആരംഭിച്ചിരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന വിജയ യാത്രയുടെ തിരക്കിലാണ്.
ഇതിനിടെയാണ് പാര്‍ട്ടി നേതൃത്വത്തിനെ പോലും അറിയാക്കാതെ ശോഭ ഒറ്റയ്ക്ക് സമരം ആരംഭിച്ചിരിക്കുന്നത്. ജില്ലയിലെ ചില പ്രവര്‍ത്തകര്‍ മാത്രമാണ് ശോഭയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.
വീട്ടമ്മ എന്ന നിലയിലാണ് സമരമെന്നാണ് ശോഭ പറയുന്നത്. ബി.ജെ.പി നേതാവ് കൂടിയാണല്ലോ താനെന്നും ശോഭ പ്രസംഗത്തിനിടെ പറഞ്ഞു. സമരത്തിനെ തള്ളിപറയാനും ബി.ജെ.പിക്ക് ആവില്ല എന്നത് നേതൃത്വത്തിനെ വെട്ടിലാക്കിയിരിക്കുകയാണ്.
ഇതിനിടെ പാര്‍ട്ടിയില്‍ ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ച പരാതികള്‍ പരിഹരിക്കാനാവാതെ കുഴങ്ങിയിരിക്കുകയാണ് ദേശീയ നേതൃത്വമടക്കമുള്ളവര്‍.
കേരളത്തിലെ സംഘടനാ പ്രശ്നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നെങ്കിലും പ്രശ്‌നത്തില്‍ തീരുമാനമായില്ല.
പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ കാരണം പൊതുവേദിയില്‍ നിന്ന് മാറിനിന്ന ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞയാഴ്ചയാണ് ജെ.പി നദ്ദ പങ്കെടുത്ത ബി.ജെ.പി ഭാരവാഹി യോഗത്തില്‍ പങ്കെടുത്തത്. അന്ന് സംഘടനാ പ്രശ്നവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് ശോഭാ സുരേന്ദ്രന്‍ മറുപടി നല്‍കിയിരുന്നില്ല. ദേശീയ അധ്യക്ഷന്‍ പറഞ്ഞതില്‍ കൂടുതലൊന്നും വിഷയത്തില്‍ തങ്ങള്‍ക്ക് പറയാനില്ലെന്നാണ് ശോഭാ സുരേന്ദ്രന്‍ അന്ന് പറഞ്ഞിരുന്നത്.
ബി.ജെ.പിയുടെ സമര പരിപാടികളില്‍ പ്രധാനസാന്നിദ്ധ്യമായിരുന്ന ശോഭാ സുരേന്ദ്രന്‍ പെട്ടെന്ന് ഇവിടങ്ങളില്‍ നിന്നൊക്കെ വിട്ടുനില്‍ക്കുകയായിരുന്നു.ഒരുസമയത്ത് ബി.ജെ.പി അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ട പേരുകളില്‍ ഒന്നായിരുന്നു ഇവരുടേത്. എന്നാല്‍ കെ. സുരേന്ദ്രന് അധ്യക്ഷസ്ഥാനം നല്‍കിയ ബി.ജെ.പി ശോഭ സുരേന്ദ്രന് വൈസ് പ്രസിഡന്റ് സ്ഥാനമാണ് നല്‍കിയത്.
കെ. സുരേന്ദ്രന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി വന്നതിന് പിന്നാലെയാണ് ശോഭ പൊതുപരിപാടികളില്‍ നിന്ന് വിട്ടുനിന്നത്.ശോഭാ സുരേന്ദ്രന്റെ അസാന്നിദ്ധ്യത്തെക്കുറിച്ച് ചോദ്യങ്ങള്‍ വന്നതോടെ പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് ശോഭസുരേന്ദ്രന്‍ തുടരുന്നുവെന്നും അവരെ ആരും ഒഴിവാക്കിയിട്ടില്ലെന്നുമായിരുന്നു നേതൃത്വത്തിന്റെ ആദ്യ പ്രതികരണം.
ഏഴുമാസത്തിലേറെയായി ശോഭസുരേന്ദ്രന്‍ പൊതുരംഗത്ത് സജീവമാകാത്തിന് കാരണം അവരോട് തന്നെ ചോദിക്കണമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക