തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ പൂതനാ പരാമര്‍ശം ആവര്‍ത്തിച്ച് കഴക്കൂട്ടത്തെ ബി.ജെ.പി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍.
പൂതന എന്ന് വിളിച്ചതില്‍ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അധികാര ദണ്ഡ് ജനം ഏറ്റെടുക്കുന്ന നിമിഷം കടകംപള്ളിയെന്ന പൂതനയ്ക്ക് മോക്ഷം കിട്ടുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
പൂതന എന്ന വാക്ക് അറിയാത്തവരായി മലയാളികള്‍ ആരും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നില്ല. സുന്ദരി വേഷത്തില്‍ കൃഷ്ണനെ കൊല്ലാനാണ് പൂതന വന്നത്. പൂതന മോക്ഷം കഴക്കൂട്ടത്തിലെ ജനങ്ങള്‍ കടകംപള്ളി സുരേന്ദ്രന് നല്‍കണമെന്നാണ് ഞാന്‍ പറഞ്ഞത്. അതില്‍ ഉറച്ച് നില്‍ക്കുന്നു, ശോഭ സുരേന്ദ്രന്‍ പറഞ്ഞു,
കടകംപള്ളി സുരേന്ദ്രനെതിരായ പൂതന പ്രയോഗം തിരുത്തില്ലെന്ന് നേരത്തെയും ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. അയ്യപ്പ വിശ്വാസികളെ ദ്രോഹിക്കാന്‍ വന്ന പൂതനയാണ് കടകംപള്ളി സുരേന്ദ്രനെന്നും കഴക്കൂട്ടത്തെ വിശ്വാസികള്‍ കൃഷ്ണന്‍മാരായി മാറുമെന്നും കടകംപള്ളിയുടെ ഖേദപ്രകടനം വീണിടത്തു കിടന്ന് ഉരുളല്‍ ആണെന്നും ശോഭ പറഞ്ഞു.
‘അധികാരത്തിന്റെ ദണ്ഡ് കടകംപള്ളിയില്‍ നിന്ന് ജനാധിപത്യപരമായി കഴക്കൂട്ടത്തെ ജനങ്ങള്‍ ഏറ്റെടുക്കുന്നുവോ, അന്ന് കടകംപള്ളിയാകുന്ന പൂതനയ്ക്ക് മോക്ഷം കിട്ടും. ആ മോക്ഷം നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പെട്ടിപൊളിക്കുമ്പോള്‍ ഉണ്ടാകും” ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
തനിക്കെതിരെ കടംകപള്ളി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത് പരാജയ ഭീതികൊണ്ടാണെന്നും ഉപ്പുതിന്ന കടംകപള്ളി വെള്ളം കുടിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.