| Wednesday, 12th April 2023, 7:02 pm

മുരളീധരന്റെ പെട്ടിപിടിക്കുന്നത് കൊണ്ടാണ് സുരേന്ദ്രന്‍ നേതാവായത്; ഒന്നുകില്‍ എന്നെ പുറത്താക്കൂ, അല്ലെങ്കില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ: ശോഭാ സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചിയില്‍ നടന്ന ബി.ജെ.പി സംസ്ഥാന ഭാരവാഹി യോഗത്തില്‍ വൈകാരിക പ്രസംഗവുമായി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. ഒന്നുകില്‍ തന്നെ പുറത്താക്കുക, അല്ലെങ്കില്‍ പ്രവര്‍ത്തിക്കാനനുവദിക്കുകയെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന ബി.ജെ.പിയുടെ ചുമതലയുള്ള പ്രകാശ് ജാവദേക്കറിനെയും സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനെയും കേന്ദ്ര മന്ത്രി വി.മുരളീധരനെയും വേദിയിലിരുത്തിയാണ് ശോഭാ സുരേന്ദ്രന്‍ രൂക്ഷ വിമര്‍ശനം നടത്തിയത്.

‘കേരളത്തില്‍ മാറ്റം കൊണ്ടുവരാന്‍ ദേശീയ നേതൃത്വം പണിയെടുക്കുമ്പോള്‍ സംസ്ഥാന നേതൃത്വം പണിയെടുക്കുന്നവരെ പുറത്താക്കുകയാണ്. വി.മുരളീധരന്‍ വരുന്നതിന് മുമ്പ് താന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. രണ്ട് തവണ മഹിളാ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷയാക്കി തന്നെ വട്ടംചുറ്റിച്ചു.

ദേശീയ രാഷ്ട്രീയത്തില്‍ അഞ്ചംഗ സമിതിയില്‍ അംഗമായപ്പോള്‍ കേരളത്തില്‍ സേവനം വേണമെന്ന് ആവശ്യപ്പെട്ട് തിരിച്ചു വിളിച്ചു. എന്നിട്ട് വൈസ് പ്രസിഡന്റാക്കി, എന്നാല്‍ ഒരു ജില്ലയുടെ പോലും ചുമതല നല്‍കിയില്ല. അമിത് ഷാ തന്റെ സ്വന്തം ജില്ലയായ തൃശ്ശൂരില്‍ വന്നപ്പോള്‍ വേദിയില്‍ മറ്റ് വൈസ് പ്രസിഡന്റുമാരെയും വക്താവിനും സ്ഥാനം നല്‍കിയപ്പോള്‍ തന്നെ സദസില്‍ ഇരുത്തി.

ഒന്നുകില്‍ പുറത്താക്കുക, അല്ലെങ്കില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക. വി.മുരളീധരന് വേണ്ടിയാണ് തന്നെ ക്രൂശിച്ചത്, പൊതു സമൂഹത്തില്‍ അപമാനിച്ചത്. അമിത് ഷായുടെ പരിപാടിയില്‍ പങ്കെടുപ്പിക്കാതിരുന്നത് ദേശീയ നേതൃത്വത്തിന്റെ ആഗ്രഹപ്രകാരമാണെന്നാണ് പറയുന്നത്. ജാവദേക്കറിനെ കൊണ്ട് പറയിപ്പിക്കുന്നത് വി.മുരളീധരനാണ്. സദസ്സില്‍ ആരുണ്ടാവണമെന്ന് ലിസ്റ്റ് കൊടുക്കുന്നത് സംസ്ഥാന അദ്ധ്യക്ഷനാണ്,’ ശോഭാ സുരേന്ദ്രന്‍ പറഞ്ഞതായി റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്തു.

മുരളീധരനുമായി ചേര്‍ന്ന് നില്‍ക്കുന്നത് കൊണ്ടാണ് കെ.സുരേന്ദ്രന്‍ നേതാവായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘വി.മുരളീധരന്റെ പെട്ടിപിടിക്കുന്നത് കൊണ്ടാണ് കെ.സുരേന്ദ്രന്‍ നേതാവായത്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ആളാണ് കെ.സുരേന്ദ്രന്‍. വേണമെങ്കില്‍ തന്നെ പുറത്താക്കാം, എന്നാല്‍ സര്‍വ്വതും താന്‍ മാധ്യമങ്ങളുടെ മുമ്പില്‍ വിളിച്ചു പറയും. 90000ല്‍ നിന്ന് 2.5 ലക്ഷം വോട്ടിലേക്ക് താനെത്തിച്ച മണ്ഡലത്തിലെ ഒരു പരിപാടിയിലും തന്നെ പങ്കെടുപ്പിക്കുന്നില്ല. തനിക്കൊഴിച്ച് ബാക്കിയെല്ലാ വൈസ് പ്രസിഡന്റുമാര്‍ക്കും ഉത്തരവാദിത്തങ്ങള്‍ നല്‍കി’, ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം ബി.ജെ.പി കോര്‍ കമ്മിറ്റിയില്‍ ശോഭാ സുരേന്ദ്രനെ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ബി.ജെ.പി കോര്‍കമ്മിറ്റിയില്‍ സ്ത്രീ പ്രാതിനിധ്യം ഉണ്ടായതില്‍ സന്തോഷമുണ്ടെന്നാണ് കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്. സുരേന്ദ്രന്‍ പ്രസിഡന്റ് ആയതിന് ശേഷം ഒരു കോര്‍ കമ്മിറ്റിയിലും താന്‍ അംഗമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

content highlight: shobha surendran against k surendran and v muraleedharan

We use cookies to give you the best possible experience. Learn more