| Saturday, 27th February 2021, 12:12 pm

വിജയയാത്രയില്‍ പോരടിച്ച് ശോഭയും കെ.സുരേന്ദ്രനും; മുസ്‌ലിം ലീഗിനെ ക്ഷണിച്ചത് ബി.ജെ.പി നിലപാടെന്ന് ശോഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുസ്‌ലിം ലീഗിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്ന നിലപാട് ആവര്‍ത്തിച്ച് ശോഭ സുരേന്ദ്രന്‍. താന്‍ പറഞ്ഞത് ബി.ജെ.പിയുടെ നിലപാടാണെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയായ വിജയയാത്രയില്‍ ശോഭ സുരേന്ദ്രന്‍ പറഞ്ഞത്. ഇതോടെ മുസ്‌ലിം ലീഗിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ബി.ജെ.പിയില്‍ തര്‍ക്കം ശക്തമാവുകയാണ്.

തന്റെ നിലപാടില്‍ തെറ്റില്ല. വര്‍ഗീയ നിലപാട് തിരുത്തിവന്നാല്‍ ലീഗിനെ ഉള്‍ക്കൊള്ളും. മോദിയുടെ നയം സ്വീകാര്യമെന്ന് പറഞ്ഞാല്‍ ബി.ജെ.പി ലീഗിനെ ഉള്‍ക്കൊള്ളുമെന്ന് ശോഭ പറഞ്ഞു. ജമ്മു കശ്മീരിലെ നാഷ്ണല്‍ കോണ്‍ഫറന്‍സ് സഖ്യത്തെയും ശോഭ ഓര്‍മ്മിപ്പിച്ചു.

കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്നും ലീഗിന് സി.പി.ഐ.എമ്മിനോട് സഹകരിക്കാനാവില്ലെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കെ.മുരളീധരനുള്ള മറുപടിയാണെന്ന് പറഞ്ഞാണ് ശോഭ സുരേന്ദ്രന്‍ മുസ്‌ലിം ലീഗിനെ കുറിച്ചുള്ള നിലപാട് ആവര്‍ത്തിച്ചത്. ബി.ജെ.പിയില്‍ ഒരു സ്ഥാനവുമില്ലാത്ത ശോഭ സുരേന്ദ്രന്‍ മുസ്‌ലിം ലീഗിനെ സ്വാഗതം ചെയ്ത സംഭവം ഗൗരവമായി എടുക്കേണ്ടതില്ലെന്ന് കെ.മുരളീധരന്‍ പറഞ്ഞിരുന്നു.

അതേസമയം മുസ്‌ലിം ലീഗിനെ കുറിച്ചുള്ള ശോഭ സുരേന്ദ്രന്റെ നിലപാട് തള്ളിക്കൊണ്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇന്ന് രാവിലെയും മുസ്‌ലിം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് സുരേന്ദ്രന്‍ സംസാരിച്ചിരുന്നു.

രാജ്യത്തെ വിഭജിച്ച പാര്‍ട്ടിയാണ് ലീഗെന്നും മുസ്‌ലീം ലീഗുമായി ഒരു ഒത്തുതീര്‍പ്പും സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. വിജയയാത്രയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം ശോഭ സുരേന്ദ്രന്‍ നടത്തിയ പ്രസ്താവനക്ക് പിന്നാലെയാണ് മുസ്‌ലിം ലീഗിനെ ചൊല്ലി ബി.ജെ.പിയില്‍ തര്‍ക്കം ആരംഭിച്ചത്.
ക്രൈസ്തവ, മുസ്‌ലിം സമുദായത്തോട് ബി.ജെ.പിക്ക് യാതൊരു വിരോധവുമില്ലെന്നും മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്യുന്നെന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രസ്താവന.

മുസ്ലിം ലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും എന്നാല്‍ മുസ്ലിം ലീഗ് ദേശീയധാര അംഗീകരിച്ച് എന്‍.ഡി.എയോടൊപ്പം വരാന്‍ തയ്യാറായാല്‍ സ്വീകരിക്കുമെന്നുമായിരുന്നു ശോഭ പറഞ്ഞത്. കശ്മീരില്‍ ബി.ജെ.പി. അവിടുത്തെ പി.ഡി.പിയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്നും ശോഭ പറഞ്ഞിരുന്നു.

എന്നാല്‍ തൊട്ടുപിന്നാലെ തന്നെ ശോഭ സുരേന്ദ്രനെ തള്ളി കെ. സുരേന്ദ്രന്‍ രംഗത്തെത്തി. മുസ്‌ലിം ലീഗിനോട് സി.പി.ഐ.എമ്മിന് മൃദു സമീപനമാണ്. കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട പരിഗണന മുസ്‌ലിം ലീഗ് നല്‍കുന്നില്ല. യു.ഡി.എഫില്‍ മുസ്‌ലിം ലീഗ് കൂടുതല്‍ സീറ്റുകള്‍ സമ്മര്‍ദ്ദത്തിലൂടെ നേടാന്‍ ശ്രമിക്കുകയാണ്. ഇതുവരെ കിട്ടിയ ഒരു സീറ്റു പോലും ലീഗ് വിട്ടുകൊടുത്തിട്ടില്ല. ഇതൊന്നും യു.ഡി.എഫിലെ ആഭ്യന്തര പ്രശ്നം മാത്രമായി കാണാനാവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Shobha Surendran and K Surendran quarrel over inviting Muslim League to BJP

We use cookies to give you the best possible experience. Learn more