| Tuesday, 25th April 2017, 9:10 am

'നിങ്ങള്‍ക്ക് മണി അത്ര വലിയവനാണെങ്കില്‍ നിങ്ങളുടെ വീടുകളില്‍ കൊണ്ടു പോയി താമസിപ്പിച്ചോളൂ'; മണിയെ ന്യായീകരിക്കുന്ന സ്ത്രീ തോട്ടം തൊഴിലാളികളോട് ശോഭാ സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൂന്നാര്‍: പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി എം.എം മണിയെ ന്യായീകരിച്ച സ്ത്രീകളായ തോട്ടെ തൊഴിലാളികള്‍ക്കെതിരെ ശോഭാ സുരേന്ദ്രന്‍. റിപ്പോര്‍ട്ടര്‍ ചാനലിലെ എന്റെ ചോര തിളയ്ക്കുന്നു എന്ന പരിപാടിയിലായിരുന്നു ശോഭ സുരേന്ദ്രന്റെ വിവാദ പരാമര്‍ശം. “നിങ്ങള്‍ക്ക് അയാള്‍ അത്ര വലിയവനാണെങ്കില്‍ നിങ്ങളുടെ വീടുകളിലേക്ക് അയാളെ കൊണ്ട് പോകൂ”. എന്നായിരുന്നു മണിയെ പിന്തുണച്ച തോട്ടം തൊഴിലാളികളോടായി ശോഭ സുരേന്ദ്രന്‍ പറഞ്ഞത്. സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ ശക്തമായി വാദിക്കുന്ന ശോഭ തന്നെ ഇത്ര സ്ത്രീ വിരുദ്ധമായ പ്രയോഗം നടത്തിയതിനെതിരെ വ്യാപക പ്രതിഷേധം സോഷ്യല്‍ മീഡിയയിലും മറ്റും ഉയര്‍ന്നിട്ടുണ്ട്.

മന്ത്രി മണി പുറത്തിറങ്ങിയാല്‍ കരണക്കുറ്റിക്ക് അടിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു ശോഭാ സുരേന്ദ്രന്‍. അമ്മമാരെ പറഞ്ഞ മണിയുടെ കരണമടിച്ച് പൊളിക്കാന്‍ ധൈര്യമുള്ള അമ്മമാര്‍ കേരളത്തിലുണ്ടെന്നും ശോഭ പറഞ്ഞു. തന്റേടമുണ്ടെങ്കില്‍ മൂന്നാറിലെ സമരഭൂമിയില്‍ വരാനും അവര്‍ മണിയെ വെല്ലുവിളിച്ചു. മണിയുടെ കരണക്കുറ്റിക്ക് അടിക്കുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് തടയാകാനാകില്ലെന്നും അവര്‍ പ്രഖ്യാപിച്ചു. മണിയെ നടച്ചങ്ങലയ്ക്കിട്ടും മണിച്ചിത്രത്താഴുമിട്ട് പൂട്ടുമെന്നും ശോഭ മൂന്നാറില്‍ പറഞ്ഞു. ഇടുക്കി വിട്ട് മണിയെ പുറത്തിറക്കില്ലെന്നും ഇനി എവിടെയും അദ്ദേഹം ഇറങ്ങിനടക്കില്ലെന്നും അവര്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാകൃഷ്ണനെതിരേയും ശോഭ സുരേന്ദ്രന്‍ ആരോപണങ്ങളുമായി രംഗത്തെത്തി. കോടിയേരിക്കും പിണറായിക്കും ബിനാമി പേരില്‍ ഭൂമി കയ്യേറ്റം ഉണ്ടെന്നായിരുന്നു എന്നായിരുന്നു ശോഭ സുരേന്ദ്രന്‍ ഉന്നയിച്ച ഗുരുതര ആരോപണം. എംഎം മണി ഈ വമ്പന്മാരുടെ കാവല്‍ക്കാരനാണെന്നും മണിയെ തൊട്ടാല്‍ പിണറായിക്ക് പൊള്ളുമെന്നും അവര്‍ പറഞ്ഞു.


Also Read: ‘ഡി.എന്‍.എ ടെസ്റ്റ് പറയുന്നു ഞാന്‍ 16.66 ശതമാനം ഹിന്ദുവാണ്’; വൈറലായി നവാസുദ്ദീന്‍ സിദ്ദീഖിയുടെ വീഡിയോ


മന്ത്രിയുടെ പ്രസ്താവന പൊമ്പിളൈ ഒരുമൈക്കെതിരെയുള്ളതല്ല. എല്ലാ പൊതുപ്രവര്‍ത്തകര്‍ക്കെതിരെയുമുള്ള ആക്ഷേപമാണെന്നും അവര്‍ പറഞ്ഞു. സമരക്കാര്‍ മറ്റുള്ളവര്‍ക്കാപ്പം ഇടുക്കിയിലെ വിഷയത്തില്‍ നിങ്ങളെന്തിന് സമരത്തിന് വന്നെന്ന ചോദ്യത്തിന് ഇടുക്കി ആരുടെയും കുടുംബസ്വത്തല്ലല്ലോ എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി. മണിയാശാന്‍ പറഞ്ഞ വൃത്തികേടിന് മറുപടി പറയാനാണ് വന്നത്. ഇടുക്കി മാര്‍ക്‌സിസ്റ്റുകാര്‍ക്ക് പട്ടയം കിട്ടിയതാണോ എന്നും അവര്‍ ചോദിച്ചു.

ഇത് സാസ്‌കാരിക കേരളത്തിനേറ്റ മുറിപ്പാടാണ്. മന്ത്രിയുടെ ശരിരഭാഷ ശരിയല്ല, ആംഗ്യം ശരിയല്ല. പ്രായമായ പെണ്‍മക്കളുള്ളയാള്‍ ഇങ്ങനെ പറയുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more