|

നദ്ദ ഇടപെട്ടിട്ടും രക്ഷയില്ല; സുരേന്ദ്രനെതിരെ മോദിയെ കണ്ട് ശോഭാ സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ സംഘടനാ പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ഇടപെട്ടിട്ടും പ്രശ്‌നത്തിന് പരിഹാരമാകാത്ത സാഹചര്യത്തില്‍ നരേന്ദ്ര മോദി ഇടപെടണമെന്നാണ് ശോഭാ സുരേന്ദ്രന്റെ ആവശ്യം. ഇതോടെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ ബി.ജെ.പിയിലെ തര്‍ക്കങ്ങള്‍ പുതിയ തലത്തിലേക്ക് പരസ്യമായി നീങ്ങുകയാണ്.

നാളെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ശോഭ ഉന്നയിച്ച പ്രശ്‌നങ്ങള്‍ സംസ്ഥാന നേതാക്കളുമായി ചര്‍ച്ച ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.

പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ കാരണം പൊതുവേദിയില്‍ നിന്ന് മാറിനിന്ന ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞയാഴ്ചയാണ് ജെ.പി നദ്ദ പങ്കെടുക്കുന്ന ബി.ജെ.പി ഭാരവാഹി യോഗത്തില്‍ പങ്കെടുത്തത്. അന്ന് സംഘടനാ പ്രശ്‌നവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് ശോഭാ സുരേന്ദ്രന്‍ മറുപടി നല്‍കിയിരുന്നില്ല. ദേശീയ അധ്യക്ഷന്‍ പറഞ്ഞതില്‍ കൂടുതലൊന്നും വിഷയത്തില്‍ തങ്ങള്‍ക്ക് പറയാനില്ലെന്നാണ് ശോഭാ സുരേന്ദ്രന്‍ അന്ന് പറഞ്ഞിരുന്നത്.

ബി.ജെ.പിയുടെ സമര പരിപാടികളില്‍ പ്രധാനസാന്നിദ്ധ്യമായിരുന്ന ശോഭാ സുരേന്ദ്രന്‍ പെട്ടെന്ന് ഇവിടങ്ങളില്‍ നിന്നൊക്കെ വിട്ടുനില്‍ക്കുകയായിരുന്നു.ഒരുസമയത്ത് ബി.ജെ.പി അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ട പേരുകളില്‍ ഒന്നായിരുന്നു ഇവരുടേത്. എന്നാല്‍ കെ. സുരേന്ദ്രന് അധ്യക്ഷസ്ഥാനം നല്‍കിയ ബി.ജെ.പി ശോഭ സുരേന്ദ്രന് വൈസ് പ്രസിഡന്റ് സ്ഥാനമാണ് നല്‍കിയത്.

കെ. സുരേന്ദ്രന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി വന്നതിന് പിന്നാലെയാണ് ശോഭ പൊതുപരിപാടികളില്‍ നിന്ന് വിട്ടുനിന്നത്.
ശോഭാ സുരേന്ദ്രന്റെ അസാന്നിദ്ധ്യത്തെക്കുറിച്ച് ചോദ്യങ്ങള്‍ വന്നതോടെ പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് ശോഭസുരേന്ദ്രന്‍ തുടരുന്നുവെന്നും അവരെ ആരും ഒഴിവാക്കിയിട്ടില്ലെന്നുമായിരുന്നു നേതൃത്വത്തിന്റെ ആദ്യ പ്രതികരണം.

ഏഴുമാസത്തിലേറെയായി ശോഭസുരേന്ദ്രന്‍ പൊതുരംഗത്ത് സജീവമാകാത്തിന് കാരണം അവരോട് തന്നെ ചോദിക്കണമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Shobha Surendran Meets Narendra Modi