| Friday, 5th February 2021, 5:24 pm

സുധാകരന്‍ നടത്തിയത് കടുത്ത ജാതി അധിക്ഷേപം; കെ.സുരേന്ദ്രന്റെ പ്രസ്താവനയെ തള്ളി ശോഭ സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നടത്തിയത് ജാതീയ അധിക്ഷേപമല്ലെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്താവനയെ തള്ളി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. കെ സുധാകരന്‍ നടത്തിയത് കടുത്ത ജാതി അധിക്ഷേപമാണെന്നായിരുന്നു ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്. എന്നാല്‍ കെ സുധാകരനെ തിരുത്തിക്കാന്‍ സി.പി.ഐ.എമ്മിന് അര്‍ഹതയുണ്ടോ എന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു.

പിണറായി വിജയനെതിരെ ജാതീയ അധിക്ഷേപം നടത്തിയ കെ. സുധാകരനെ പിന്തുണച്ചായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്തെത്തിയത്. ചെത്തുകാരന്റെ മകന്‍ എന്ന പരാമര്‍ശം ജാതീയ അധിക്ഷേപമായി ബി.ജെ.പി കണക്കാക്കുന്നില്ലന്നായിരുന്നു വാര്‍ത്താ സമ്മേളനം വിളിച്ച് സുരേന്ദ്രന്‍ പറഞ്ഞത്.

‘ചെത്തുകാരന്‍ അത്ര മോശം തൊഴിലല്ലെന്നും ചെത്തുകാരന്റെ മകന്‍ എന്നത് ദുരഭിമാനമായി കരുതേണ്ടന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. പിണറായി വിജയന്‍ എത്രപേരെ അധിക്ഷേപിക്കുന്നുണ്ടെന്നും കെ. സുധാകരനെ പിന്തുണച്ച് കൊണ്ട് സുരേന്ദ്രന്‍ ചോദിച്ചിരുന്നു. എന്നാല്‍ സുധാകരന്‍ നടത്തിയത് കടുത്ത ജാതീയ അധിക്ഷേപം തന്നെയാണെന്നാണ് ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്കിലെഴുതിയത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കെ. സുധാകരന്‍ നടത്തിയത് കടുത്ത ജാതി അധിക്ഷേപമാണ് എന്നു മനസ്സിലാക്കാന്‍ കാലടി സര്‍വ്വകലാശാലയിലെ മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ആകണമെന്നൊന്നുമില്ല. പക്ഷേ കെ. സുധാകരനെ തിരുത്തിക്കാന്‍ സി.പി.ഐ.എമ്മിന് അര്‍ഹതയുണ്ടോ എന്നതാണ് ന്യായമായ ചോദ്യം.

ആ അര്‍ഹത കേവലം പിണറായി വിജയന്റെ തന്നെ മാടമ്പി സ്വഭാവമുള്ള പ്രസ്താവനകള്‍ കൊണ്ട് നഷ്ടപ്പെട്ടതല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഘടന മുതല്‍ അവര്‍ പുലര്‍ത്തുന്ന മനുഷ്യത്വരഹിതമായ വിവേചനം കൊണ്ടാണ് കെ. സുധാകരനെ തിരുത്തുന്നതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ധാര്‍മികമായി അവകാശമില്ല എന്ന് ഞാന്‍ കരുതുന്നത്.

ഇ.കെ നായനാരെ മുഖ്യമന്ത്രിയാക്കാന്‍ വി.എസ് അച്യുതാനന്ദനെയും കെ.ആര്‍ ഗൗരിയമ്മയെയും മാറ്റിനിര്‍ത്തിയത് മുതല്‍ ഭരിച്ച സംസ്ഥാനങ്ങളിലെല്ലാം അധികാരസ്ഥാനങ്ങളില്‍ പിന്നാക്കക്കാരെ തഴഞ്ഞ പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റുകാര്‍ക്കുള്ളത്.

ഈഴവനായ തനിക്ക് എങ്ങനെയാണ് ഈഴവനായ മുഖ്യമന്ത്രിയെ അപമാനിക്കാന്‍ കഴിയുക എന്നതാണ് സുധാകരന്റെ മറുവാദം. ഈഴവനായ മുഖ്യമന്ത്രി സംസ്ഥാനം ഭരിക്കുമ്പോള്‍ മൂന്നുനാല് നിറത്തിലുള്ള ഗോളം വരച്ച്, ഗുരുദേവന്റെ ചിത്രം ഒഴിവാക്കി, ശ്രീ നാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ലോഗോ ഉണ്ടാക്കിയ നാടാണ്. അതിനെതിരെ പ്രതിഷേധിക്കാന്‍ അന്നു സംഘപരിവാര്‍ സംഘടനകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതും ഈ നാട് കണ്ടതാണ്. അപ്പോള്‍ ഈഴവര്‍ക്ക് ഈഴവരെ അധിക്ഷേപിക്കാന്‍ കഴിയും എന്നതാണ് സമീപകാല ചരിത്രം.

കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും അവരുടെ പാര്‍ട്ടികളുടെ മാടമ്പി സ്വഭാവത്തിനു പുറത്തേക്ക് വളരാന്‍ കഴിയാത്തതിനാല്‍ ഈഴവനായ ഒരാള്‍ ഈ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ മാടമ്പി ആകും എന്നല്ലാതെ ഈഴവ സ്വത്വത്തില്‍ നിലനില്‍ക്കാനാവില്ല. എന്നാല്‍ സംഘപരിവാര്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം വ്യത്യസ്തമാണ്. ഒരു വ്യക്തി ബി.ജെ.പിക്കാരന്‍ ആയിരിക്കെ അയാളുടെ സാമൂഹ്യ സ്വത്വത്തെ നിലനിര്‍ത്താന്‍ കഴിയുന്ന തരത്തിലാണ് ബി.ജെ.പി രൂപപ്പെട്ടിരിക്കുന്നത്. അതുകൊണ്ടാണ് ഇത്രയധികം ജാതികളും മതങ്ങളും സമുദായങ്ങളും ഉള്ള ഇന്ത്യയില്‍ ബി.ജെ.പിക്ക് സ്വാധീനമുണ്ടാക്കാന്‍ കഴിയുന്നത്. ബി.ജെ.പി ആരുടെയും മതത്തെയോ ജാതിയെയോ ഇല്ലാതാക്കി കളയുന്നില്ല പ്രത്യുത അവയെ കൂടി സ്വാംശീകരിച്ച് രാഷ്ട്ര നിര്‍മ്മാണത്തിന് പ്രയോജനപ്പെടുത്തുകയാണ്. കേരളത്തിലെ പിന്നാക്ക വിഭാഗക്കാര്‍ എങ്കിലും മനസ്സിലാക്കേണ്ട സത്യം അതാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Shobha Surendran Against K Surendran On Sudhakaran Issue

Latest Stories

We use cookies to give you the best possible experience. Learn more