| Tuesday, 24th January 2017, 9:39 am

കോടിയേരിയുടെ വീട്ടുപടിക്കലും പിണറായി പഞ്ചായത്തിലും കാവിക്കൊടി കുത്തും: ആണായി വന്ന് നേരിട്ട് പോര് നടത്താന്‍ കോടിയേരി തയ്യാറുണ്ടോയെന്നും ശോഭാ സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സി.പി.ഐ.എം നേതാക്കളും കോടിയേരി ബാലകൃഷ്ണനും വിചാരിച്ചാല്‍ അവസാനിക്കുന്നതാണ് സംസ്ഥാനത്തെ അക്രമ രാഷ്ട്രീയമെന്നും എന്നാല്‍ ക്രിമിനലുകളെ വേട്ടയാടാന്‍ വിട്ട് നേതാക്കള്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍.

സി.പി.ഐ.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ കോഴിക്കോട് കമ്മിഷണര്‍ ഓഫീസിലേക്കു നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ശോഭാസുരേന്ദ്രന്‍.

നേതാക്കളുമായി ദ്വന്ദയുദ്ധത്തിന് തയ്യാറാണെങ്കില്‍ ആണായി വന്ന് പോരിന് സ്ഥലവും തിയതിയും സമയവും കുറിക്കാന്‍ കോടിയേരിയോട് ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഉറങ്ങിക്കിടക്കുന്നവരുടെയും ജോലികഴിഞ്ഞ് വരുന്ന സാധാരണപ്രവര്‍ത്തകരുടെയും ചോരകുടിക്കേണ്ട. കിര്‍മാണിമാര്‍ക്കും കൊടിസുനിമാര്‍ക്കും ക്വട്ടേഷന്‍ കൊടുക്കേണ്ട. വേണമെങ്കില്‍ അങ്കച്ചേകവരുടെ നാടായ കണ്ണൂരിലേക്ക് വരാമെന്നും ശോഭാസുരേന്ദ്രന്‍ പറഞ്ഞു.


വളയിട്ട കൈകളെക്കൊണ്ട് ആയുധമെടുപ്പിക്കരുത്. അക്രമം പേടിച്ച് ഞങ്ങള്‍ കോണ്‍ഗ്രസുകാരെപ്പോലെ മുട്ടിലിഴയില്ല. നട്ടെല്ലില്ലാത്ത ആണുങ്ങളുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പ്രതിപക്ഷനേതാവിന്റെ കാലില്‍ പാദസരമാണെന്നും അവര്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ ബ്യൂട്ടിപാര്‍ലറില്‍പോയി മുഖം മിനുക്കി മാദ്ധ്യമങ്ങള്‍ക്കു മുന്നില്‍ പ്രസ്താവന നടത്തുകയാണെന്നും കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഭരണം നടത്തിയ കോണ്‍ഗ്രസിന് ജനാധിപത്യം സംരക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

പാര്‍ട്ടി സെക്രട്ടറിയായിട്ടാണ് പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയിലേക്ക് അദ്ദേഹം ഇനിയും ഉയര്‍ന്നിട്ടില്ല.

സംസ്ഥാനത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളിലെ പ്രതികള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാലില്‍ തടഞ്ഞതുപോലെ രാജ്യവ്യാപകമായി തടയുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

അക്രമ രാഷ്ട്രീയം തെറ്റാണെന്ന് പറഞ്ഞ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിവേകമെങ്കിലും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കാണിക്കണം. ജാതക ദോഷമുള്ള പാര്‍ട്ടിയാണ് സി.പി.എം. അതുകൊണ്ടുതന്നെ അഞ്ചുവര്‍ഷം തികയ്ക്കില്ല.

ക്രമസമാധാന പാലനത്തിന് ഉത്തരവാദിത്തമുള്ള പിണറായി വിജയന്‍ ധര്‍മ്മടത്ത് നടന്ന കൊലപാതകത്തിന്റെ ഉത്തരവാദിത്തമേല്‍ക്കണം. കോടിയേരിയുടെ വീട്ടുപടിക്കലും പിണറായി പഞ്ചായത്തിലും കാവിക്കൊടി കുത്തുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ജീവിക്കാനും പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനും സി.പി.ഐ.എമ്മിനു മുന്നില്‍ യാചിക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും തയ്യാറല്ല. അക്രമം വ്യാപിപ്പിക്കാനാണ് നീക്കമെങ്കില്‍ പ്രതിരോധം രാജ്യത്തെങ്ങുമുയര്‍ത്തേണ്ടിവരും. ഈ നീക്കം സി.പി.ഐ.എമ്മിന് ആപത്ത് വരുത്തിവെക്കുമെന്ന്് ഓര്‍ക്കണമെന്നും ശോഭാ സുരേന്ദ്രന്‍ പറയുന്നു.

ഫെഫ്ക്ക എന്ന സംഘടനയുടെ നാവ് സി.പി.ഐ.എമ്മിന് പണയം വച്ചിരിക്കുകയാണെന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഉലുവക്കഷായംവെച്ചുകൊടുക്കലാണ് ഫെഫ്കയുടെ പണിയെന്നും ശോഭാസുരേന്ദ്രന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more